രണ്ട് വർഷം മുൻപ് ആരംഭിച്ച പ്രതിരോധഭൂമിയുടെ സർവ്വെ പൂർത്തിയായതായി പ്രതിരോധ മന്ത്രാലയം. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി ത്രിമാന മോഡലിംഗ്, ഡ്രോൺ, സാറ്റലൈറ്റ് ചിത്രങ്ങൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് 17.78 ലക്ഷം ഏക്കർ പ്രതിരോധ ഭൂമി സർക്കാർ സർവേ ചെയ്തു. കന്റോൺമെന്റുകൾക്കുള്ളിൽ ഏകദേശം 1.61 ലക്ഷം ഏക്കറും കന്റോൺമെന്റിന് പുറത്തുള്ള 16.17 ലക്ഷം ഏക്കറും ഭൂമിയുടെ സർവേ 2018 ഒക്ടോബറിലാണ് ആരംഭിച്ചത് . അത് ഇപ്പോൾ പൂർത്തിയായതായാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
ഭൂമിയുടെ വ്യാപ്തി, സ്ഥാനം, പലയിടത്തും അപ്രാപ്യമായ ഭൂപ്രദേശം, കൈയ്യേറ്റം തുടങ്ങിയവയും സർവ്വെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ, ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം, ഡ്രോൺ, സാറ്റലൈറ്റ് ഇമേജറി തുടങ്ങിയ ആധുനിക സർവേ സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരുന്നു സർവ്വെ.
ആദ്യമായി, രാജസ്ഥാനിലെ ലക്ഷക്കണക്കിന് ഏക്കർ പ്രതിരോധ ഭൂമിയുടെ സർവേയ്‌ക്കായി ഡ്രോൺ ഇമേജറി അടിസ്ഥാനമാക്കിയുള്ള സർവേ സാങ്കേതികവിദ്യ ഉപയോഗിച്ചു. ആഴ്ചകൾക്കുള്ളിൽ സർവേയർ ജനറലിന്റെ സഹായത്തോടെ പ്രദേശം മുഴുവനും സർവേ ചെയ്തു – മന്ത്രാലയം വ്യക്തമാക്കി.
ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററുമായി (BARC) സഹകരിച്ച് ഡിജിറ്റൽ എലവേഷൻ മോഡൽ ഉപയോഗിച്ച് മലയോര മേഖലയിലെ പ്രതിരോധ ഭൂമിയുടെ മികച്ച ദൃശ്യവൽക്കരണത്തിനുള്ള 3D മോഡലിംഗ് ടെക്നിക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഡിഫൻസ് എസ്റ്റേറ്റാണ് സർവേയുടെ നോഡൽ ഏജൻസി. 17.78 ലക്ഷം ഏക്കറിൽ 8.90 ലക്ഷം ഏക്കറിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ സർവേ നടത്തിയതായി മന്ത്രാലയം അറിയിച്ചു.
Discussion about this post