ശ്രീനഗർ : ജമ്മു കശ്മീരിൽ ഹിസ്ബുൾ ഭീകരൻ ഫിറോസ് അഹമ്മദ് ദാറിനെ വെടിവച്ച് കൊന്ന് ഇന്ത്യൻ സൈന്യം . ഷോപ്പിയാൻ ജില്ലയിലെ സൈനപോര മേഖലയിലാണ് ഏറ്റുമുട്ടലിനിടെ ഹിസ്ബുൾ മുജാഹിദീൻ ഭീകരനായ അഹമ്മദ് ദാറിനെ സുരക്ഷാ സേന വധിച്ചത് . ഹെഫ്-ഷിർമൽ ഷോപ്പിയാനിലെ അബ്ദുൾ ഖാലിഖിന്റെ മകനാണ് ഫിറോസ് അഹമ്മദ് ദാർ .
പുൽവാമയിലെ ഉസ്രാംപത്രി ഗ്രാമത്തിലെ ഭീകരസാന്നിധ്യത്തെക്കുറിച്ച് സായുധ സേനയ്ക്ക് സൂചന ലഭിച്ചതിനെ തുടർന്ന് കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ (കാസോ) ആരംഭിച്ചു. തുടർന്ന് പോലീസും സായുധ സേനയും ചേർന്ന് സംയുക്ത തിരച്ചിൽ നടത്തി . തിരച്ചിലിനിടെ, ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു, തുടർന്ന് സൈനികർ തിരിച്ചടിച്ചു, ഏറ്റുമുട്ടലിനൊടുവിൽ ഭീകരനെ സൈനികർ വധിക്കുകയായിരുന്നു.
2017 മുതൽ താഴ്വരയിൽ ഒട്ടേറെ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഫിറോസ് അഹമ്മദ് ദറാണ് . 2018 ഡിസംബറിൽ സൈനപോറയിൽ പോലീസ് ഗാർഡുകൾക്ക് നേരെ ആക്രമണം നടത്തിയതിനു പിന്നിലും ഫിറോസാണ് . ഇതിൽ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു . അവരുടെ സർവീസ് റൈഫിളുകൾ ഫിറോസ് അഹമ്മദ് ദർ കൊള്ളയടിക്കുകയും ചെയ്‌തു .
2019 ഫെബ്രുവരിയിൽ ഡംഗർപോര പുൽവാമയിൽ താമസിക്കുന്ന മുനീർ അഹമ്മദ് ഭട്ടിന്റെ മകൾ ഇസ്രത്ത് മുനീർ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയതിലും , പഞ്ചാബുകാരനായ ചരൺജീത്ത് എന്ന പ്രാദേശിക തൊഴിലാളിയെ കൊലപ്പെടുത്തിയതിലും ഇയാൾക്ക് പങ്കുണ്ട്. കൂടാതെ, യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിലും ഫിറോസ് പ്രധാന പങ്കുവഹിച്ചതായി പോലീസ് പറഞ്ഞു. ഇയാളിൽ നിന്ന് എ കെ 47 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തു.
Discussion about this post