റിപ്പബ്ലിക് ദിനത്തിൽ തന്റെ കൊച്ചുകുടിലിന് മുന്നിൽ പേരക്കുട്ടികളുടെ സാന്നിധ്യത്തിൽ വയോധിക ദേശീയ പതാക ഉയർത്തിയതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു . തൃശ്ശൂർ സ്വദേശിനിയായ 69 കാരി അമ്മിണി അമ്മയാണ് വരും തലമുറയ്ക്കും പാഠമാകും വിധം സ്വന്തം കുടിലിന് മുന്നിൽ പതാക ഉയർത്തിയത് . അമ്മിണിഅമ്മയുടെ ആ ദേശസ്നേഹത്തെയാണ് ഇന്ത്യൻ നാവികസേന ആദരിച്ചത് .
തൃശൂർ ചേർപ്പിലെ സിഎൻഎൻ ഹൈസ്‌കൂളിലെ ഏഴ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒപ്പമാണ് അമ്മിണി അമ്മ കൊച്ചിയിലെ സതേൺ നേവൽ കമാൻഡ് ആസ്ഥാനത്ത് എത്തിയത്.
അമൃത് മഹോത്സവത്തിന്റെ ഭാഗമായി, സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലെ കുട്ടികളുടെ ആവേശം കണ്ടാണ് ഇന്ത്യൻ നാവികസേന കൊച്ചി നേവൽ ബേസ് സന്ദർശിക്കാൻ അനുവാദം നൽകിയതെന്ന് നാവികസേനയുടെ പ്രസ്താവനയിൽ പറയുന്നു.
നിലവിൽ കൊച്ചി ആസ്ഥാനമായുള്ള ലാൻഡിംഗ് ഷിപ്പായ ഇന്ത്യൻ നേവൽ ഷിപ്പ് മഗറിലേക്കാണ് ഇവരെ കൊണ്ടുപോയത്. തുടർന്ന് ഇവരെ ഫോർട്ട് കൊച്ചിയിലെ ഇന്ത്യൻ നേവൽ മാരിടൈം മ്യൂസിയത്തിലേക്കും നേവിയുടെ ഗണ്ണറി പരിശീലന സ്ഥാപനമായ ഐഎൻഎസ് ദ്രോണാചാര്യയിലേക്കും കൊണ്ടുപോയി.
ഐഎൻഎസ് മഗർ, ഐഎൻഎസ് ദ്രോണാചാര്യ എന്നിവയുടെ കമാൻഡിംഗ് ഓഫീസറും സ്റ്റാഫും അതിഥികൾക്ക് നാവികസേനയുടെ ഉപഹാരങ്ങളും സുവനീറുകളും സമ്മാനിച്ചു. അമ്മിണിഅമ്മയെ പൊന്നാടയും അണിയിച്ചു.
ചെറുചേനം സ്വദേശി വെള്ളൂന്നപറമ്പിൽ മകൻ വിജയനൊപ്പമാണ് അമ്മിണി അമ്മ കഴിയുന്നത് . സിഎൻ എൻ ബോയ്‌സ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ എ ആർ പ്രവീൺ കുമാറാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്താൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുകയും ആ നിമിഷത്തിന്റെ വീഡിയോ പകർത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് .
ഇതനുസരിച്ചാണ് അമ്മിണി അമ്മ പതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ അമ്മിണി അമ്മയുടെ കൊച്ചുമകളും പ്ലസ് ടു വിദ്യാർഥിനിയുമായ വിസ്മയ മൊബൈലിൽ ചിത്രീകരിച്ചത്.
Discussion about this post