ദില്ലി: പ്രതിരോധ രംഗത്ത് കരുത്താര്‍ജ്ജിച്ച് ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷന് മിസൈല്‍ രുദ്രം വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ബാലസോറിലെ ഐടിആറില്‍ നിന്നാണ് രുദ്രത്തിന്റെ പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ഗവേഷണ സ്ഥാപനം ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷനാണ് മിസൈല്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. വ്യോമസേനയുടെ നേതൃത്വത്തില്‍ ഒഡീഷയിലെ ബാലസോറിലെ ടെസ്റ്റിങ് റേഞ്ചില്‍നിന്നായിരുന്നു പരീക്ഷണം.
നേട്ടത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആര്‍ഡിഒ) വികസിപ്പിച്ച രുദ്രം, സുഖോയ്-30 യുദ്ധവിമാനത്തില്‍നിന്നാണ് വിക്ഷേപിച്ചത്.ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ (0.6- 2 മാക്) പായാന്‍ കെല്‍പ്പുള്ള മിസൈലാണ് വ്യോമസേന വെള്ളിയാഴ്ച പരീക്ഷിച്ച രുദ്രം-1. വിക്ഷേപിക്കുന്ന ഉയരത്തിന് അനുസരിച്ച് 100 മുതല്‍ 250 കിലോമീറ്റര്‍ വരെ ദൂരത്തില്‍ സഞ്ചരിച്ച് ശത്രുവിന്റെ റഡാറിനെയും മറ്റ് ആശയവിനിമയ സംവിധാനങ്ങളേയും തകര്‍ക്കാനും രുദ്രത്തിന് സാധിക്കും.
ശത്രുക്കളെ ആകാശത്ത് വെച്ച് ഇല്ലാതാക്കാമെന്നതാണ് മിസൈലിന്റെ പ്രധാന സവിശേഷത. അതേ സമയം എത്ര ഉയരത്തില്‍ നിന്നും ഉപയോഗിക്കാനും സാധിക്കും. ശത്രുക്കളുടെ ആശയവിനിമയ സംവിധാനങ്ങള്‍ ഉടനടി ഇല്ലാതാക്കാനും ഈ മിസൈലിന് ശേഷിയുണ്ട്. ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനത്തെ അങ്ങോട്ടു കടന്നുകയറി ആക്രമിക്കാനുള്ള കരുത്ത് ഇതോടെ ഇന്ത്യന്‍ വ്യോമസേനയ്ക്കായതായാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‍. വിക്ഷേപിച്ചതിനു ശേഷവും ലക്ഷ്യം മാറ്റാന്‍ കഴിവുള്ള മിസൈലാണ് രുദ്രം-1.
വായു-ഉപരിതല ആന്റി റേഡിയഷന്‍ മിസൈലായ രുദ്രം, 100 കിലോമീറ്റര്‍ വരെ അകലെയുള്ള റേഡിയോ ഫ്രീക്വന്‍സികള്‍ തിരിച്ചറിഞ്ഞ് ശത്രുവിന്റെ പ്രതിരോധസംവിധാനങ്ങളെ തകര്‍ക്കും. ശത്രു സൈന്യത്തിന്റെ റഡാറുകള്‍ക്കെതിരെ പ്രയോഗിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും മിസൈല്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. അതിര്‍ത്തി പ്രശ്നം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ശത്രുക്കളെ അടിച്ചമര്‍ത്താനുള്ള ഇന്ത്യയുടെ പ്രധാന ആയുധം കൂടിയാണിത്.
Discussion about this post