രാജ്യ സേവനത്തിനായി ഏറ്റവും അപകടം പിടിച്ച ജോലി ഏറ്റെടുക്കുക. പിടിക്കപ്പെട്ടാൽ മാതൃ രാജ്യം പോലും പരസ്യമായി അത് സമ്മതിക്കാതിരിക്കുക.. രാജ്യത്തിനു വേണ്ടി ചെയ്ത കാര്യങ്ങൾ ഒരാൾ പോലും അറിയാതിരിക്കുക.. ഒരു പക്ഷേ ആരുമറിയാതെ ശത്രു രാജ്യങ്ങളുടെ ഇരുണ്ട ജയിലറകളിൽ എല്ലാം അവസാനിച്ചേക്കാം- സ്പൈ അഥവാ ചാരന്മാരുടെ ജീവിതം ഇങ്ങനെയൊക്കെയാണ്.
ഒരു സന്ദർശകൻ പോലും കാണാനില്ലാതെ മൂന്നര പതിറ്റാണ്ടുകാലം. ഒരിക്കൽ പോലും സൂര്യന്റെ വെട്ടം കാണാൻ കഴിയാതെ ഒറ്റയ്ക്ക് ഇരുട്ടു മുറിയിൽ.. എന്നിട്ടും ഒരു രഹസ്യം പോലും പറയാതെ പിടിച്ചു നിന്ന ഒരു ധീരനുണ്ട് നമുക്ക്. കശ്മീർ സിംഗ്- നീണ്ട മുപ്പത്തഞ്ച് വർഷത്തെ തടവിനു ശേഷം തിരിച്ചെത്തിയ കശ്മീർ സിംഗ് അപ്പോഴും പറഞ്ഞത് ഒരു കാര്യം മാത്രമാണ്. രാജ്യം ആവശ്യപ്പെട്ടാൻ ഇനിയും ഞാനിത് ചെയ്യാൻ തയ്യാറാണ്.
പഞ്ചാബ് പൊലീസിൽ നിന്നാണ് കശ്മീർ സിംഗ് ഇന്ത്യൻ സൈന്യത്തിൽ അംഗമാകുന്നത്. സൈനികനായി തുടരുന്നതിനിടയിലാണ് പാകിസ്താനിൽ പോകാൻ തയ്യാറുണ്ടോ എന്ന് മിലിട്ടറി ഇന്റലിജൻസിന്റെ ഭാഗമായ ഒരാൾ കശ്മീർ സിംഗിനോട് ചോദിക്കുന്നത്. സാഹസികതയെ എന്നും പ്രണയിച്ചിരുന്ന ആ യുവാവിന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. അവിടെ കശ്മീർ സിംഗിന്റെ ഇന്ത്യൻ ചാരനെന്ന ജീവിതം ആരംഭിക്കുകയായിരുന്നു.
ഫോട്ടോഗ്രാഫി പഠിക്കലായിരുന്നു ആദ്യത്തെ ജോലി . മൂന്നുമാസത്തെ പരിശീലനം ലഭിച്ചു. മിലിട്ടറി വാഹനങ്ങളെപ്പറ്റിയും സൈനിക വ്യൂഹങ്ങളെപ്പറ്റിയും വിശദമായി പഠിച്ചു. കശ്മീർ സിംഗെന്ന ഇന്ത്യൻ പൗരൻ അങ്ങനെ മുഹമ്മദ് ഇബ്രാഹിമായി. ഉറുദു നന്നായറിയുന്നത് വേഷപ്പകർച്ചയ്ക്ക് നല്ലൊരു അനുഗ്രഹമായി.
1969 ലെ ഒരു തണുത്ത പ്രഭാതത്തിൽ ഗുരുദാസ്പൂരിനു സമീപം അതിർത്തി വഴി കശ്മീർ സിംഗെന്ന മുഹമ്മദ് ഇബ്രാഹിം പാകിസ്താനിലേക്ക് കടന്നു. ലാഹോറിലേയും മുൾട്ടാനിലേയുമൊക്കെ സൈനിക കേന്ദ്രങ്ങൾക്ക് സമീപമെത്തി ചിത്രങ്ങളെടുത്തു. പത്ത് ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തി. അതിനു ശേഷം അൻപതിലധികം പ്രാവശ്യം കശ്മീർ സിംഗ് പാകിസ്താനിൽ പോയി തിരിച്ചു വന്നു. ഇതിനിടയിൽ ഒരിക്കൽ ചൈന പാകിസ്താനു നൽകിയ ടി- 59 ടാങ്കിന്റെ ചിത്രവും കശ്മീർ സിംഗ് എടുത്തിരുന്നു.
