സോവിയറ്റ് യൂണിയന്റെ ഹൃദയത്തിലേക്ക് ആണവ ബോംബുകൾ വർഷിക്കാൻ ശീതയുദ്ധകാലത്ത് അമേരിക്ക നിർമ്മിച്ച വജ്രായുധം. ലോകത്തെ ഏതൊരു കോണിലുമെത്തി എന്തിനേയും തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ള ബോംബർ വിമാനം. അമേരിക്കയുടെ അഭിമാനം , ശത്രു രാജ്യങ്ങളുടെ പേടി സ്വപ്നം. ബി2 -സ്പിരിറ്റ് – ദ സ്റ്റെൽത്ത് ബോംബർ.
ഒറ്റപ്പറക്കലിൽ പതിനോരായിരം കിലോമീറ്ററുകൾ , ഇടയ്ക്ക് ഇന്ധനം നിറച്ചാൽ പതിനെട്ടായിരം കിലോമീറ്ററുകൾ താണ്ടാൻ കഴിവുള്ള സ്ട്രാറ്റജിക് ബോംബറാണ് ബി 2 സ്പിരിറ്റ്. 1988 ൽ ആദ്യമായി അവതരിപ്പിച്ച ശേഷം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി അമേരിക്ക പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും നിർണായക സാന്നിദ്ധ്യമായിരുന്നു ഈ ബോംബർ വിമാനം.
വ്യത്യസ്തതയാർന്ന രൂപകൽപ്പനയാണ് ഈ അമേരിക്കൻ അഭിമാനത്തിന്റെ പ്രത്യേകത. 33 ഡിഗ്രീ കോണാകൃതിയിലാണ് മുൻവശം. പിറക് ഭാഗം ഡബിൾ ഡബ്ലിയു ആകൃതിയിലുമാണുള്ളത്. ലോകത്തെ ഒരേയൊരു സ്റ്റെൽത്ത് ബോംബറാകാൻ ബി2 വിനെ സഹായിച്ചത് ഈ ഫ്ലൈയിംഗ് വിംഗ് അഥവാ പറക്കുന്ന ചിറകുകളുടെ ആകൃതിയാണ്. ലോകത്ത് കൂടുതൽ ആയുധങ്ങൾ വഹിക്കാൻ ശേഷിയും കൂടുതൽ ദൂരം പറക്കാനുള്ള ശേഷിയും ഒപ്പം റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന സ്റ്റെൽത്ത് പ്രത്യേകതയുമുള്ള ഒരേയൊരു ബോംബറാണ് ബി -2
69 അടി നീളവും 17 അടി പൊക്കവുമുള്ള ബി 2 വിന്റെ വിംഗ്സ്പാൻ 172 അടിയാണ്. അൻപതിനായിരം അടി മുകളിൽ വരെ പറന്ന് ആക്രമണം നടത്താൻ ശേഷിയുള്ള ഈ ബോംബറിന് പതിനെണ്ണായിരം കിലോയിലധികം ആയുധവാഹക ശേഷിയുണ്ട്. മാക്സിമം ഗ്രോസ് ടേക്ക് ഓഫ് വെയ്റ്റ് നൂറ്റിയൻപത് ടണ്ണാണ്. നോർത്ത് റോപ് ഗ്രുമ്മൻ ആണ് ഈ എഞ്ചിനീയറിംഗ് അത്ഭുതത്തിന്റെ നിർമ്മാതാക്കൾ.
ഇനി ബി2 പങ്കെടുത്ത യുദ്ധങ്ങളിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വ്യോമാക്രമണം നടത്തിയ റെക്കോഡ് ഉള്ളത് ഈ ബോംബറിനാണ്. 2001 ൽ അമേരിക്കയിലെ അൽഖയ്ദ ഭീകരാക്രമണത്തിന് ശേഷമായിരുന്നു അത്. ഓപ്പറേഷൻ എൻഡുവറിംഗ് ഫ്രീഡത്തിന്റെ ഭാഗമായി തുടർച്ചയായി 44 മണിക്കൂർ പറന്ന് അഫ്ഗാനിലെത്തി അൽ ഖായ്ദയുടെ കേന്ദ്രങ്ങളിൽ ബി2 ബോംബാക്രമണം നടത്തി. അതിനു ശേഷം തിരിച്ച് 30 മണിക്കൂർ പറന്ന് മിസോറിയിലെ വ്യോമകേന്ദ്രത്തിലെത്തി.അതായത് എഞ്ചിൻ നിർത്താതെ തുടർച്ചയായി 75 മണിക്കൂറാണ് ഈ ഓപ്പറേഷനു വേണ്ടി ബി2 സ്പിരിറ്റ് പറന്നത്.
