ന്യൂഡൽഹി: ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ലഡാക്കില്‍ ചൈനീസ് പ്രകോപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ഓസ്ട്രേലിയ. മലബാര്‍ എക്സര്‍സൈസില്‍ അമേരിക്കയ്ക്കും ജപ്പാനും പുറമെ ആസ്ട്രേലിയ കൂടി പങ്കെടുക്കുന്നതോടെ ഒരു സംഘര്‍ഷമുണ്ടായാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്നില്‍ അണിനിരക്കും എന്ന വ്യക്തമായ സന്ദേശമാണ് ചെെനയ്ക്ക് ലഭിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലേയ്ക്കുള്ള ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ക്വാഡ് സഖ്യത്തിന്റെ ഭാഗമായി സൈനികാഭ്യാസത്തിൽ ഓസ്ട്രേലിയെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്.
മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ ഓസ്ട്രേലിയ പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച ഓസ്ട്രേലിയ നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.യു.എസ്, ഇന്ത്യ, ജപ്പാന് എന്നിവര്‍ക്കൊപ്പം ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് ( ക്വാഡ് ) അംഗമായ ആസ്ട്രേലിയയെ നാവികാഭ്യസത്തില്‍ ക്ഷണിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. 2017 മുതലാണ് ഈ നാല് രാജ്യങ്ങളും ഔദ്യോഗികമായി സഹകരണം വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്.
നിലവില്‍ ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായും ഇന്ത്യ ക്വാഡ് സഖ്യം ശക്തമാക്കുന്നുണ്ട്. പരസ്പരം സൈനിക താവളങ്ങള്‍ ഉപയോഗിക്കുവാനുള്ള ലോജിസ്റ്റിക് ഉടമ്പടി കരാറില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ധാരണയായിരുന്നു.നവംബര്‍ അവസാനമാണ് മലബാര്‍ എക്സര്‍സൈസ് നടക്കുക. നാവികാഭ്യാസത്തില്‍ ആസ്ട്രേലിയ വളരെ നേരത്തെ പങ്കെടുത്തിരുന്നുവെങ്കിലും സമീപ വര്‍ഷങ്ങളില്‍ ഇതാദ്യമായാണ് ഇതിനായി മുന്നോട്ട് വരുന്നത്. നാല് രാജ്യങ്ങളുടെയും നാവിക ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്കൊണ്ടുള്ള ഉന്നതതല യോഗത്തിന് ശേഷമാകും നാവികാഭ്യാസത്തിന്റെ അന്തിമമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക. സ്വതന്ത്രമായ സമുദ്ര ഗതാഗതത്തെ പറ്റി നാല് രാജ്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. തെക്ക്, കിഴക്കന്‍ ചൈനാക്കടലില്‍ നടക്കുന്ന ചൈനീസ് കടന്നുകയറ്റം ചര്‍ച്ചയിലെ പ്രധാന വിഷയമാകും. മാത്രമല്ല, ചൈനയ്ക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണ് നാവികാഭ്യാസത്തിലൂടെ നാല് രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
Discussion about this post