പ്രതിരോധ രംഗത്ത് കുതിപ്പ് തുടർന്ന് ഇന്ത്യ . ആയുധങ്ങളും വിമാനങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും നിർമ്മിക്കുന്ന 100 ആഗോള കമ്പനികളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ പ്രതിരോധ കമ്പനികൾ ഇടം നേടി. സ്വീഡിഷ് തിങ്ക്-ടാങ്ക് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ‘ടോപ്പ് 100 ആയുധ-നിർമ്മാണ, സൈനിക സേവന കമ്പനികൾ, 2020’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത് .
പട്ടികയിൽ 42-ാം റാങ്കാണ്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനുള്ളത് . ഭാരത് ഇലക്ട്രോണിക്‌സ് 66-)0 സ്ഥാനത്തും , ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി 60-ാം സ്ഥാനത്തുമാണുള്ളത് . ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിന്റെയും, ഭാരത് ഇലക്ട്രോണിക്‌സിന്റെയും വിൽപ്പന 2020-ൽ യഥാക്രമം 1.5 ശതമാനവും 4 ശതമാനവുമായി ഉയർന്നു.
ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറിയുടെ വിൽപ്പനയിൽ 0.2 ശതമാനം വർധനയുണ്ടായി. മൂന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് . “6.5 ബില്യൺ ഡോളറിന്റെ (ഏകദേശം 48,750 കോടി രൂപ, ) വിൽപ്പനയാണ് വർദ്ധിച്ചത് . മൊത്തം ആയുധ വിൽപ്പന 2019 നെ അപേക്ഷിച്ച് 2020 ൽ 1.7% കൂടുതലാണ്,” റിപ്പോർട്ടിൽ പറയുന്നു. കൊറോണയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ നിന്ന് ഇന്ത്യൻ കമ്പനികൾ ഏറെ ദൂരം മുന്നോട്ട് പോയതായും റിപ്പോർട്ടിൽ പറയുന്നു.
ആയുധ നിർമ്മാണത്തിന്റെ കാര്യത്തിൽ ചൈന ഇപ്പോൾ യുഎസിനും പിന്നിലാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആദ്യ 100-ൽ ഇടംപിടിച്ച അഞ്ച് ചൈനീസ് കമ്പനികളുടെ ആകെ വിൽപ്പന 2020-ൽ 66.8 ബില്യൺ ഡോളറാണ് . 2019-നെ അപേക്ഷിച്ച് ഇത് 1.5% കൂടുതലാണ്.
“ 13% വിൽപ്പന വിഹിതമുള്ള ചൈനീസ് കമ്പനികൾ മൊത്തം ആയുധ വിൽപ്പനയിൽ രണ്ടാം സ്ഥാനത്താണ്. 2020-ൽ, ഇത് യുഎസ് കമ്പനികൾക്ക് തൊട്ടുപിന്നിലും യുകെ കമ്പനികളെക്കാൾ മുന്നിലുമാണ്,” റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ചൈനീസ് കമ്പനികൾ ആദ്യ 20 സ്ഥാനത്തെത്തിയപ്പോൾ അവയിൽ മൂന്നെണ്ണം ആദ്യ പത്തിൽ ഇടംപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ആദ്യ 100-ലെ എല്ലാ ചൈനീസ് കമ്പനികളും സൈനിക, സിവിലിയൻ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ളവയാണ്.
Discussion about this post