ശ്രീനഗർ : ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ ബൈഡയറക്ഷണൽ തുരങ്കപാതയുടെ പണി സോജില ചുരത്തിൽ ആരംഭിച്ചു. ആറായിരം കോടിയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന തുരങ്കപാത ശ്രീനഗറിൽ നിന്നും ലേയിലേക്കുള്ള യാത്രാസമയം വെറും 15 മിനുട്ടായി കുറയ്ക്കും. നിലവിൽ ഈ ദൂരം പൂർത്തിയാക്കാൻ മൂന്നരമണിക്കൂറെടുക്കും.
ശൈത്യകാലത്ത് കാർഗിൽ ശ്രീനഗർ ലേ പ്രദേശങ്ങൾ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഒഴിവാക്കാൻ തുരങ്കപാത സഹായിക്കും. പദ്ധതിപൂർത്തിയാക്കാൻ ഏഴുവർഷം സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 11578 അടി ഉയരത്തിലാണ് സോജില തുരങ്കം സ്ഥിതിചെയ്യുന്നത്.
ഒരേസമയം സൈനികവും സാമ്പത്തികവും തൊഴിൽപരവുമായ നേട്ടമുണ്ടാക്കുന്ന തുരങ്കപാതയാണിത്. വികസന സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന തുരങ്ക നിർമ്മാണം സൈനികമായി വളരെ വലിയ നേട്ടമാണ് നൽകുന്നത്. സൈനിക വാഹനങ്ങൾക്കും ആയുധങ്ങൾക്കും പെട്ടെന്ന് തന്നെ അതിർത്തി പ്രദേശത്തേക്ക് എത്താൻ ഇത് ഉപകരിക്കും. തന്ത്രപധാനമായ പദ്ധതിയായ സോജില പൂർത്തീകരിക്കുന്നത് ശക്തമായ അതിർത്തി സുരക്ഷയൊരുക്കാൻ ഇന്ത്യയെ സഹായിക്കും.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിദ്ധ്യത്തിലാണ് സോജില പണി ആരംഭിച്ചത്. കൊറോണ വ്യാപനമാണ് പണി താമസിക്കാൻ കാരണമായത്. ഇന്ത്യ അതിർത്തിയിൽ റോഡ് നിർമ്മിക്കുന്നതാണ് സംഘർഷത്തിന് കാരണമാകുന്നതെന്ന് ചൈനയുടെ പ്രസ്താവന വന്ന് ദിവസങ്ങൾക്കുള്ളിലാണ് പണി ആരംഭിച്ചത്.
Discussion about this post