താർ മരുഭൂമിയിലെ കൊടുംചൂടിലും കശ്മീരിലെ കൊടുംതണുപ്പിലും ബംഗാളിലെ ചതുപ്പിലും പഞ്ചാബിലെ സമതലങ്ങളിലും ഒരുപോലെ കാലിടറാതെ വർഷം മുഴുവൻ കർമ്മനിരതരായിരിക്കുന്ന ഭാരതത്തിന്റെ അർദ്ധസൈനികവിഭാഗമാണ് BSF അഥവാ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. പ്രധാനമായും പാകിസ്ഥാൻ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്നതിനായി പ്രത്യേകമായി രൂപീകരിച്ച സേനയാണ് BSF. ഭാരതവും പാകിസ്ഥാനും തമ്മിൽ നടന്ന രണ്ടാമത്തെ യുദ്ധത്തിനൊടുവിൽ 1965ലാണ് BSFന്റെ സ്ഥാപനം. അതുവരെ പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചിരുന്ന സംസ്ഥാന പോലീസ് വിഭാഗങ്ങളെ മാറ്റി പകരം അതിർത്തി സുരക്ഷയ്ക്ക് വേണ്ടി മാത്രമായി സൃഷ്ടിച്ച സേനയാണ് BSF.
1965ന്റെ മദ്ധ്യപാദത്തിൽ ജമ്മുകശ്മീർ പിടിച്ചെടുക്കാനായി പാകിസ്ഥാൻ നടത്തിയ സൈനികദൗത്യമായിരുന്നു ഓപ്പറേഷൻ ജിബ്രാൾട്ടർ. എന്നത്തെയും പോലെ യുദ്ധത്തിന്റെ അവസാനം പാകിസ്ഥാൻ തോറ്റു എങ്കിലും ഐക്യരാഷ്ട്രസഭ മുൻകയ്യെടുത്ത് ഇരുരാജ്യങ്ങളെയും കൊണ്ട് ഒരു വെടിനിർത്തൽ കരാറിൽ ഒപ്പുവെപ്പിച്ചു. സോവിയറ്റ് റഷ്യയിലെ താഷ്കെന്റിൽ (ഇന്നത്തെ ഉസ്ബെക്കിസ്ഥാൻ) വച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്ഥാൻ പ്രസിഡന്റായിരുന്ന മുഹമ്മദ് അയൂബ് ഖാനും തമ്മിൽ ഒരു സമാധാനകരാറിൽ ഏർപ്പെടുകയും ചെയ്തു. അധികം വൈകാതെ താഷ്കെന്റിൽ വച്ച് തന്നെ ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി “പൊടുന്നനെയുണ്ടായ ഒരു ഹൃദയാഘാതത്തെ”ത്തുടർന്ന് നിര്യാതനാവുകയും ചെയ്തു. അതേ വർഷം ഡിസംബർ ഒന്നാം തീയതി ശ്രീ KF റസ്തംജിയുടെ നേതൃത്വത്തിൽ ദൽഹി ആസ്ഥാനമായി BSF എന്ന അതിർത്തി രക്ഷാസേന ഔദ്യോഗികമായി നിലവിൽ വരികയും ചെയ്തു.
