നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നതിനായുളള ഇന്ത്യ- പാക് കരാര്‍ ജമ്മു കശ്മീരിലെ ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് കരസേനയുടെ വടക്കന്‍ കമാന്‍ഡറായ ലഫ്റ്റനന്റ് ജനറല്‍ വൈ കെ ജോഷി പറഞ്ഞു. ഉധംപൂരിലെ നോര്‍ത്തേണ്‍ കമാന്‍ഡ് ആസ്ഥാനത്ത് നടന്ന ഒരു ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍സ് (ഡിജിഎംഒ) ഫെബ്രുവരി 24 നും 25 നും അര്‍ദ്ധരാത്രി നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ തടയുന്നതിനുള്ള കരാര്‍ പ്രഖ്യാപിച്ചു.
ഇത് ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല, ഞങ്ങള്‍ ജാഗ്രത പാലിക്കും അദ്ദേഹം പറഞ്ഞു. 2020 ലെ കിഴക്കന്‍ ലഡാക്കിലെ സേനയുടെ ചടുലത, ദൃഢ നിശ്ചയം, ആത്മവിശ്വാസം, ധൈര്യം, എന്നിവ ചരിത്രപരമായി കാണേണ്ടവയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തിയില്‍ സൈന്യം തങ്ങളുടെ ആധിപത്യം നിലനിര്‍ത്തിയിട്ടുണ്ടെന്നും രാജ്യത്തെ ആക്രമിക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമ്പോഴെല്ലാം, അത്തരം ശ്രമങ്ങള്‍ക്കെതിരെ സൈന്യം ഒരു കവചം പോലെ നിന്നു വെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഭാവിയില്‍ ഇത് തുടരുമെന്നും, നമ്മുടെ രാജ്യത്തെ അതിക്രമിച്ചപ്പോഴെല്ലാം ഇന്ത്യന്‍ സൈന്യം അതിനു ശക്തമായി മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സുരക്ഷാ സേനയുടെ പരിശ്രമത്തിന്റെ ഫലമായി ഭീകരതയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍, പ്രതിഷേധം എന്നിവയില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ കശ്മീരിലെ മൊത്തത്തിലുള്ള സുരക്ഷാ സ്ഥിതി കഴിഞ്ഞ വര്‍ഷം വലിയ പുരോഗതി കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ ജമ്മു കശ്മീരിലെ കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിലും സൈന്യം ഒരു പ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു.
Discussion about this post