പൂച്ചയെപ്പോലെ പതുങ്ങിയെത്തും ; പുലിയെപ്പോലെ ശത്രുവിനെ കീഴ്പ്പെടുത്തി ആരുമറിയാതെ മടങ്ങും .. പിഴവില്ലാത്ത ചടുലമായ നീക്കങ്ങൾ.. ഇന്ത്യൻ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ നട്ടെല്ലായ സ്പെഷ്യൽ ഫോഴ്സ് -സർവത്ര സർവോത്തം സുരക്ഷ – നാഷണൽ സെക്യൂരിറ്റി ഗാർഡ് – എൻ.എസ്.ജി ദ ബ്ലാക്ക് ക്യാറ്റ്സ്
1984 ൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ബ്ലൂ സ്റ്റാർ ഓപ്പറേഷനു ശേഷമാണ് രാജ്യത്ത് നടക്കുന്ന ഭീകര പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ഒരു സ്പെഷ്യൽ ഫോഴ്സ് എന്ന ആശയം ഉയർന്നുവന്നത് .ഭീകരതക്കെതിരെ , ആഭ്യന്തര സുരക്ഷ പ്രധാന ദൗത്യമായി അങ്ങനെ നിലവിൽ വന്ന സ്പെഷ്യൽ സേനയാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ് . കറുത്ത വസ്ത്രങ്ങളും കറുത്ത മുഖംമൂടിയും കറുത്ത ഹെൽമറ്റും എല്ലാം ചേർന്ന് പൂർണമായും കറുപ്പിൽ മുങ്ങിയ ഈ കമാൻഡോ സംഘം ബ്ലാക് ക്യാറ്റ്സ് അഥവാ കരിമ്പൂച്ചകൾ എന്നും അറിയപ്പെടുന്നു. ജർമ്മനിയുടെ ജി.എസ്.ജി നയൻ , ബ്രിട്ടീഷ് സ്പെഷ്യൽ എയർ സർവീസിന്റെയും മാതൃകയിലാണ് എൻ.എസ്.ജി രൂപീകരിച്ചത്.
നൂറു ശതമാനം ഡെപ്യൂട്ടേഷനിലൂടെ മാത്രം എത്താൻ കഴിയുന്ന ഒരു കമാൻഡോ ഫോഴ്സാണ് എൻ.എസ്.ജി. ഇന്ത്യൻ ആർമി , സെൻട്രൽ ആംഡ് ഫോഴ്സസ്, ഇന്ത്യൻ പൊലീസ് സർവ്വീസ് എന്നീ സേനകളിൽ നിന്നാണ് എൻ.എസ്.ജി കമാൻഡോകളെ തെരഞ്ഞെടുക്കുന്നത്. ആഭ്യന്തരമായി ഉണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങൾ , തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന തട്ടിക്കൊണ്ടു പോകലുകൾ , ബോംബുകൾ നിർവീര്യമാക്കൽ തുടങ്ങി കരയിലും വെള്ളത്തിലും ആകാശത്തിലുമുള്ള ഹൈ ഗ്രേഡ് ഭീകരപ്രവർത്തനങ്ങളെ ഫലപ്രദമായി തകർക്കുക എന്നതാണ് നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ ലക്ഷ്യം. രാജ്യത്തെ പ്രമുഖരായ നേതാക്കളുടെ സുരക്ഷയും എൻ.എസ്.ജിയുടെ കൈകളിലാണ്.
പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായാണ് എൻ.എസ്.ജി കമാൻഡോകളെ സജ്ജീകരിച്ചിരിക്കുന്നത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് , സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പ് , സ്പെഷ്യൽ കോമ്പോസിറ്റ് ഗ്രൂപ്പ്. രണ്ട് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പാണ്െൻ.എസ്.ജിക്കുള്ളത്. 51 , 52 എസ്.എ.ജി എന്നാണ് അവ അറിയപ്പെടുന്നത്. ഇവർക്കൊപ്പം 11 സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പ് കൂടി ചേരുന്നതാണ്` നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ ഭീകരവിരുദ്ധ പോരാട്ട സേന. ഇതിൽ 51 എസ്.എ.ജിയും 11 എസ്.ആർ.ജിയുമാണ് ഭീകരവിരുദ്ധ പോരാട്ടം നടത്തുന്നത്. 52 എസ്.എ..ജി ഹൈജാക്കിംഗിനെ തടയുന്നതിൽ സ്പെഷ്യലൈസ് ചെയ്ത കമാൻഡോ ഗ്രൂപ്പാണ്. 51, 52 എസ്.എ.ജിയിലെ കമാൻഡോകൾ പൂർണമായും ഇന്ത്യൻ സൈന്യത്തിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തുന്നവരാണ്.
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് അതായത് ബി.എസ്.എഫ്, സി.ആർ.പി .എഫ് തുടങ്ങിയ സേനകളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തുന്നവരെ ചേർത്താണ് സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പ് രൂപീകരിക്കുന്നത്. 11,12,13 എസ്.ആർ.ജിയാണുള്ളത്. ഇതിൽ 11 എസ്.ആർ.ജിയാണ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിനൊപ്പം ഭീകരവിരുദ്ധ പോരാട്ടത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തെ വി.വി.ഐ.പികളുടെ സുരക്ഷയാണ് സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്പിന്റെ ചുമതല.ഒപ്പം ഭീകരവിരുദ്ധ പോരാട്ടത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിനെ സഹായിക്കേണ്ട ചുമതലയും ഇവർക്കുണ്ട്.
സ്പെഷ്യൽ കോമ്പോസിറ്റ് ഗ്രൂപ്പിൽ സൈന്യത്തിലെയും സെൻട്രൽ പൊലീസ് സേനയിലേയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. മുംബൈ, ചെന്നൈ, ഹൈദരാബാദ് , കൊൽക്കത്ത , ഗാന്ധിനഗർ എന്നീ അഞ്ച് മേഖലകളിലെ ഭീകരവിരുദ്ധ നീക്കങ്ങളാണ് ഇവരുടെ ചുമതല. ഈ മേഖലയ്ക്കുള്ളിൽ വരുന്ന ഭീകരവാദ പ്രവർത്തനങ്ങളെ ചെറുക്കുക എന്നതാണ് ഇവരുടെ ദൗത്യം. ഈ മൂന്ന് സ്പെഷ്യൽ ഗ്രൂപ്പുകൾക്കൊപ്പം നാഷണൽ ബോംബ് ഡാറ്റ സെന്ററും എൻ.എസ്.ജിയുടെ നിയന്ത്രണത്തിലാണുള്ളത്.
മറ്റ് സ്പെഷ്യൽ ഫോഴ്സുകളെപ്പോലെ കരിമ്പൂച്ചകളും മൂന്ന് ഘട്ട പരിശീലനവും പരീക്ഷണങ്ങളുമാണ് നേരിടേണ്ടത്. പ്രാഥമികമായ പരീക്ഷകൾക്ക് ശേഷമായിരിക്കും സെലക്ഷൻ.സെലക്ഷനു ശേഷം എൻ.എസ്.ജിയുടെ പ്രാഥമിക പരിശീലനമുണ്ടാകും. അതിൽ വിജയിച്ചാൽ സങ്കീർണമായ പരിശീലനങ്ങളിലെക്ക് നീങ്ങും. ഇതെല്ലാം വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ രാജ്യത്തെ ഏറ്റവും സ്പെഷ്യലായ ആഭ്യന്തര സുരക്ഷസേനയിൽ അംഗമാകാൻ കഴിയുകയുള്ളൂ.
ഏത് വിഭാഗത്തിൽ പെട്ടയാളാണ് എന്നതിനനുസരിച്ചിരിക്കും പ്രാഥമിക ഘട്ടത്തിലെ വിവിധ പരീക്ഷകൾ. സൈന്യത്തിൽ നിന്നുള്ളവർക്കും സെൻട്രൽ പൊലീസ് ഫോഴ്സിൽ നിന്നുള്ളവർക്കും മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. ശാരീരികവും മാനസികവുമായ കരുത്ത് നിർണായക ഘടകമാണ്. നേടിയ പരിശീലനം , സേവന കാലത്ത് പുലർത്തിയ അച്ചടക്കവും നല്ല സ്വഭാവവും , വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം സെലക്ഷനു മാനദണ്ഡമാകും.
