ഇന്ത്യൻ എയർഫോഴ്സ് കൂടുതൽ സിഎച്ച്-47 ചിനൂക് ഹെലികോപ്റ്ററുകൾ വാങ്ങാൻ നീക്കം നടത്തുന്നതായി ഇന്ത്യൻ എയർഫോഴ്സ് മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി . ഈ വർഷം അവസാനം സുരക്ഷാ കാബിനറ്റ് കമ്മിറ്റി ഇതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2015 സെപ്തംബറിൽ വ്യോമസേനയ്ക്ക് വേണ്ടി 22 അപ്പാച്ചെ ഹെലികോപ്റ്ററുകളും 15 ചിനൂക്കുകളും വാങ്ങുന്നതിനായി ഇന്ത്യ ബോയിങ്ങുമായി മൾട്ടി-ബില്യൺ ഡോളർ കരാർ ഉറപ്പിച്ചിരുന്നു. 6 AH-64E അപ്പാച്ചെ ഗാർഡിയൻ ആക്രമണ ഹെലികോപ്റ്ററുകളുടെ ഫോളോ-ഓൺ ഓർഡറുകൾ 2019-ലും അനുവദിച്ചിരുന്നു.
യഥാർത്ഥ കരാറിന്റെ ഭാഗമായ 7 ചിനൂക്ക് ഹെലികോപ്റ്ററുകളുടെ ഓർഡറുകൾക്കായി വ്യോമസേന സമ്മർദ്ദം ചെലുത്തും. എന്നാൽ ഹെലികോപ്റ്ററുകളുടെ ഉയർന്ന സംഭരണച്ചെലവ് കാരണം 4-5 യൂണിറ്റുകൾ മാത്രമേ ക്ലിയർ ചെയ്യാനാകൂ എന്നും സൂചനയുണ്ട്
ബോയിങ്ങിൽനിന്നാണ് ഇന്ത്യ ചിനൂക് ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഹെലികോപ്റ്ററുകളിൽ അധിക സംവിധാനങ്ങൾ ഒരുക്കുമെന്ന് വ്യോമസേന അറിയിച്ചിരുന്നു.
ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്ക്. 1962 ലാണ് ഈ കരുത്തൻ ആദ്യമായി പറക്കുന്നത്. തുടർന്ന് യുഎസ് സേനയുടെ ഭാഗമായി. അഫ്ഗാൻ, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളിൽ യുഎസ് സേന ചിനൂക് ഉപയോഗപ്പെടുത്തി. വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ എത്തിക്കുക എന്നതാണ് പ്രധാന ദൗത്യം. എതിരാളികളെ അപേക്ഷിച്ച് കൂടിയ വേഗമാണ് ചിനൂക്കിന്റെ പ്രത്യേകത.
Discussion about this post