കരയിലും കടലിലും ആകാശത്തും ഒരു കുലുക്കവുമില്ലാതെ , മരുഭൂമിയോ പർവ്വത മേഖലയോ , കൊടും കാടോ എന്തുമാകട്ടെ കരുത്തോടെ പോരാടി വിജയിക്കാൻ പരിശീലനം സിദ്ധിച്ച ഇന്ത്യൻ സേനയുടെ ഒരേയൊരു വിഭാഗം. പങ്കെടുത്ത ഓപ്പറേഷനുകളിലെല്ലാം ശത്രുക്കളെ തകർത്തെറിഞ്ഞ പോരാട്ട വീര്യം – ദ മറൈൻ കമാൻഡോസ് – മാർകോസ് – ദ ഫ്യൂ ദ ഫിയർലസ്
1987 ഫെബ്രുവരിയിലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി മാർകോസ് രൂപീകരിച്ചത്. ഇന്ത്യൻ നാവികസേനയിൽ 1955 ൽ രൂപീകരിച്ച ഡൈവിംഗ് യൂണിറ്റാണ് മാർകോസിന്റെ ആദ്യ രൂപം. ഭീകര വിരുദ്ധ പോരാട്ടങ്ങളും സ്പെഷ്യൽ ഓപ്പറേഷനുകളും ചെയ്യാൻ കഴിയുന്ന പ്രത്യേക കമാൻഡോ യൂണിറ്റ് വേണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മാർകോസ് രൂപം കൊണ്ടത്. ഡൈവിംഗ് യൂണിറ്റിലെ മൂന്ന് ഓഫീസർമാരാണ് ആദ്യത്തെ മറൈൻ കമാൻഡോസ്. അമേരിക്കയിലെ നേവി സീൽ ആസ്ഥാനത്തും ബ്രിട്ടനിലെ സ്പെഷ്യൽ ഫോഴ്സ് ആസ്ഥാനത്തും പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഈ മൂവർ സംഘത്തിൽ നിന്നാണ് മാർകോസിന്റെ തുടക്കം. ദ ഇന്ത്യൻ മറൈൻ സ്പെഷ്യൽ ഫോഴ്സ് എന്ന ഈ ടീമാണ് 1991 ൽ മറൈൻ കമാൻഡൊ ഫോഴ്സ് അഥവാ മാർകോസ് ആയി മാറിയത്. മുംബൈ , വിശാഖപട്ടണം, ഗോവ , കൊച്ചി , പോർട്ട്ബ്ലെയർ എന്നീ നാവിക ആസ്ഥാനങ്ങളിലാണ് മാർകോസിന്റെ സാന്നിദ്ധ്യമുള്ളത്. ഐ.എൻ.എസ് അഭിമന്യുവായിരുന്നു നേരത്തെ മാർകോസിന്റെ ആസ്ഥാനം. 2016 ൽ കമ്മീഷൻ ചെയ്ത നെവൽ ബേസ് ഐ.എൻ.എസ് കർണയാണ് ഇപ്പോൾ മാർകോസിന്റെ സ്ഥിരം ആസ്ഥാനം.
