ചൈനീസ് വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യ ആവശ്യപ്പെട്ട് ഇന്തോനേഷ്യ . അതിർത്തി പ്രദേശത്ത് ചൈന സൈനിക വിന്യാസങ്ങൾ ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ഇന്തോനേഷ്യ ഇന്ത്യൻ സർക്കാരിന്റെ സഹായം തേടിയിരിക്കുന്നത് .
തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ രാഷ്ട്രമായ ഇന്തോനേഷ്യ ഇന്ത്യയുമായി ചേർന്ന് സംയുക്ത പ്രതിരോധ സംവിധാനം വിപുലപ്പെടുത്താനാണ് നീക്കമിടുന്നത് . സൈനിക വാഹനങ്ങളും ജലപീരങ്കികളും സംയുക്തമായി നിർമ്മിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട് .
പ്രതിരോധ സാങ്കേതിക വിദ്യയിൽ വൈദഗ്ധ്യം നേടുന്നതിന് ഇന്തോനേഷ്യ പ്രത്യേക സംരംഭങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട് . ഇന്ത്യയുടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പങ്കജ് സരൺ കഴിഞ്ഞയാഴ്ച ജക്കാർത്തയിലെത്തി ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി പ്രബാവോ സുബിയാന്തോയെയും പ്രസിഡൻഷ്യൽ ചീഫ് ഓഫ് സ്റ്റാഫ് എച്ച് മൊൽഡോക്കോ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു . പ്രതിരോധ പങ്കാളിത്തവും സംയുക്ത പ്രതിരോധ ഉൽപ്പാദനവും വിപുലീകരിക്കുക എന്നതായിരുന്നു ചർച്ചയിലെ പ്രധാന അജണ്ട.
മാത്രമല്ല ഭീകര വിരുദ്ധപ്രവർത്തനങ്ങളും, വിഘടനവൽക്കരണവും അമർച്ച ചെയ്യുന്നതും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തു . ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ജനറൽ ബിപിൻ റാവത്തിന് അനുശോചനം അറിയിക്കാൻ സുബിയാന്തോ ജക്കാർത്തയിലെ ഇന്ത്യൻ എംബസി സന്ദർശിച്ചിരുന്നു.
Discussion about this post