റഷ്യയുമായുള്ള ആയുധ ഇടപാടിൽ നിന്ന് പിന്മാറണമെന്ന അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാതെ ഇന്ത്യ മുന്നോട്ട് പോകുകയായിരുന്നു . റഷ്യയിൽ നിന്ന് എസ് 400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയാൽ ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി . നേരത്തെ, നാറ്റോ അംഗമായ തുർക്കിയ്ക്കും, ചൈനയ്ക്കും മേൽ അമേരിക്ക കാസ്റ്റ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ യുഎസും ,ഇന്ത്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന തന്ത്രപരമായ ബന്ധങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയെ അമേരിക്ക ഉപരോധത്തിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന . ഇത് യുഎസ് -ഇന്ത്യ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും, ഇന്ത്യയ്ക്ക് അനുകൂലമായി കാസ്റ്റ ഒഴിവാക്കാനുള്ള വഴി യുഎസ് കണ്ടെത്തും.
2018-ലാണ് എസ്-400-ന്റെ അഞ്ച് യൂണിറ്റുകൾക്കായി ഇന്ത്യ 5.3 ബില്യൺ ഡോളറിന്റെ ഓർഡർ റഷ്യയ്ക്ക് നൽകിയത് . 2019-ൽ റഷ്യക്ക് 800 മില്യൺ ഡോളറിന്റെ ആദ്യ ഗഡു നൽകുകയും ചെയ്തിരുന്നു. അഞ്ച് മിസൈലുകളുടെയും ഡെലിവറി 2023 ഏപ്രിലോടെ പൂർത്തിയാകും.
കഴിഞ്ഞ ദിവസം നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും തമ്മിൽ ചർച്ച നടത്തിയതിനു പിന്നാലെ എസ് 400 മിസൈൽ സംവിധാനത്തിന്റ വിതരണവും ആരംഭിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ല പറഞ്ഞിരുന്നു . വ്‌ലാഡിമിർ പുടിന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്‌ക്ക് പിന്നാലെയാണ് ഹർഷവർദ്ധൻ ശൃംഗ്ല ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനമാണ് എസ് 400.
ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും അപൂർവമായി മാത്രം ഒരുമിച്ചിരുന്ന്, യുഎസ് കോൺഗ്രസിന്റെ ഇരുസഭകളിലും വൻ ഭൂരിപക്ഷത്തോടെ പാസാക്കിയതാണ് കാസ്റ്റ നിയമം . എന്നാൽ റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയതിന്‍റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ കാസ്റ്റ ഉപരോധം ഏര്‍പ്പെടുത്തുമോ എന്ന യുഎസ് സെനറ്റര്‍മാരുടെ ചോദ്യത്തിന് വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു അടുത്തിടെ യുഎസ് പ്രതിരോധ വകുപ്പിന്‍റെ വക്താവ് നല്‍കിയ മറുപടി.
വടക്കന്‍ കൊറിയ, ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് ഫെഡറല്‍ നിയമമാണ് കാസ്റ്റ. ഈ നിയമ പ്രകാരം റഷ്യയുമായി പ്രതിരോധ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് നേരെ സാധാരണ നിലയില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തേണ്ടതാണ്.
യുഎസിനു അനുവദനീയമായ രാജ്യങ്ങളല്ലാതെ മറ്റേതെങ്കിലും രാജ്യങ്ങളുമായി ഏതെങ്കിലും ബിസിനസിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നതാണ് കാസ്റ്റ നിയമം . ഇത് യുഎസ് ഫെഡറൽ നിയമമാണെങ്കിലും ഡബ്ല്യുടിഒ വ്യവസ്ഥകൾ പ്രകാരം മറ്റ് രാജ്യങ്ങളിൽ ഇത് പ്രയോഗിക്കാനും കഴിയില്ല . എങ്കിലും, റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നിവയ്ക്ക് സാമ്പത്തിക നേട്ടമാകും വിധം ഏത് രാജ്യവും ഇടപഴകുന്നത് തടയാൻ ഈ നിയമം യുഎസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ യുഎസ് നിലപാട് കടുപ്പിച്ചിട്ടില്ലെന്നത് ഇന്ത്യയുടെ ശക്തിയെ ആണ് കാണിക്കുന്നത്
Discussion about this post