രാജ്യത്തെ ജനങ്ങളെയെല്ലാം വേദനിപ്പിച്ച ഗാൽവാൻ സംഭവത്തിനു ശേഷം ജൂലൈ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലെയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. കരസേന മേധാവി ജനറൽ മുകുന്ദ് നരവാനേയും സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗും ലെഫ്റ്റനന്റ് ജനറൽ വൈ.കെ ജോഷിയും പ്രധാനമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു. ചൈനീസ് സൈന്യം ചെയ്തതെന്തെന്നും ഇനി അവരുദ്ദേശിക്കുന്നതെന്താണെന്നും ലെഫ്റ്റനന്റ് ജനറൽ വൈ.കെ ജോഷി വിശദീകരിച്ചു.
വിശദീകരണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ പ്രധാനമന്ത്രി ചോദിച്ചു. അവർ ചെയ്തതെന്താണെന്നും അവർ ചെയ്യാൻ പോകുന്നതെന്താണെന്നുമുള്ളത് വിട്ടേക്കൂ. നമ്മളെന്ത് ചെയ്തെന്നും നമുക്കിനി എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതും പറയൂ. കാലങ്ങളായി ചൈനീസ് സൈനികരുടെ അഹന്തയും അക്രമവുമെല്ലാം സമാധാനം കൊണ്ട് നേരിട്ട ഇന്ത്യൻ സൈന്യം ആദ്യമായി കാര്യങ്ങൾ മാറി മറിയുന്നത് ആവേശത്തോടെ , സന്തോഷത്തോടെ മനസ്സിലാക്കി.
അതിനു ശേഷം സൈനികരെ അഭിസംബോധന ചെയ്തപ്പോഴും പ്രധാനമന്ത്രി നിലപാട് കൃത്യമായിത്തന്നെ വ്യക്തമാക്കി. “പുല്ലാങ്കുഴലൂതുന്ന ശ്രീകൃഷ്ണനേയും സുദർശന ചക്രധാരിയായ ഭഗവാനേയും ഒരുപോലെ ആരാധിക്കുന്നവരാണ് നമ്മൾ. ഒരു ധീരൻ അവന്റെ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് മാതൃഭൂമിയെ സംരക്ഷിക്കും. ഭാരതം ധീരന്മാരുടെ നാടാണ്. ആ ധീരത നിങ്ങളുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിയും. നൂറ്റാണ്ടുകളായുള്ള ആക്രമണങ്ങളെ അതിജീവിച്ച നാടിന്റെ പുത്രന്മാരാണ് നിങ്ങൾ. ഓരോ ആക്രമണങ്ങൾക്ക് ശേഷവും ഇന്ത്യ കൂടുതൽ ശക്തമാവുകയാണുണ്ടായത്. ഓർക്കുക ശക്തനുമാത്രമേ എവിടെയും സമാധാനം സ്ഥാപിക്കാൻ കഴിയുകയുള്ളൂ“
ചൈന അതിർത്തിയിൽ കാര്യങ്ങൾ തീരുമാനിക്കുന്ന ജനറൽമാർക്ക് ചെയ്യേണ്ടതെന്താണെന്ന സന്ദേശം പ്രധാനമന്ത്രി വ്യക്തമായിത്തന്നെ നൽകി. അക്രമിക്ക് ചുട്ട മറുപടി കൊടുക്കാതെ സമാധാനം സ്ഥാപിക്കാൻ കഴിയില്ലെന്നും അതിനു വേണ്ടത് ചെയ്യണമെന്നുമാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചതെന്നും ജനറൽമാർ മനസ്സിലാക്കി. ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ച് കയറുകയും എല്ലാം തങ്ങളുടെതാണെന്ന അഹന്തയോടെ മാർച്ച് നടത്തുകയും ചെയ്ത ചൈനീസ് സൈന്യത്തിന് മറുപടി കൊടുക്കേണ്ട സമയമെത്തിയെന്നും തിരിച്ചറിഞ്ഞ സൈനിക ജനറൽമാർ തന്ത്രം മെനഞ്ഞു.
പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു . ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രതിരോധം തീർത്ത് നാവികസേന തയ്യാറായി നിന്നു. ലഡാക്കിലെ മലനിരകൾക്ക് മുകളിലൂടെ വ്യോമസേനയുടെ പോർവിമാനങ്ങൾ വട്ടമിട്ട് പറന്നു. ആകാശ വേധ മിസൈലുകളും ആർട്ടിലറികളും അതിർത്തിയിലേക്കെത്തിച്ച് ഇന്ത്യൻ കരസേന കരുത്തോടെ കാത്തുനിന്നു.
