പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യാത്രയൊരുക്കാന്‍ ഇനി അതിസുരക്ഷിത വാഹനം . വി.ആര്‍.10 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സംവിധാനത്തിന്റെ അകമ്പടിയോടെ എത്തിയിട്ടുള്ള മെഴ്‌സിഡസ് ബെന്‍സ് മേബാക് എസ് 650 ഗാര്‍ഡ് ആണ് അദ്ദേഹത്തിനായി എത്തിയിട്ടുള്ള പുതിയ കവചിത വാഹനം.
അടുത്തിടെ ഡൽഹി സന്ദർശിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്വാഗതം ചെയ്യാൻ ഹൈദരാബാദിൽ എത്തിയപ്പോഴാണ് മോദി ആദ്യമായി ഈ കാറിൽ എത്തിയത് . ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളുള്ള കാറിന് 12 കോടിയിലേറെ വിലയുണ്ട്.
രണ്ട് മീറ്റര്‍ അകലെ ഉണ്ടാകുന്ന 15 കിലോഗ്രാം ടി.എന്‍.ടി സ്‌ഫോടനത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കും. ഗ്യാസ് ആക്രമണമുണ്ടായാൽ കാറിൽ പ്രത്യേക എയർ സപ്ലൈയും ക്രമീകരിച്ചിട്ടുണ്ട്. നേരിട്ടുള്ള സ്‌ഫോടനങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കുന്നതിനായി മികച്ച മെറ്റീരിയലാണ് അടിഭാഗത്ത് നല്‍കിയിട്ടുള്ളത്. മണിക്കൂറിൽ 160 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. പഞ്ചറോ കേടുപാടോ സംഭവിച്ചാൽ അതിന്റെ ഫ്ലാറ്റ് ടയറുകൾ ഉടനടി മാറ്റാൻ കഴിയും.
നവീകരിച്ച ജാലകങ്ങളും ബോഡി ഷെല്ലുകളും കാറിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട് . വെടിയുണ്ടകളെയും ഈ വാഹനം പ്രതിരോധിക്കും . ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ബുള്ളറ്റ് പ്രൂഫ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ഈ കാറിന് എക്‌സ്‌പ്ലോസീവ് റെസിസ്റ്റന്റ് വെഹിക്കിൾ (ERV) റേറ്റിംഗ് ഉണ്ട്. ക്യാബിനിൽ ഓക്സിജൻ സിലിണ്ടറുകളുമുണ്ട് . വാതക ആക്രമണം ഉണ്ടാകുമ്പോൾ ഉള്ളിലുള്ളവർക്ക് ഇവ ഓക്സിജൻ നൽകുന്നു. 6.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി12 എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ഇത് 516 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
മെഴ്‌സിഡസ് മെയ്ബാക്ക് എസ്650 ഗാർഡ് ഫ്യുവൽ ടാങ്ക് ഒരു പ്രത്യേക കോട്ടിംഗോടെയാണ് വരുന്നത്. ബോയിംഗ് എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററുകളിൽ ഉപയോഗിക്കുന്ന അതേ കോട്ടിങ്ങാണ് ഇതിനുള്ളത്
ബുള്ളറ്റ് പ്രൂഫ് സുരക്ഷ സംവിധാനമുള്ള മഹീന്ദ്ര സ്‌കോര്‍പിയോ ആയിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നരേന്ദ്ര മോദി ഉപയോഗിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രിയായപ്പോൾ ബിഎംഡബ്ല്യു 7 സീരീസ് ഹൈ-സെക്യൂരിറ്റി എഡിഷനിലേക്ക് മാറി. ലാൻഡ് റോവർ റേഞ്ച് റോവർ വോഗും ടൊയോട്ട ലാൻഡ് ക്രൂയിസറും പിന്നീട് വാഹനവ്യൂഹത്തിൽ ചേർത്തു.
Discussion about this post