ശ്രീനഗർ : കിഴക്കൻ ലഡാക്കിൽ അതിർത്തി കടന്ന് ഇന്ത്യൻ പ്രദേശത്തെത്തി പിടിയിലായ ചൈനീസ് സൈനികനെ വിട്ടയക്കും. പ്രാഥമിക അന്വേഷണത്തിനും ഔപചാരികമായുള്ള നടപടികൾക്കും ശേഷം ചൈനീസ് സൈനികനെ വിട്ടയയ്ക്കുമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ചൈനീസ് കോർപ്പറൽ വാംഗ് യ ലോംഗ് ആണ് അതിർത്തി കടന്നതിനെ തുടർന്ന് ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായത്.
തണുത്തുവിറച്ച് എത്തിയ സൈനികന് ആവശ്യമായ മരുന്നും കമ്പിളിപ്പുതപ്പും ഭക്ഷണവും നൽകിയെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. കിഴക്കൻ ലഡാക്കിലെ ഡെംചോകിൽ വച്ചാണ് ഇയാൾ പിടിയിലായത്. അതി ശൈത്യത്തെ തുടർന്ന് അവശനിലയിലായിരുന്നു ചൈനീസ് സൈനികനെന്നും ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു.
ഇന്ത്യയുടെ പിടിയിലായ ചൈനീസ് സൈനികനെ പറ്റി വിവരങ്ങൾ നൽകണമെന്ന് ചൈന അഭ്യർത്ഥിച്ചിരുന്നു. അന്താരാഷ്ട്ര സൈനിക നയതന്ത്ര മാനദണ്ഡങ്ങൾ അനുസരിച്ച് പ്രാഥമിക അന്വേഷണങ്ങൾക്കും നടപടികൾക്കും ശേഷം സൈനികനെ തിരികെ നൽകുമെന്ന് ഇന്ത്യ ചൈനയ്ക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.
ചാരപ്പണി ഉദ്ദേശിച്ചാണോ സൈനികൻ എത്തിയതെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ കൃത്യമായ ഐഡന്റിറ്റി കാർഡും മറ്റ് വിവരങ്ങളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. അബദ്ധത്തിൽ അതിർത്തി കടന്നെത്തുകയായിരുന്നെന്നാണ് നിഗമനം.
Discussion about this post