വാഷിംഗ്ടൺ ; ചൈനയുടെ സഹായത്തോടെ സൗദി അറേബ്യ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് . മിഡിൽ ഈസ്റ്റിലടക്കം ആശങ്കയുണ്ടാക്കുന്ന പുതിയ നീക്കം , ബൈഡൻ ഭരണകൂടത്തിന്റെ സമാധാന ശ്രമങ്ങളെ സങ്കീർണ്ണമാക്കുകയും ചെയ്യും. സൗദിയുടെ പ്രധാന എതിരാളിയായ ഇറാന്റെ ആണവ ഭീഷണികൾക്കുള്ള മറുപടിയാണോ ഇതെന്നും സംശയമുണ്ട് .
സൗദി അറേബ്യ മുമ്പ് ചൈനയിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകൾ വാങ്ങിയതായി പറയപ്പെടുന്നു, എന്നാൽ സ്വന്തമായി നിർമ്മിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല . പുതുതായി ലഭിച്ച സാറ്റലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത് സൗദി നിലവിൽ ഒരിടത്ത് ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്നാണ്.
ചൈനയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിൽ സെൻസിറ്റീവ് ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയുടെ കൈമാറ്റങ്ങൾ ഒന്നിലേറെ തവണ നടന്നതായി വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഉൾപ്പെടെ നിരവധി ഏജൻസികളിലെ യുഎസ് ഉദ്യോഗസ്ഥർ, സ്ഥിരീകരിച്ചിരുന്നു.
യുഎസ്, യൂറോപ്യൻ യൂണിയൻ , ഇസ്രായേല്‍, മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യങ്ങള്‍ ആണവ, മിസൈല്‍ പദ്ധതികള്‍ അവസാനിപ്പിക്കാന്‍ നടത്തിവരുന്ന സമ്മര്‍ദ്ദം ഇറാന്‍ തള്ളിക്കളയാന്‍ സൗദി നീക്കം കാരണമായേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.
ഇറാനും സൗദി അറേബ്യയും കടുത്ത ശത്രുതയിലാണ് , സൗദി അറേബ്യ സ്വന്തമായി ആയുധ നിർമ്മാണം ആരംഭിച്ചാൽ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കുന്നത് നിർത്താൻ ഇറാൻ സമ്മതിക്കാനും സാധ്യതയില്ല.
ഇറാൻ വലിയ ബാലിസ്റ്റിക് മിസൈൽ പദ്ധതിയിൽ കാര്യമായി ശ്രദ്ധിച്ചിരുന്നെങ്കിലും , സൗദി അറേബ്യയുടെ ബാലിസ്റ്റിക് മിസൈലുകളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആയിട്ടില്ലെന്ന് മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ ആയുധ വിദഗ്ധനും പ്രൊഫസറുമായ ജെഫ്രി ലൂയിസ് പറഞ്ഞു. മാത്രമല്ല സൗദി അറേബ്യയുടെ ബാലിസ്റ്റിക് മിസൈലുകളുടെ നിർമ്മാണം സൂചിപ്പിക്കുന്നത്, മിസൈൽ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഏത് നയതന്ത്ര ശ്രമത്തിനും സൗദി അറേബ്യയും ഇസ്രായേലും പോലുള്ള മറ്റ് പ്രാദേശിക ശക്തികളുടെ സഹായവും തേടണമെന്നാണെന്നും ജെഫ്രി ലൂയിസ് പറഞ്ഞു
കാലാവസ്ഥ ഉച്ചകോടി , വ്യാപാരം, കൊറോണ പകർച്ചവ്യാധി എന്നിവയുൾപ്പെടെ നിരവധി ഉയർന്ന മുൻഗണനയുള്ള വിഷയങ്ങളിൽ ചൈനയുമായി വീണ്ടും ഇടപഴകാൻ യുഎസ് ഭരണകൂടം ശ്രമിക്കുന്നുണ്ട് . അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ബൈഡൻ ഭരണകൂടം എന്ത് തീരുമാനമെടുക്കുമെന്നും ആശങ്കയുണ്ട്.
ചൈനയും സൗദി അറേബ്യയും തമ്മിൽ അടുത്തിടെ ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ കൈമാറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഇരു രാജ്യങ്ങളും “സമഗ്രമായ തന്ത്രപരമായ പങ്കാളികളാണെന്നും എല്ലാവരുമായി സൗഹൃദപരമായ സഹകരണം നിലനിർത്തിയിട്ടുണ്ടെന്നുമാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞത് .
ഇത്തരം സഹകരണം ഒരു അന്താരാഷ്ട്ര നിയമവും ലംഘിക്കുന്നില്ലെന്നും നശീകരണ ആയുധങ്ങളുടെ വ്യാപനം ഇതിൽ ഉൾപ്പെടുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു. സൗദി സർക്കാരും ചൈനയുമായുള്ള ബന്ധത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല .
Discussion about this post