രണ്ടാം ഘട്ടത്തിലാണ് പ്രാഥമിക പരിശീലനം നടക്കുക. മൂന്നു മാസം നീണ്ടു നിൽക്കുന്ന ഈ പരിശീലനം മനേസറിലെ ട്രെയിനിംഗ് സെന്ററിലായിരിക്കും നടക്കുന്നത്. 26 വിഭാഗങ്ങളായി തിരിച്ചിട്ടുള്ള ശാരീരിക പരിശീലനം കാഠിന്യമേറിയതാണ്. ശരീരവും മനസ്സും ഒരു പോലെ കരുത്തുറ്റതാണെങ്കിൽ മാത്രമേ ഈ കടമ്പ കടക്കാൻ കഴിയുകയുള്ളൂ. ഏതാണ്ട് എഴുപത് മുതൽ എൺപത് ശതമാനം വരെ പരീക്ഷാർത്ഥികൾ ഈ പരിശീലനം പൂർത്തിയാക്കാൻ കഴിയാതെ പുറത്താകുമെന്നാണ് കണക്കുകൾ. വിവിധ തരത്തിലുള്ള ആയുധങ്ങളും പ്രവർത്തനങ്ങളും ഈ കാലയളവിൽ പഠിക്കും.
അഡ്വാൻസ്ഡ് ട്രെയിനിംഗ് ഏകദേശം ഒൻപത് -പതിനൊന്ന് മാസം നീണ്ടുനിൽക്കും. അത്യന്തം കഠിനമായ ഈ പരിശീലന കാലത്ത് ആയുധമില്ലാത്ത പോരാട്ടവും തന്ത്രപരമായ യുദ്ധങ്ങളും പഠിക്കും. ഭീകര കേന്ദ്രങ്ങളിൽ വെള്ളിടി പോലെ പ്രത്യക്ഷപ്പെടലും തകർക്കലുമെല്ലാം പരിശീലിക്കുന്നത് ഈ ഘട്ടത്തിലാണ്. കോംബാറ്റ് റൂം ഷൂട്ടിംഗ് എന്ന സ്പെഷ്യലൈസ്ഡ് വെടിവെപ്പും കമാൻഡോകൾ പരിശീലിക്കും. ഇരുട്ടുമുറിയിൽ കയറി മൂന്ന് സെക്കൻഡിനകം ലക്ഷ്യം ഭേദിക്കുന്ന തരത്തിലുള്ള പരിശീലനങ്ങളാണ് കോംബാറ്റ് റൂം ഷൂട്ടിംഗിൽ ഉള്ളത്. അരണ്ട വെളിച്ചത് നീങ്ങിക്കൊണ്ടിരിക്കുന്ന 29 ലക്ഷ്യങ്ങളെ ആറര മിനുട്ടിനുള്ളിൽ വെടിവെച്ചിടുന്നതും ഇതിന്റെ ഭാഗമാണ്. ഷൂട്ടിംഗ് നടക്കുമ്പോൾ ലക്ഷ്യത്തിന്റെ തൊട്ടടുത്ത് മറ്റൊരു കമാൻഡോ നിലയുറപ്പിക്കുകയും ഈ കമാൻഡോയ്ക്ക് പരിക്ക് പറ്റാതെ ലക്ഷ്യം ഭേദിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങളും ഈ കാലയളവിൽ നേരിടേണ്ടി വരും.
പതിനാലുമാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ എൻ.എസ്.ജിയുടെ ഭാഗമാകും. തുടർന്ന് അത്യാധുനികമായ പരിശീലനത്തിന് ഇസ്രയേൽ , ഫ്രാൻസ് , ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് കമാൻഡോകളെ അയയ്ക്കും. അവിടങ്ങളിലെ പരിശീലന വിവരങ്ങൾ നിലവിൽ ലഭ്യമല്ല. സാധാരണയായി നാലോ അഞ്ചോ വർഷത്തെ ഡെപ്യൂട്ടേഷനു ശേഷം കമാൻഡോകൾ സ്വന്തം റെജിമെന്റിലേക്ക് തിരിച്ചു പോകും.
സുവർണ ക്ഷേത്രത്തിൽ തമ്പടിച്ച ഭീകരരെ പല പ്രാവശ്യം പുറത്താക്കാൻ സഹായിച്ചത് വിവിധ എൻ.എസ്.ജി ഓപ്പറേഷനുകളായിരുന്നു. പഞ്ചാബിലെ സിഖ് ഭീകരവാദത്തിനെതിരെ ഫലപ്രദമായ പല ഓപ്പറേഷനുകളും നടത്തിയത് എൻ.എസ്.ജിയാണ്. 1993 ൽ ഇന്ത്യൻ എയർലൈൻസ് ബോയിംഗ് 737 വിമാനം തട്ടിക്കൊണ്ടുപോയ ഘട്ടത്തിൽ എൻ.എസ്.ജിയുടെ ചടുലമായ ഓപ്പറേഷനാണ് ബന്ദികളെ രക്ഷപ്പെടുത്തിയത്. 2008 ലെ മുംബൈ ആക്രമണത്തിലാണ് എൻ.എസ്.ജിയുടെ ശക്തി പൂർണമായി പരീക്ഷിക്കപ്പെട്ടത്. മേജർ സന്ദീപ് ഉണ്ണികൃഷ്ണനും ഹവിൽദാർ ഗജേന്ദ്ര ബിഷ്ടും വീരമൃത്യു വരിച്ച ഓപ്പറേഷനിൽ 9 ഭീകരരെയും വധിച്ചത് നാഷണൽ സെക്യൂരിറ്റി ഗാർഡുകളാണ്. എൻ.എസ്.ജിയുടെ കരുത്തുറ്റ പോരാട്ടമാണ് ബന്ദിയാക്കപ്പെട്ടവരെ രക്ഷിച്ചത്. അല്ലായിരുന്നുവെങ്കിൽ നിരവധി പേർ വധിക്കപ്പെടുമായിരുന്നു. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളിലും എൻ.എസ്ജി നിർണായക പങ്കു വഹിക്കുന്നുണ്ട്
ബ്ലാക്ക് ഹോർനറ്റ് നാനോ ഡ്രോൺ ഉൾപ്പെടെ അത്യാധുനികങ്ങളായ ആയുധങ്ങളാണ് എൻ.എസ്.ജിക്കുള്ളത്. കോർണർ ഷോർട്ട് ഗണ്ണുകളും തണ്ടർ ബോൾട്ട് മാഗ്നം സ്നൈപ്പറുകളും ഐഡബ്ല്യുഐ ടവോർ , സിഗ് എസ്.ജി 551 , ഹെക്‌ലർ ആൻഡ് കോച്ച് എം.പി 5 തുടങ്ങിയ ആധുനികവും കരുത്ത് തെളിയിച്ചതുമായ തോക്കുകളാണ് എൻ.എസ്.ജി ഉപയോഗിക്കുന്നത്. സഞ്ചരിക്കാൻ റെനോ ഷെർപ്പ കവചിത വാഹനവുമുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എൻ.എസ്.ജിയുടെ പ്രവർത്തനം, ഏതാണ്ട് പതിനാലായിരം ഉദ്യോഗസ്ഥർൻ എൻ.എസ്.ജിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ആഭ്യന്തരമായി ഉയർന്നു വരുന്ന എത് ഭീകര പ്രവർത്തനങ്ങളേയും വെല്ലുവിളികളേയും കൃത്യമായി പ്രതിരോധിച്ച് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പു വരുത്താൻ എൻ.എസ്.ജിക്ക് നാളിതുവരെ കഴിഞ്ഞിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ സർവത്ര സർവോത്തം സുരക്ഷ !!!
Discussion about this post