നാവികസേനയിൽ അംഗമാകുക എന്നതാണ് മാർകോസിലെത്താനുള്ള ഏറ്റവും ആദ്യ കടമ്പ. കമാൻഡോ ആകാൻ താത്പര്യമുള്ളവർ കഠിനമായ പരിശീലനം നേരിടേണ്ടി വരും . മാനസികമായും ശാരീരികമായും സൂപ്പർ ഹ്യൂമൻ ആയാൽ മാത്രമേ ആദ്യഘത്തിലെങ്കിലും എത്താൻ കഴിയൂ. ആദ്യ ഘട്ടത്തിൽ മൂന്നു ദിവസം നീളുന്ന ശാരീരിക ക്ഷമത പരീക്ഷയും അഭിരുചി പരീക്ഷയും നടക്കും . ഇതിൽ തന്നെ നല്ലൊരു ശതമാനം പേരും പുറത്താകും. ബാക്കിയുള്ളവരെ കാത്തിരിക്കുന്നത് അതികഠിനമായ പരീക്ഷണങ്ങളാണ്. ഹെൽസ്സ് വീക്ക് അഥവാ നരകത്തിലെ ആഴ്ച്ച എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ഒരാഴ്ച്ചയല്ല അഞ്ചാഴ്ച്ച നീളുന്ന പരിശീലനമാണ്. ഈ സമയത്ത് ദിവസം 20 മണിക്കൂറാണ് ശാരീരിക ക്ഷമത പരിശീലനം നടക്കുക. 4 മണിക്കൂർ ബാക്കിയുള്ള എല്ലാ ദിനകൃത്യങ്ങൾക്കുമാണ്. അതായത് ഉറങ്ങാൻ അരമണിക്കൂർ കിട്ടിയാൽ തന്നെ അത്ഭുതമാണ്. എല്ലാദിവസവും ആരംഭിക്കുന്നത് 20 കിലോമീറ്റർ ഓട്ടത്തോടെയാണ്. 60 കിലോ ഭാരവുമായി രാത്രിയിൽ വീണ്ടും 20 കിലോമീറ്റർ ട്രെക്കിംഗ് ഉണ്ട്. ആഴ്ച്ചയിലൊരു ദിവസം 120 കിലോമീറ്റർ നടക്കണം. വെറുതെ നടന്നാൽ പോരാ 60 കിലോഗ്രാം ഭാരം ചുമന്നാണ് നടക്കേണ്ടത്.
നരകത്തിലെ ആഴ്ച്ച അവസാനിക്കുമ്പോൾ അതികഠിനമായ മറ്റൊരു പരീക്ഷണമാണ് നേരിടേണ്ടത്. മുട്ടിന് മുകളിൽ നിൽക്കുന്ന കടുത്ത ചെളിയിൽ കൂടി 25 കിലോഗ്രാം ഭാരവും വഹിച്ച് ഓടണം. 800 മീറ്റർ ദൂരമാണ് ഓടേണ്ടത്ത് . കഴിഞ്ഞില്ല അതിന് തൊട്ട് പിന്നാലെ രണ്ടര കിലോമീറ്റർ വരുന്ന മറ്റൊരു ഓട്ടവുമുണ്ട്.നിരവധി തടസ്സങ്ങൾ മറികടന്നു വേണം ലക്ഷ്യസ്ഥാനത്തെത്താൻ. തീർന്നില്ല. 25 മീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് നിറയൊഴിക്കണം. ആ ലക്ഷ്യത്തിന് തൊട്ടടുത്ത് തന്നെ സഹപ്രവർത്തകനെ നിർത്തും. ഒന്ന് പാളിയാൽ സഹപ്രവർത്തകന്റെ ജീവൻ അപകടത്തിലാകും.ഷൂട്ട് ചെയ്തില്ലെങ്കിൽ പരിശീലനത്തിൽ നിന്ന് പുറത്താകും.
സെലക്ഷനു വേണ്ടിയുള്ള സെലക്ഷനാണ് ഇതുവരെ കഴിഞ്ഞത്. ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് രണ്ടരമാസം നീണ്ടു നിൽക്കുന്ന അടിസ്ഥാന കമാൻഡോ പരിശീലനമാണ് നേരിടേണ്ടത്. ആയുധ പരിശീലനം , ആയുധമില്ലാത്ത പോരാട്ടം , ബന്ദികളെ രക്ഷിക്കൽ , മുഖാമുഖമുള്ള പോരാട്ടം തുടങ്ങിയവയിലാണ് കഠിന പരിശീലനം. ഇത് പൂർത്തിയാക്കിയാൽ അഡ്വാൻസ് കോഴ്സിലേക്ക് കടക്കും. ആദ്യം പ്രൊബേഷൻ കാലമാണ്. വിജയിച്ചില്ലെങ്കിൽ പരിശീലനം തുടരാൻ കഴിയില്ല.