1999 ൽ കൊസോവോയിലായിരുന്നു ബി2 വിന്റെ അരങ്ങേറ്റം. പിന്നീട് അഫ്ഗാൻ , ഇറാഖ് , ലിബിയ എന്നിവിടങ്ങളിൽ നടന്ന വ്യോമാക്രമണങ്ങളിലും പ്രധാന പങ്കു വഹിച്ചത് ബി2 തന്നെ.
ആകെ 21 ബി2 ബോംബറുകൾ മാത്രമാണ് അമേരിക്ക നിർമ്മിച്ചത്. ഇതിൽ 20 എണ്ണം ഇപ്പോഴും പ്രവർത്തന ക്ഷമമാണ്. സ്പിരിറ്റ് ഓഫ് അമേരിക്ക എന്നായിരുന്നു ആദ്യ ബോംബറിന്റെ പേര്. പിന്നീട് അമേരിക്കയിലെ സംസ്ഥാനങ്ങളുടെ പേരാണ് ബോംബറുകൾക്ക് നൽകിയിട്ടുള്ളത്. ഇതിൽ സ്പിരിറ്റ് ഓഫ് കൻസാസ് 2008 ൽ ടേക്ക് ഓഫിനിടെ തകർന്നുവീണു. സ്പിരിറ്റ് ഓഫ് വാഷിംഗ് ടണ്ണിന് 2010 ൽ അപകടമുണ്ടായെങ്കിലും നാലു വർഷങ്ങൾക്ക് ശേഷം അറ്റകുറ്റപ്പണി നടത്തി വ്യോമസേനയിലേക്ക് തിരികെയെത്തി.
ഹോളിവുഡ് സിനിമകളിലെ നിറ സാന്നിദ്ധ്യമാണ് ബി2 – അന്യഗ്രഹ ജീവികൾ ആക്രമിക്കുന്ന സിനിമകളിലും സയൻസ് ഫിക്ഷൻ സിനിമകളിലും ഈ ബോംബർ വിമാനത്തിന്റെ മാതൃകകൾ കാണിച്ചിട്ടുണ്ട്. അയൺ മാൻ 2 , ക്യാപ്റ്റൻ മാർവൽ തുടങ്ങിയ സിനിമകളിലൂടെ കുട്ടികൾക്കും ബി2 സ്പിരിറ്റിനെ നല്ല പരിചയമാണ്.
ലോകത്ത് ഏത് കോണിലുമെത്തി അതി തീവ്രവും നശീകരണ ശേഷിയുള്ളതുമായ ബോംബുകൾ വർഷിക്കാൻ കഴിയുമെന്നതാണ് ഈ ബോംബറിനെ വ്യത്യസ്തമാക്കുന്നത്. സ്റ്റെൽത്ത് ടെക്നോളജിയുടെ സഹായം കൂടി ഉള്ളതുകൊണ്ട് അത്യന്തം അപകടകാരിയാണ് ബി2. 2032 വരെ ഈ ബോംബർ പ്രവർത്തനത്തിൽ ഉണ്ടാകുമെന്നാണ് അമേരിക്കൻ വ്യോമസേന പറയുന്നത്. അതിനു വേണ്ട വിധത്തിൽ സാങ്കേതിക നവീകരണവും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ ഹോളിവുഡ് സിനിമകളിൽ പരന്ന് പറക്കുന്ന ഡബിൾ ഡബ്ല്യു ആകൃതിയിലുള്ള ഒരു ബോംബറിനെ കാണുമ്പോൾ ഓർത്തോളൂ .. അത് ബി2 സ്പിരിറ്റാണ്. വ്യോമയുദ്ധത്തിലെ അതികായൻ.. എഞ്ചിനീയറിംഗ് വിസ്മയം….
Discussion about this post