1973 ൽ പാകിസ്താനിൽ പെഷവാറിൽ നിന്ന് റാവൽപിണ്ടിയിലേക്ക് സഞ്ചരിക്കുകയായിരുന്നു കശ്മീർ സിംഗ്. ഗൈഡ് ആയി ഒരാളും കൂടെയുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ തന്നെ കൂടെയുണ്ടായിരുന്ന ആളെപ്പറ്റി ചെറിയൊരു സംശയം കശ്മീർ സിംഗിനു തോന്നി. ഹൈവേയിൽ സ്റ്റോപ്പില്ലാത്ത ഒരിടത്ത് ബസ് നിർത്താൻ തുടങ്ങുമ്പോൾ തന്നെ അപകടം മണത്ത സിംഗ് കയ്യിലിരുന്ന ക്യാമറ ബുദ്ധിപരമായി ഉപേക്ഷിച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ അടുത്തെത്തിയ പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർ കശ്മീരി സിംഗിനെ കൂടെകൂട്ടി അജ്ഞാത കേന്ദ്രത്തിലെത്തിച്ചു.
പിന്നെ കൊടിയ പീഡനങ്ങൾ .. മൂന്നാം മുറകൾ പല ദിവസവും തുടർന്നു. ഒരിക്കൽ പോലും ഒരു രഹസ്യവും സിംഗ് പറഞ്ഞില്ല. ചാരനാണെന്ന് സമ്മതിച്ചതേയില്ല. ഒരു തെളിവും കിട്ടിയില്ലെങ്കിലും പാക് സൈനിക കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലുകളും ദയാഹർജികളുമായി നീണ്ട മുപ്പത്തഞ്ച് വർഷങ്ങൾ. ഒരിക്കൽ പോലും ഒരു സന്ദർശകൻ അദ്ദെഹത്തെ കാണാനെത്തിയില്ല. ഒരിക്കൽ പോലും ആകാശം കാണാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പതിനേഴ് വർഷം ചങ്ങലകളിൽ ബന്ധിതനായി യൗവ്വനത്തിന്റെ മുപ്പത്തഞ്ച് വർഷങ്ങൾ ഇരുട്ടറയിലൊടുങ്ങി.
ഒടുവിൽ പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ മുന്നിലെത്തിയ ദയാഹർജിയിൽ കശ്മീർ സിംഗിന് മോചനമായി. പാകിസ്ഥാൻ മന്ത്രിയായിരുന്ന അൻസാർ ബേണിയായിരുന്നു മോചനത്തിനു വേണ്ടി ശ്രമിച്ചത്. അങ്ങനെ 2008 ൽ വാഗ അതിർത്തി വഴി കശ്മീർ സിംഗ് ഇന്ത്യയിലെത്തി. അതിർത്തി കടന്നെത്തിയ ഹീറോയ്ക്ക് വലിയ സ്വീകരണമായിരുന്നു ഇന്ത്യൻ ജനത നൽകിയത്. പത്തിൽ താഴെ വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മൂന്ന് കുഞ്ഞുങ്ങളേയും യുവതിയായിരുന്ന ഭാര്യയേയും തനിച്ചാക്കിയായിരുന്നു ആ ധീരൻ രാജ്യത്തിനു വേണ്ടി ചാരനായത്.
കൊടിയ പീഡനങ്ങൾ അനുഭവിച്ചിട്ടും ഏകാന്ത തടവറയിൽ നീണ്ട മുപ്പത്തിയഞ്ച് വർഷങ്ങൾ കിടന്നിട്ടും ആ പോരാളിക്ക് ഒരു വിഷമവുമുണ്ടായില്ല. നഷ്ടപ്പെട്ട ഒന്നിലും എനിക്ക് വേദനയോ ചെയ്ത കാര്യത്തിൽ പശ്ചാത്താപമോ ഇല്ല. ഇനിയും എന്റെ മാതൃ രാജ്യം പറഞ്ഞാൽ എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്.
നോക്കൂ എത്ര മഹത്തായ ദേശസ്നേഹം.. ആരാരുമറിയാതെ ആർക്കും കണ്ടെത്താനാകാതെ എത്രയോ പേർ ഇന്നും ഈ രാജ്യത്തിനു വേണ്ടി കഷ്ടപ്പെടുന്നുണ്ടാകും. തിരിച്ചെത്തിയതു കൊണ്ട് മാത്രം നമ്മൾ കശ്മീർ സിംഗെന്ന പോരാളിയെപ്പറ്റി അറിഞ്ഞു. ഒന്നും വേണ്ടാതെ ഒന്നുമറിയാതെ സ്നേഹിക്കുന്നവരെ ഒരു നോക്കു കാണാൻ കഴിയാതെ എത്രപേർ ഇതിനോടകം ജീവൻ വെടിഞ്ഞിട്ടുണ്ടാകും .
ഇന്ത്യ തലയുയർത്തി നിൽക്കുന്നത് ആ ധീരന്മാരുടെ കരുത്തിലാണ് .. ത്യാഗത്തിലാണ് – ആ ധീരതയ്ക്ക് മുന്നിൽ പ്രണാമങ്ങൾ ..
Discussion about this post