അഡ്വാൻസ് ഘട്ടത്തിൽ കരുത്തനായ ഒരു സ്പെഷ്യൽ ഫോഴ്സ് മറൈൻ കമാൻഡോയെ വാർത്തെടുക്കുന്ന കഠിന പരിശീലനമാണ് നേരിടേണ്ടത്. ഹൈ ആൾറ്റിറ്റ്യൂഡ് ഹൈ ഓപ്പണിംഗ് , ഹൈ ആൾറ്റിറ്റ്യൂഡ് ലോ ഓപ്പണിംഗ് പാരച്യൂട്ട് ജമ്പ് , വിവിധ ഭാഷാ പഠനം , വിവിധ സംസ്കാരങ്ങളെക്കുറിച്ചുള്ള പഠനം , സ്ഫോടകവസ്തു നിർമ്മാണം , സ്നൈപ്പർ പരിശീലനം , വെള്ളത്തിലും കരയിലുമായുള്ള ഓപ്പറേഷനുകൾ തുടങ്ങി വിവിധ മേഖലകളിൽ പർശീലനം നടക്കും. വനമേഖലയിലുള്ള യുദ്ധം ചെയ്യാനുള്ള പരിശീലനം മിസോറാമിലെ കൗണ്ടർ ഇൻസർജൻസി ആൻഡ് ജംഗിൾ വാർഫെയർ സ്കൂളിൽ നടക്കും. തവാംഗിലെ പർവത് ഘട്ടക് സ്കൂളിൽ പർവ്വത മേഖലയിൽ യുദ്ധം ചെയ്യാൻ വേണ്ടിയുള്ള പരിശീലനവും രാജസ്ഥാനിലെ ഡെസെർട്ട് വാർഫെയർ സ്കൂളിൽ മരുഭൂമികളിൽ പോരാടാനുള്ള പരിശീലനവും ലഭിക്കും. മറ്റ് സ്പെഷ്യൽ ഫോഴ്സുകൾക്കൊപ്പമാണ് ഇവിടങ്ങളിൽ പരിശീലനം നടക്കുന്നത് . രാജ്യത്ത് സമുദ്രത്തിലേക്ക് എല്ലാ ആയുധങ്ങളുമായി പാരാ ജമ്പ് നടത്താൻ കഴിവുള്ള ഏക സ്പെഷ്യൽ ഫോഴ്സും മാർക്കോസ് മാത്രമാണ്.
ഏതാണ്ട് മൂന്നരവർഷത്തിലധികം നീളുന്ന കൊടും പരിശീലനം . അതിനു ശേഷം മുടക്കമില്ലാത്ത ദൈനം ദിന പരിശീലനം . ഏത് പോരാട്ട മേഖലയിലും എതിരാളിയെ ആരായിരുന്നാലും തകർത്ത് തരിപ്പണമാക്കാനുള്ള മനുഷ്യ യന്ത്രമായി മാർകോസ് മാറും. എട്ടുപേരടങ്ങുന്ന പ്രഹാർ ടീമായി മാറുന്നതോടെ ലോകത്തെ എറ്റവും അപകടകാരികളായ കമാൻഡോ ടീം യുദ്ധസന്നദ്ധമാകും.
അത്യാധുനിക ആയുധങ്ങളാണ് മാർകോസ് ഉപയോഗിക്കുന്നത്. വെള്ളത്തിനടിയിൽ ഷൂട്ട് ചെയ്യാൻ കഴിയുന്ന റഷ്യൻ നിർമ്മിത എ.പി.എസ് അണ്ടർ വാട്ടർ അസോൾട്ട് റൈഫിൾ , ഇസ്രയേൽ നിർമ്മിത ടവർ അസോൾട്ട് റൈഫിൾ , എം 92 ഓട്ടോമാറ്റിക് പിസ്റ്റൾ , ബ്രൗണിംഗ് ഹൈ പവർ പിസ്റ്റൾ , കാൾ ഗുസ്താവ് റികോയിലസ് റൈഫിൾ , എ.കെ 103 അസോൾട്ട് റൈഫിൾ, ഹെക്ലർ കോഷ് സബ് മെഷീൻ ഗൺ , ഐ.ഡബ്ല്യു .ഐ ഗലീൽ സ്നൈപ്പർ, നെഗേവ് ലൈറ്റ് മെഷീൻ ഗൺ തുടങ്ങി വിവിധങ്ങളായ ആയുധങ്ങളാണ് മാർകോസിന്റെ കരുത്ത്.
