പ്രതിരോധ രംഗത്ത് ലോകരാജ്യങ്ങളുമായി സൗഹൃദബന്ധം പുലർത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ . റഷ്യ, ഫ്രാൻസ് , ഇസ്രായേൽ തുടങ്ങി നിരവധി രാജ്യങ്ങളുമായി ഇന്ത്യ പ്രതിരോധ ബന്ധം പുലർത്തുന്നുണ്ട് . ഇപ്പോഴിതാ ദക്ഷിണ കൊറിയയുടെ ഹാൻവാ ഡിഫൻസ്, ഇന്ത്യയുമായി കൈകോർക്കാനുള്ള നീക്കത്തിലാണ്.
ഇന്ത്യൻ സൈന്യത്തിന് കെ 21-105 ലൈറ്റ് ടാങ്ക് അടക്കം നിരവധി ആയുധങ്ങളും മറ്റ് അടിയന്തിര സംവിധാനങ്ങളും പ്രാദേശിക വ്യാവസായിക പങ്കാളിത്തവും വാഗ്ദാനം ചെയ്യുകയാണ് ഹാൻവാ ഡിഫൻസ് . ഏകദേശം 350 ലൈറ്റ് ടാങ്കുകൾ വാങ്ങുന്നതിനെ കുറിച്ച് ദക്ഷിണ കൊറിയയുമായി 2021 ഏപ്രിലിൽ ഇന്ത്യൻ ആർമി സംസാരിച്ചിരുന്നു . ഇതിനു മറുപടിയായാണ് കമ്പനി പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത് .
ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുസൃതമായി കെ 21-105-ൽ കൂടുതൽ സജ്ജീകരണങ്ങൾ ഉൾപ്പെടുത്തുമെന്നും ജനുവരി 13 ന് ഹാൻവാ ഡിഫൻസ് വക്താവ് പറഞ്ഞു. ലൈറ്റ് ടാങ്ക് പ്രോഗ്രാം ഭാരം സെൻസിറ്റീവ് ആണെന്നും ആവശ്യമായ പ്രതിരോധ നടപടികൾ ഇന്ത്യൻ സൈന്യം വിലയിരുത്തി പറയുമെന്ന് പ്രതീക്ഷിക്കുന്നതായും വക്താവ് പറഞ്ഞു.
സ്മോക്ക് ഗ്രനേഡ് ലോഞ്ചറുകളും ഹാൻവാ ഡിഫൻസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ലേസർ മുന്നറിയിപ്പ് സംവിധാനം , തൽക്ഷണ ഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സിസ്റ്റം എന്നിവയും ഹാൻവാ ഡിഫൻസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല ഇന്ത്യൻ ആർമി നിർദേശിക്കുന്ന തരത്തിൽ മാറ്റങ്ങൾ ഉൾപ്പെടുത്താനും തയ്യാറാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
കെ 21-105 ന്റെ 105 എംഎം ടററ്റ് എലവേഷൻ ആംഗിളിൽ 42 ഡിഗ്രിയിൽ കൂടുതൽ എത്താൻ കഴിയുമെന്നും കമ്പനി വക്താവ് കൂട്ടിച്ചേർത്തു. ഈ കഴിവ് ഉയരമുള്ള പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യത്തിന് വെടിയുതിർക്കുന്നതിന് പ്രയോജനകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post