കൊല്‍ക്കത്ത; ഒരു അല്‍ഖ്വയ്ദ ഭീകരനെ കൂടി പിടികൂടി ദേശീയ അന്വേഷണ ഏജന്‍സി. അബ്ദുള്‍ മോമിന്‍ മൊണ്ടാള്‍ (32) എന്നയാളെയാണ് എന്‍ഐഎ പിടികൂടിയത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മുര്‍ഷിദാബാദിലെ റായ്പൂര്‍ ദാരൂര്‍ ഹുദ ഇസ്ലാമിയ മദ്രസയില്‍ ഇയാള്‍ അധ്യാപകമായി ജോലിചെയ്ത് വരികയായിരുന്നു. ഇയാള്‍ അല്‍ഖ്വയ്ദ ഭീകരര്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നതായി എന്‍ഐഎ വ്യക്തമാക്കി.
മാത്രമല്ല സംഘടനിയിലേക്ക് പുതിയ അംഗങ്ങളെ ഇയാള്‍ റിക്രൂട്ട് ചെയ്തിരുന്നതായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തിയതായും എന്‍ഐഎ അറിയിച്ചു. ഇയാളുടെ വീട്ടില്‍ നിന്ന് ഡിജിറ്റല്‍ ഡിവൈസുകള്‍ പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ മുര്‍ഷിദാബാദ് ജില്ലാ കോടതിയില്‍ ഹാജരാക്കി. മൊണ്ടാളിനെ ദില്ലിയിലേക്ക് തുടര്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോകും. നേരത്തേ എന്‍ഐഎ നടത്തിയ റെയ്ഡില്‍ പശ്ചിമബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നുമായി അല്‍ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് മൊണ്ടാളിനേയും അറസ്റ്റ് ചെയ്തത്.രാജ്യത്ത് 12 ഇടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സപ്റ്റംബര്‍ 9ന് ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നുമായി 9 ഭീകരവാദികളെ എന്‍ഐഎ സംഘം പിടികൂടിയത്. ബംഗാളില്‍ നിന്ന് ആറ് പേരും കേരളത്തില്‍ നിന്ന് മൂന്ന് പേരെയുമാണ് പിടികൂടിയാത്.മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കൊച്ചിയില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരപ്രകാരമായിരുന്നു റെയ്ഡ്. പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള അല്‍ഖ്വയ്ദ ഗ്രൂപ്പാണ് സംഘത്തിന് പിന്നിലെന്നാണ് എന്‍ഐഎയുടെ നിഗമനം.
സമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഈ വിഭാഗത്തെ പാക് അല്‍ഖ്വയ്ദ രൂപീകരിച്ചത്. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. സപ്തംബര്‍ 11 ന് ദില്ലിയില്‍ വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ അല്‍ഖ്വയ്ദ ഭീകരര്‍ വന്‍ അക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തീവ്രവാദികള്‍ പിടിയിലായത്.
Discussion about this post