നോയിഡ : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അതീവ വേദനയിലാണ് രാജ്യം . എന്നാൽ നോയിഡയിലെ ജനങ്ങൾക്ക് റാവത്തിന്റെയും ,മധുലികയുടേയും വേർപാട് വേദനയ്ക്കൊപ്പം ഞെട്ടലും ഉണ്ടാക്കിയിരിക്കുകയാണ് . ബിപിൻ റാവത്തിന് നോയിഡയുമായി അടുത്ത ബന്ധമുണ്ട്. സെക്ടർ 37 ലാണ് അദ്ദേഹത്തിന്റെ വീട്. അദ്ദേഹം ഇവിടെ ജീവിച്ചിരുന്നില്ലെങ്കിലും അടുത്ത ബന്ധുക്കളാണ് ഇപ്പോൾ ഈ വീട്ടിൽ താമസിക്കുന്നത്.
അദ്ദേഹത്തിന്റെ പിതാവ് ലെഫ്റ്റനന്റ് ജനറൽ എൽഎസ് റാവത്ത് ഇവിടെ താമസിച്ചിരുന്നു. പിന്നീട് അദ്ദേഹം ഡൽഹിയിലേക്ക് മാറി. മൂന്ന് വർഷം മുമ്പ് 2019 മാർച്ച് 2 ന് ജനറൽ ബിപിൻ റാവത്ത് രക്തസാക്ഷി സ്മാരകത്തിന്റെ വാർഷിക ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ആ സമയത്ത് നോയിഡയിലെ ജനങ്ങൾ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ആറു വർഷമായി അടച്ചിട്ടിരുന്ന വീട് നാലുവർഷം മുൻപാണ് വാടകയ്ക്ക് നൽകിയത് . ഇപ്പോൾ റിട്ടയേർഡ് കേണൽ ഡോ. ജെ.പി. സിംഗും ഭാര്യ സരോജവുമാണ് നോയിഡയിലെ ഈ വീട്ടിൽ താമസിക്കുന്നത്. നാല് മാസം മുമ്പ് മധുലിക റാവത്ത് വീട്ടിൽ വന്നിരുന്നുവെന്ന് സരോജം പറഞ്ഞു. മധുലിക ഇവിടെ ഒരു മുറിയും ഉണ്ടാക്കി. ഇനി എപ്പോഴെങ്കിലും ഇവിടെ താമസിക്കാൻ വരാം എന്ന് പറഞ്ഞു സന്തോഷത്തോടെയാണ് മടങ്ങി പോയത് . അതിന്റെ ഇന്റീയർ ഡിസൈനിംഗും ഒക്കെ മധുലികയാണ് ചെയ്തത് . എന്നാൽ അവിടെ താമസിക്കാൻ ഇനി മധുലികയും , റാവത്തും മടങ്ങി വരില്ല .
Discussion about this post