രൂപീകരിച്ച് ഒരു വർഷമാകുന്നതിനു മുൻപ് തന്നെ അൻപത്തിയഞ്ച് രഹസ്യ ഓപ്പറേഷനുകളാണ് മാർകോസ് നടത്തിയത്. ഇന്ത്യൻ സമാധാന സേനയുടെ ഓപ്പറേഷൻ പവന്റെ 1987 ൽ ജാഫ്നയിലെ എൽ.ടി.ടി.ഇ ഹാർബർ ആക്രമിച്ച് നശിപ്പിച്ചത് മാർകോസായിരുന്നു. പന്ത്രണ്ട് കിലോമീറ്റർ കടലിലൂടെ നീന്തിയാണ് കമാൻഡോകൾ ഓപ്പറേഷൻ നടത്തിയത്. ദൗത്യം വിജയകരമാക്കി തിരിച്ച് നീന്തിയ കമാൻഡോകൾക്കെതിരെ വെടിവെപ്പുണ്ടായെങ്കിലും ഒരാളെപ്പോലും നഷ്ടപ്പെടുത്താതെ സംഘം തിരിച്ചെത്തി.മാലിദ്വീപിൽ നടന്ന തീവ്രവാദ അട്ടിമറി ശ്രമം തടയുന്നതിൽ ഇന്ത്യൻ കരസേനയ്ക്കൊപ്പം മാർകോസും നിർണായക പങ്കു വഹിച്ചു. 23 പേരെ ബന്ദികളാക്കി ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടി പാഞ്ഞു പോയ തീവ്രവാദികളെ പിടികൂടാനും ബന്ദികളെ രക്ഷപ്പെടുത്താനും മാർകോസിന്റെ പോരാട്ട മികവ് സഹായിച്ചു.
വൂളാർ തടാകം വഴി വളരെ എളുപ്പം ശ്രീനഗറിലെത്തി ആക്രമണം നടത്തുന്ന രീതിയായിരുന്നു കശ്മീരിൽ ഭീകരർ അവലംബിച്ചിരുന്നത്. മാർകോസിന്റെ രണ്ട് മുതൽ നാല് വരെയുള്ള ടീമിനെ വുളാർ തടാകത്തിൽ നിയോഗിച്ചതോടെ ഭീകരർക്ക് കനത്ത തിരിച്ചടി നേരിട്ടു. നിരവധി ഭീകര കമാൻഡർമാരെ കാലപുരിക്കയച്ചു. ഭീകരർക്കിടയിൽ വെള്ളിടിയായി മാർകോസ് മാറി. മാർകോസ് പങ്കെടുക്കുന്ന ഭീകര വിരുദ്ധ പോരാട്ടങ്ങളിൽ വളരെ അപൂർവ്വമായി മാത്രമേ നമുക്ക് സൈനികരെ നഷ്ടമായിട്ടുള്ളൂ. സൈന്യത്തിന്റെ വേഷവിധാനങ്ങളും ഹെയർ സ്റ്റൈലും ആവശ്യമില്ലാത്തതിനാൽ കമാൻഡോകളെ തിരിച്ചറിയാൻ പോലുമാകാതെ ഭീകരർ കുഴങ്ങി. മുഖം മറയ്ക്കുന്ന കറുത്ത തുണി ഉള്ളതിനാൽ താടിവാല സൈനികർ എന്ന് മാർകോസ് കശ്മീരിൽ അറിയപ്പെട്ടു തുടങ്ങി. വൂളാർ വഴിയുള്ള ഭീകര നീക്കങ്ങളും കുറഞ്ഞു.
