ആയിരത്തിൽ ഒരാൾക്ക് മാത്രം കൈയ്യെത്തിപിടിക്കാനാകുന്ന സ്വപ്നം , ‘മാർക്കോസ്‘ കമാൻഡോ. ഇന്ത്യയിലെ ഏറ്റവും മികച്ച കമാൻഡോകളിൽ ഒന്നാണിത് . ഇന്ത്യൻ നാവികസേനയുടെ പ്രത്യേക സേനയാണിത്. മാർക്കോസ് അല്ലെങ്കിൽ മറൈൻ കമാൻഡോസ് മുൻപ് മറൈൻ കമാൻഡോ ഫോഴ്സ് അല്ലെങ്കിൽ എംസിഎഫ് എന്നാണ് അറിയപ്പെട്ടിരുന്നത്.
തീവ്രവാദത്തെ ചെറുക്കുന്നതിലും, കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങളിലും ചുക്കാൻ പിടിക്കുന്നത് ഈ പാരാ കമാൻഡോ വിഭാഗമാണ് . കാർഗിൽ യുദ്ധകാലത്ത് ഓപ്പറേഷൻ വിജയിലും ഈ സൈനികർ പ്രധാന പങ്കുവഹിച്ചു.
ഇന്ത്യൻ നാവികസേനയുടെ ഈ പ്രത്യേക സേന രൂപീകരിക്കപ്പെട്ടത് 1987 ലാണ്. മാർക്കോസ് കമാൻഡോകളുടെ പരിശീലനം വളരെ വിപുലമാണ്. ചില സമയങ്ങളിൽ , യുഎസ് നേവി സീലുകളേക്കാൾ മികച്ചതായും ഈ സൈനിക വിഭാഗം കണക്കാക്കപ്പെടുന്നു. “ഭയമില്ലാത്ത കുറച്ചുപേർ” ചേരുന്നതാണ്` മാർക്കോസ് കമാൻഡോസ് . പട്ടാളത്തിലെ 1000 സൈനികരിൽ ഒരാൾക്ക് മാത്രമേ മാർക്കോസ് കമാൻഡോ ആകാൻ കഴിയൂ എന്നാണ് പറയപ്പെടുന്നത്. അതിനർത്ഥം അതിന്റെ തിരഞ്ഞെടുക്കൽ അത്ര വളരെ ബുദ്ധിമുട്ടാണ് എന്നതാണ് .
ഇന്ത്യൻ നാവികസേനയിലെ ഏതൊരു ജീവനക്കാരനും മാർക്കോസ് കമാൻഡോ ആകാൻ അപേക്ഷിക്കാം. അപേക്ഷകന്റെ പ്രായം 20 വയസ്സിൽ കൂടരുത്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിയ്ക്ക് ആദ്യ മൂന്ന് ദിവസങ്ങളിൽ ശാരീരിക ക്ഷമത പരീക്ഷയും യോഗ്യതാ പരീക്ഷയും നടത്തും. അപേക്ഷിക്കുന്ന 90 ശതമാനം ഉദ്യോഗാർത്ഥികളും സാധാരണ ഈ പരീക്ഷകളിൽ പരാജയപ്പെടുകയാണ് ചെയ്യുക .
മാർക്കോസ് കമാൻഡോകളുടെ പരിശീലനം വളരെ കഠിനമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും കരുത്ത് കൂട്ടാനുള്ള തീവ്രശ്രമമുണ്ടാകും. മാർക്കോസിന്റെ വിദഗ്ധ പരിശീലനം 3 വർഷമാണ്. ഈ പരിശീലനത്തിനിടെ 25 കിലോ ഭാരവും ചുമലിലേറ്റി തുടയോളം ചെളി വെള്ളത്തിൽ 800 മീറ്റർ ഓടണം. ഇതിനുശേഷം, ഈ ജവാന്മാർക്ക് അതികഠിനമായ കായിക പരിശീലനങ്ങളും നൽകും .
ആഗ്രയിലെ പാരാട്രൂപ്പർ ട്രെയിനിംഗ് സ്കൂളിലാണ് മാർക്കോസ് കമാൻഡോകളുടെ പരിശീലനാർത്ഥികൾക്ക് പാരാ ജമ്പിംഗ് നൽകുന്നത്. ഡൈവിംഗ് പരിശീലനം കൊച്ചിയിലെ നേവൽ ഡൈവിംഗ് സ്കൂളിലാണ് നടത്തുന്നത്. ആയോധന കലകൾ, വ്യോമ പരിശീലനം, ഇന്റലിജൻസ് പരിശീലനം, സ്കൈ ഡൈവിംഗ്, ഭാഷാ പരിശീലനം, എന്നിവ ഓരോ കമാൻഡോസിനും നൽകാറുണ്ട്.
മാർക്കോസ് കമാൻഡോകളുടെ പരിശീലനത്തിൽ ഭൂരിഭാഗവും ഐഎൻഎസ് അഭിമന്യുവിൽ (മുംബൈ) നടക്കുന്നു. അവരുടെ പരിശീലനത്തിനുള്ള മറ്റ് പ്രധാന കേന്ദ്രങ്ങൾ ഗോവ, കൊച്ചി എന്നിവിടങ്ങളിലാണ് .
Discussion about this post