ന്യൂഡൽഹി : രാജ്യത്ത് വിദേശ ഡ്രോണുകളുടെ ഇറക്കുമതി സർക്കാർ നിരോധിച്ചു. ഡ്രോണുകളുടെ ആഭ്യന്തര നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദേശ ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് വിദേശ ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത് .
ഗവേഷണങ്ങൾ, പ്രതിരോധം, സുരക്ഷാ ആവശ്യങ്ങൾ എന്നിവയ്ക്കുള്ള ഡ്രോണുകളുടെ ഇറക്കുമതിയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അത്തരം ഇറക്കുമതികൾക്ക് കൃത്യമായ അനുമതി ആവശ്യമാണെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു .ഡ്രോൺ ഘടകങ്ങളുടെ ഇറക്കുമതിക്ക് അനുമതികൾ ആവശ്യമില്ലെന്നും പ്രസ്താവനയിൽ പറയുന്നു .
സർക്കാർ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത ഗവേഷണ-വികസന സ്ഥാപനങ്ങൾ, ഗവേഷണ വികസന ആവശ്യങ്ങൾക്കായി ഡ്രോൺ നിർമ്മാതാക്കൾ എന്നിവയ്ക്ക് ഡ്രോണുകളുടെ ഇറക്കുമതി ചില പ്രത്യേക നിഷ്കർഷതയോടെ അനുവദിക്കും. ഇത് ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് ഡിജിഎഫ്ടി നൽകുന്ന ഇറക്കുമതി അംഗീകാരത്തിന് വിധേയമായിരിക്കും.
2021 ഓഗസ്റ്റിൽ ലിബറലൈസ്ഡ് ഡ്രോൺ നിയമങ്ങൾ മന്ത്രാലയം പുറത്തിറക്കിയിരുന്നു. പിന്നാലെ 2021 സെപ്റ്റംബറിൽ ഡ്രോൺ എയർസ്‌പേസ് മാപ്പും , 2021 ഒക്ടോബറിൽ ഡ്രോൺ നയ ചട്ടക്കൂടും പുറത്തിറക്കിയിരുന്നു . കൂടാതെ, ഡ്രോൺ സർട്ടിഫിക്കേഷൻ സ്കീമും ഏകജാലക ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോമും കഴിഞ്ഞ മാസം നിലവിൽ വന്നു.
Discussion about this post