സ്ഥാപിതമായി ആറു വയസ്സ് പിന്നിട്ടപ്പോൾത്തന്നെ ഭാരത ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ യുദ്ധങ്ങളിലൊന്നായ 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ BSF സജീവമായി പങ്കെടുത്തു. അതിനു ശേഷം 1980കളിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാർ, ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ, ISI പിന്തുണയോടെ വന്ന ഖാലിസ്ഥാൻ ഭീകരന്മാർക്കെതിരായ പോരാട്ടം, കശ്മീരിലെ ഭീകരന്മാർ എന്നിവർക്കെതിരായ പോരാട്ടങ്ങൾ, ഓപ്പറേഷൻ വിജയ് (കാർഗിൽ യുദ്ധം), 2001ൽ ബംഗ്ലാദേശ് അതിർത്തിയിൽ നടന്ന സൈനികപോരാട്ടം, ഓപ്പറേഷൻ പരാക്രം (2001–2002ൽ ഭാരതം പാകിസ്താന്റെ അതിക്രമത്തിനെതിരായി നടത്തിയത്), 2013 മുതൽ 2019 വരെ പാകിസ്ഥാൻ അതിർത്തിയിൽ നടന്ന വിവിധ പോരാട്ടങ്ങൾ എന്നിവയിലും BSF സജീവമായി രംഗത്തു വന്നു. 2005 മുതൽ UN സമാധാനസേനയിലും BSF സേനാംഗങ്ങൾ സേവനമനുഷ്ഠിച്ചു വരുന്നു. മികച്ച സേവനം കാഴ്ചവച്ചിട്ടുള്ള BSF സൈനികരുടെ ശൗര്യത്തിനു തെളിവാണ് അവർ നേടിയിട്ടുള്ള മഹാവീരചക്രവും കീർത്തിചക്രവും അടക്കമുള്ള വിവിധ സൈനികബഹുമതികൾ. രണ്ടു പ്രധാന കമാൻഡുകളുടെ കീഴിലായി 186 ബറ്റാലിയനുകളും രണ്ടരലക്ഷത്തിലധികം സൈനികരുമുണ്ട് BSFന്.
BSFന്റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു ലോംഗേവാലയിലെ യുദ്ധം. 1971ൽ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ ഭാരതം സജീവമായി ഇടപെട്ടതിനു തൊട്ടുപിന്നാലെ പാകിസ്ഥാൻ പടിഞ്ഞാറൻ ഭാരതത്തെ ആക്രമിച്ചു. ആളും അർത്ഥവും കുറഞ്ഞ മരുഭൂമിയിലൂടെ ഭാരതത്തിലേക്ക് കടന്നാൽ യുദ്ധത്തിൽ എളുപ്പം മേൽക്കൈ നേടാമെന്ന് വ്യാമോഹിച്ചായിരുന്നു പാകിസ്താന്റെ ഈ നീക്കം. നാല് BSFകാരടക്കം 120 സൈനികർ മാത്രമുണ്ടായിരുന്ന ലൊമ്ഗേവാലയിലെ ഔട്ട്പോസ്റ്റിനെ മൂവായിരത്തോളം സൈനികരും നാൽപ്പതോളം ടാങ്കുകളും മറ്റു വാഹനങ്ങളുമായി ആക്രമിച്ച പാകിസ്ഥാന് അവസാനം 34 ടാങ്കുകളും 200 സൈനികരും അനേകം മറ്റു വാഹനങ്ങളും നഷ്ടമായി. ആ യുദ്ധം 1971ലെ യുദ്ധത്തിൽ സൃഷ്ടിച്ച വഴിത്തിരിവ് വളരെ വലുതാണ്. അതിനും നാളുകൾക്ക് മുൻപുതന്നെ ബംഗ്ലാദേശ് വിമോചനസേനയായിരുന്ന മുക്തിബാഹിനിക്ക് പാകിസ്ഥാൻ സൈന്യത്തെ നേരിടാനാവശ്യമായ സൈനികപരിശീലനം നൽകിയതും BSF തന്നെയായിരുന്നു.
ഭാരതത്തിൽ സ്വന്തമായി ആർട്ടിലറി റജിമെന്റും 24 എയർക്രാഫ്റ്റുകൾ അടങ്ങുന്ന എയർ വിങ്ങുമുള്ള ഒരേയൊരു അർദ്ധസൈനികവിഭാഗമാണ് BSF. ITBPക്കുള്ളത് പോലെ സ്വന്തമായി നാനൂറിലധികം ബോട്ടുകൾ ഉൾക്കൊള്ളുന്ന ഒരു വാട്ടർ വിങ്ങും BSFനുണ്ട്. ഥാർ മരുഭൂമി ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ വേണ്ടി പ്രത്യേകം സ്ഥാപിച്ച ഭാരതത്തിലെ ഏക ഒട്ടകപ്പടയും (Camel Contingent) BSFന്റെ സ്വന്തമാണ്. Creek Crocodile എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കമാൻഡോ യൂണിറ്റ് ഗുജറാത്തിലെ ചതുപ്പുനിലങ്ങളിലൂടെയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ വേണ്ടി പ്രത്യേകം രൂപീകരിച്ചിട്ടുള്ളതാണ്. BSFന്റെ മൂന്നു ബറ്റാലിയനുകൾ സ്ഥിരമായി ദേശീയ ദുരന്തനിവാരണ സേനയിൽ (National Disaster Response Force – NDRF) സേവനമനുഷ്ഠിക്കുന്നു. ഭാരതത്തിന്റെ അതിർത്തിയിൽ പലയിടത്തും നുഴഞ്ഞുകയറ്റം ചെറുക്കാൻ മുള്ളുവേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ സ്ഥലത്തിന്റെ പ്രത്യേകത മൂലം വേലികൾ സ്ഥാപിച്ചിട്ടില്ല. അത്തരം സ്ഥലങ്ങളിൽ BSF തെർമൽ ഇമേജിങ്ങും ലേസർ ബീം ഡിറ്റക്ഷനും അടക്കമുള്ള അത്യാധുനിക രീതികൾ അവലംബിച്ചു പോരുന്നു.
