ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരിൽ പാക് സ്വദേശിയായ മുതിര്‍ന്ന കമാന്‍ഡറടക്കം രണ്ട് ലഷ്‌കര്‍ തീവ്രവാദികള്‍. സുരക്ഷാസേനയ്ക്ക് നേര്‍ക്ക് നിരവധി ആക്രമണങ്ങള്‍ അടുത്തിടെ നടത്തിയ അവര്‍ ഓള്‍ഡ് ബാര്‍സുള്ള മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്ഥാനിയാണെന്നും ഇയാള്‍ ലഷ്‌കറെ തോയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറാണെന്നും ഡി.ജി.പി ദില്‍ബാഗ് സിംഗ് വ്യക്തമാക്കി.
സൈഫുള്ളാ എന്നാണ് ഇയാളുടെ പേരെന്നും ഡി.ജി.പി അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ ശ്രീനഗര്‍ നഗരത്തില്‍ മാത്രം എട്ട് ഏറ്റുമുട്ടലുകള്‍ നടന്നതായും 18 ഭീകരര്‍ കൊല്ലപ്പെട്ടതായും ഡി.ജി.പി വ്യക്തമാക്കി. ‘പാകിസ്ഥനില്‍ നിന്നുള്ള മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറായ സൈഫുള്ള ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു. ഇവിടെ നവ്ഗ്രാം, ചദൂറാ, കാണ്ടിസാല്‍ എന്നിവിടങ്ങളില്‍ സുരക്ഷാ സേനയ്ക്കു നേര്‍ക്ക് ഇയാള്‍ തുടര്‍ച്ചയായി മൂന്ന് ആക്രമണങ്ങളാണ് നടത്തിയത്.’ ഡി.ജി.പി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
read also: 1,300 മൈല്‍ വേഗതയില്‍ പറക്കുന്ന യുദ്ധവിമാനത്തിന്‍റെ മേല്‍ക്കൂരയില്ലാത്ത കോക്ക്പിറ്റിൽ പൈലറ്റ്
ശ്രീനഗര്‍ പ്രദേശത്തു തന്നെ ഇയാളുടെ നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ സുരക്ഷാസേന പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ രാവിലെ 7.45ന് തീവ്രവാദികള്‍ സേനയ്ക്കു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്ന് സൈന്യത്തിന്റെ തിരിച്ചടിയിൽ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെടുകയായിരുന്നു.
Discussion about this post