ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ നടന്ന ഏറ്റുമുട്ടലിൽ ഇന്ന് സുരക്ഷാ സേന വധിച്ച ഭീകരരിൽ ഒരാൾ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് റിയാസ് നായിക്കുവിന്റെ കൂട്ടാളി. കഴിഞ്ഞ മെയ് മാസത്തിലാണ് ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി റിയാസ് നായിക്കുവിനെ സുരക്ഷാ സേന വധിച്ചത്. ഇന്ന് ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിലാണ് റിയാസ് നായിക്കുവിന്റെ കൂട്ടാളിയെ സൈന്യം വധിച്ചത്.
ഇതോടെ പ്രദേശത്ത് ഭീകരവാദത്തെ ശക്തിപ്പെടുത്താനുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ശ്രമത്തിനാണ് തിരിച്ചടിയായിരിക്കുന്നത്. ഷോപിയാനിലെ സുഗന് സയ്നാപോര പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. തുടര്‍ന്ന് ഇവരെ തിരിച്ചറിയുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് വധിച്ച ഭീകരരില്‍ ഒരാള്‍ നായിക്കുവിന്റെ കൂട്ടാളിയാണെന്ന് വ്യക്തമായത്.
കശ്മീരിലെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളിൽ ഒരാളായ നായിക്കൂ, കഴിഞ്ഞ എട്ടു വര്‍ഷമായി സൈന്യം തേടിക്കൊണ്ടിരുന്ന ഭീകരനായിരുന്നു. 2017 ഓഗസ്റ്റിൽ മുഹമ്മദ് യാസിൻ ഇറ്റൂ എന്ന മെഹ്മൂദ് ഗസ്നാവി കൊല്ലപ്പെട്ടതോടെയാണ് ഹിസ്ബുളിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. കശ്മീരിലെ ഏറ്റവും വലിയ ഭീകരരുടെ പട്ടികയിലുള്ള 12 ലക്ഷം രൂപ തലയ്ക്കു വിലയിട്ട കൊടും ഭീകരനായിരുന്നു റിയാസ് നായ്ക്കു.
Discussion about this post