തദ്ദേശീയമായി നിർമ്മിക്കുന്ന ഇൻസാസ് മുതൽ ജർമ്മൻ നിർമ്മിത Heckler & Koch MP5K, ഇസ്രായേലി നിർമ്മിത Tavor X95, ഇറ്റാലിയൻ Beretta MX4, റഷ്യൻ നിർമ്മിത AKM, സ്വീഡിഷ് കമ്പനിയായ സാബ്-ബോഫോഴ്സ് നിർമ്മിക്കുന്ന Carl Gustav, ബെൽജിയൻ നിർമ്മിത FN MAG, ഓസ്ട്രിയൻ നിർമ്മിതമായ Steyr SSG 69, റഷ്യ തന്നെ നിർമ്മിക്കുന്ന Igla മാൻപാഡുകൾ (കൊണ്ടുനടക്കാവുന്ന റോക്കറ്റ് ലോഞ്ചറുകൾ) തുടങ്ങി വിവിധതരം ആയുധങ്ങളാണ് BSFന്റെ ആവനാഴിയിലുള്ളത്. പ്രവർത്തനം തുടങ്ങി ഇന്നേവരെ 1800ലധികം സൈനികരെ BSFന് വിവിധ കാരണങ്ങളാൽ നഷ്ടമായിട്ടുണ്ട്. എന്നിരിക്കിലും സമാധാനകാലത്ത് അതിർത്തി സംരക്ഷിച്ച് അതിലൂടെയുള്ള കള്ളക്കടത്തും കാലിക്കടത്തും നുഴഞ്ഞുകയറ്റവും തടയുന്ന അതിർത്തി രക്ഷാസേന യുദ്ധങ്ങളുടെ സമയത്ത് ഒരു രണ്ടാംനിര ആർമിയായിത്തന്നെ പ്രവർത്തിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ കനത്ത യുദ്ധമില്ലാത്ത അതിർത്തികൾ സംരക്ഷിക്കുന്നതു മുതൽ എയർഫീൽഡുകളെയും മറ്റും ശത്രുവിന്റെ കമാൻഡോ/പാരാട്രൂപ്പർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതടക്കമുള്ള വിവിധ ചുമതകൾ BSFൽ നിക്ഷിപ്തമാണ്.
ഒരു ഘട്ടത്തിൽ ഭീകര വിരുദ്ധ ഓപ്പറേഷനുകൾ വരെ നടത്തിയിരുന്ന BSF ആണ് 2001ലെ പാർലമെന്റ് ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ തലവനായിരുന്ന ഗാസി ബാബയെയും അനുയായിയെയും വധിച്ചതും. നിലവിൽ അത്തരം ചുമതലകളിൽ നിന്ന് മാറ്റപ്പെട്ട BSFന്റെ ചില യൂണിറ്റുകൾ നക്സൽ ശല്യം രൂക്ഷമായ ഛത്തീസ്ഗഢിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രസേനയുടെ ഭാഗമായ അതിർത്തി രക്ഷാസേന അസം റൈഫിൾസ്, CRPF, CISF, ITBP, NSG, സശസ്ത്ര സീമാബൽ തുടങ്ങിയ മറ്റു കേന്ദ്ര പോലീസ് സേനകളെപ്പോലെ ആഭ്യന്തരമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിനു കീഴിലാണ് വരുന്നത്.
Discussion about this post