ന്യൂഡൽഹി : രാജ്യത്ത് പുതുതായി 100 പുതിയ സൈനിക് സ്‌കൂളുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം . പെൺകുട്ടികൾക്ക് സായുധ സേനയിൽ ചേരാനും ദേശീയ സുരക്ഷയ്ക്ക് സംഭാവന നൽകാനും ഇതിലൂടെ അവസരമൊരുക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
സായുധ സേനയിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് . സൈനിക് സ്‌കൂളുകളിൽ പ്രവേശനത്തിനുള്ള വഴി വെട്ടിത്തുറന്ന് അവർക്ക് സ്ഥിരം കമ്മീഷൻ നൽകുന്നതുൾപ്പെടെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
പുതിയ സൈനിക് സ്‌കൂളുകൾ സ്ഥാപിക്കാനുള്ള തീരുമാനം രാജ്യത്തെ സേവിക്കാനുള്ള അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കും. പാഠ്യപദ്ധതിയ്‌ക്കൊപ്പം രാജ്യസ്‌നേഹവും രാജ്യത്തോടുള്ള കൂറും കുട്ടികളെ പഠിപ്പിക്കണമെന്നും, അത് അവരുടെ സ്വഭാവം കെട്ടിപ്പടുക്കുന്നതിനും രാജ്യത്തിന് ഗുണം ചെയ്യുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനുമായി സർക്കാർ കൈക്കൊണ്ട നിരവധി സുപ്രധാന തീരുമാനങ്ങളിലൊന്നാണ് സൈനിക് സ്‌കൂളുകളുടെ വിപുലീകരണം.സൈനിക്’ എന്നത് ഐക്യത്തെയും അച്ചടക്കത്തെയും സമർപ്പണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ, ‘സ്‌കൂൾ’ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാണെന്നും അതിനാൽ, കുട്ടികളെ കഴിവുള്ള പൗരന്മാരാക്കുന്നതിൽ സൈനിക് സ്‌കൂളുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ഒക്ടോബറിൽ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക് സ്കൂൾ സൊസൈറ്റിയുമായി ചേർന്ന് സർക്കാർ, സ്വകാര്യ മേഖലകളിലായി 100 സ്കൂളുകൾക്കാണ് കേന്ദ്രമന്ത്രിസഭ അഫിലിയേഷൻ നൽകിയത്.
സായുധ സേനയിൽ ഇതുവരെ 7,000-ത്തിലധികം ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിൽ സൈനിക് സ്കൂളുകൾ സംഭാവന ചെയ്തിട്ടുണ്ട് . മുൻ സൈനിക മേധാവി ജനറൽ ദീപക് കപൂർ ,ജനറൽ ദൽബീർ സിംഗ് സുഹാഗ് എന്നിവരെ രാജ്യത്തിനു സംഭാവന നൽകിയതും സൈനിക സ്കൂളുകളാണ്.
Discussion about this post