1999 ലെ കാർഗിൽ യുദ്ധത്തിൽ പാക് സൈനികർ പിടിച്ചടക്കിയ സൈനിക പോസ്റ്റുകൾ തിരിച്ചു പിടിക്കാൻ കരസെനയ്ക്കൊപ്പം സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പായി മാർകോസും ഇടപെട്ടിരുന്നു. മാർകോസിന്റെ മിന്നലാക്രമണങ്ങൾ പാക് സൈന്യത്തിന് കനത്ത നാശ നഷ്ടം ഉണ്ടാക്കി. കൂടുതലും രഹസ്യാത്മകമായ ഓപ്പറേഷനുകളായതിനാൽ കാർഗിലിലെ മാർകോസ് പ്രവർത്തനങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.
2008 ലെ മുംബൈ ആക്രമണം മാർകോസിന്റെ കരുത്തും വൈദഗ്ദ്ധ്യവും വെളിവാക്കി. നാഷണൽ സെക്യൂരിറ്റി ഗാർഡ് ഡൽഹിയിൽ നിന്നെത്തുന്നതിനു മുൻപ് ഹോട്ടൽ താജിലും ഓബ്റോയി ട്രിഡന്റിലും പറന്നിറങ്ങിയത് മാർകോസായിരുന്നു. താജിൽ ആളുകൾ ഭീകരെ പേടിച്ച് ഒളിച്ചിരുന്ന മുറികൾക്ക് പുറത്ത് കാവലായി മാർകോസ് നിലകൊണ്ടു. ഗ്രനേഡ് ആക്രമണവും കടുത്ത വെടിവെപ്പും ഉണ്ടായിട്ടും ഒരു പോറൽ പോലുമേൽക്കാതെ ഹോട്ടലിലെ ബാക്കിയുള്ള താമസക്കാരെയും ജീവനക്കാരേയും കരുതലോടെ സംരക്ഷിക്കാൻ മാർകോസിനായി.ഹോട്ടൽ താജിൽ നിന്ന് ഇരുനൂറ്റിയൻപതോളം പേരെയാണ് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ട്രിഡന്റിലും ഭീകരരെ എൻ.എസ്.ജി എത്തുന്നതു വരെ മറ്റൊരാക്രമണവും നടത്താൻ വിടാതെ പിടിച്ചു നിർത്തി. എൻ.എസ്.ജി എത്തിയതോടെ അവർക്ക് ഓപ്പറേഷൻ കൈമാറി മാർകോസ് നേവൽ ബേസിലേക്ക് മടങ്ങി.
രൂപീകരണം മുതൽ ഇങ്ങോട്ട് രാജ്യം ഏതൊക്കെ സമയങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ മരണത്തെ വെല്ലുവിളിച്ച് മാർകോസ് അവരുടെ ധീരത പ്രകടമാക്കിയിട്ടുണ്ട് . അത് ഭീകരാക്രമണങ്ങളാകട്ടെ , കടൽക്കൊള്ളക്കാരുടെ ആക്രമണങ്ങളാകട്ടെ , സമുദ്ര മേഖലയിലുള്ള അപകടങ്ങളാകട്ടെ , പ്രകൃതി ദുരന്തങ്ങളാകട്ടെ ഏത് മേഖലയിലും ആരാലും അറിയപ്പെടാതെ ഇന്നും ആ ധീരത പ്രകടമാക്കുന്നുമുണ്ട്..
ഒരു ചുവട് പോലും പിഴയ്ക്കാതെ .. ലക്ഷ്യത്തിലേക്ക് മാത്രം കണ്ണു നട്ട്- ! മാർകോസ് – ദ ഫ്യൂ ദ ഫിയർലസ് !
Discussion about this post