ഓഗസ്റ്റ് 24 ഓടെ ഓപ്പറേഷൻ എങ്ങനെ വേണമെന്നത് തീരുമാനമായി. അതിനോടകം തന്നെ പുതുതായി എത്തിയ കരസേനയുടെ മൗണ്ടൻ ഡിവിഷൻ പ്രദേശവുമായും കാലാവസ്ഥയുമായും പൊരുത്തപ്പെട്ടു. സാന്നിദ്ധ്യമുറപ്പിക്കേണ്ട തന്ത്രപ്രധാനമായ കുന്നുകൾ കണ്ടെത്തി. രണ്ടു മണിക്കൂർ സമയം കൊണ്ട് ഒരേസമയം എല്ലായിടത്തും എത്തുന്ന രീതിയിലായിരുന്നു ആസൂത്രണം. ചൈനയുടെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടായാൽ തടയാൻ ആർട്ടിലറികൾ തയ്യാറായി നിന്നു. ചൈനീസ് വ്യോമസെന പ്രതികരിക്കാനെത്തിയാൽ തടയാനായി ഇഗ്ല മിസൈലുകളുമായി സൈനികർ കരുതലോടെ നിന്നു.
നിർദ്ദേശം കിട്ടിയതോടെ അതിവേഗതയിൽ ഇന്ത്യൻ മൗണ്ടൻ ബ്രിഗേഡ് തന്ത്രപ്രധാനമായ കുന്നുകൾ അധീനതയിലാക്കി. അസാമാന്യമായ ഉൾക്കരുത്തോടെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ് ചൈനീസ് അതിമോഹങ്ങളെ ചവിട്ടിത്തകർത്ത് ഉയരങ്ങളിലെത്തി. എല്ലാം കഴിഞ്ഞപ്പോൾ രണ്ടു മണിക്കൂർ തികയാൻ പിന്നെയും സമയം ബാക്കിയായിരുന്നു. നേരം പുലരുമ്പോൾ 2000 സൈനികർ തന്ത്രപ്രധാനമായ ഉയരങ്ങളിൽ ശത്രുവിന്റെ നീക്കം പ്രതീക്ഷിച്ച് ടാങ്ക് വേധ മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളുമായി തലയെടുപ്പോടെ നിരന്നുനിന്നു. ചൈനയുടെ മോൾഡോ സൈനിക കേന്ദ്രത്തിന് ഏതു നിമിഷവും ആക്രമണം നടത്താനുള്ള തയ്യാറെടുപ്പോടെ.
കാര്യങ്ങൾ കൈവിട്ടു പോയെന്ന് ചൈനീസ് സൈന്യം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു. എങ്കിലും ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിരുന്ന മേഖലയിലേക്ക് ചൈനീസ് സൈന്യം നീങ്ങി. ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നൽകി. എന്നിട്ടും ചൈനീസ് സൈനികർ മുന്നോട്ടു നീങ്ങിയപ്പോൾ ഇന്ത്യൻ സൈനികർ ആകാശത്തേക്ക് വെടിയുതിർത്ത് വീണ്ടും വാണിംഗ് നൽകി. അതോടെ ചൈനീസ് സൈനികർ പിന്തിരിഞ്ഞു. വീണ്ടും ടാങ്കുകളുമായും കവചിത വാഹനങ്ങളുമായും മുന്നേറാൻ ശ്രമിച്ചെങ്കിലും ടാങ്ക് വേധ മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളുമായി ഇന്ത്യൻ സൈനികർ പ്രത്യാക്രമണത്തിനൊരുങ്ങുന്നത് കണ്ടതോടെ ചൈനക്കാർ പൂർണമായി പിന്മാറുകയായിരുന്നു.
പ്രതിരോധത്തിൽ നിന്നുകൊണ്ടായിരുന്നു ഇത്രയും നാൾ ഇന്ത്യ ചൈനയുടെ അഹന്തയെ നേരിട്ടത്. എന്നാൽ ഇക്കുറി കൃത്യമായ സന്ദേശം തന്നെ നൽകാൻ ഇന്ത്യക്ക് കഴിഞ്ഞു. ചൈനയുടെ അഹന്തയ്ക്ക് ആത്മവിശ്വാസത്തോടെയുള്ള കനത്ത മറുപടി
Discussion about this post