അമേരിക്ക–റഷ്യൻ പോർവിമാനങ്ങൾ പരസ്പരം വഴിതടയുന്ന വാർത്തകൾ പതിവാണ്. ഒക്ടോബർ 21 ന് ബുധാനാഴ്ച, റഷ്യയുടെ വ്യോമ പ്രതിരോധ സേനയിലെ പോർവിമാനങ്ങൾ അമേരിക്കൻ വ്യോമസേനയുടെ ബി–1 ബോംബറുകവെ വഴിതടഞ്ഞു. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. രണ്ട് യുഎസ്എഎഫ് ബി -1 ലാൻസറുകളെ റഷ്യൻ വ്യോമസേനയുടെ മിഗ് -31 ഫോക്സ്ഹൗണ്ടും സു -35 ഫ്ലാങ്കറുമാണ് തടഞ്ഞത്. റഷ്യൻ പൈലറ്റുമാർ ബോംബറുകളെ വിജയകരമായി തടഞ്ഞുനിർത്തി തിരിച്ചുവിട്ടു.
യുഎസ് വ്യോമസേനയുടെ രണ്ട് ബോംബറുകളെ ബെറിങ് കടലിനു മുകളിൽ വച്ച് തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 21 ന് റഷ്യൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ രണ്ട് യുഎസ് ബോംബറുകളെ കണ്ടെത്തിയെന്നും വഴിതിരിച്ചുവിട്ടെന്നുമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയ റിപ്പോർട്ട് ചെയ്തത്. നാറ്റോ മേഖലയിലെ യുഎസ് ബോംബറുകളുടെ രഹസ്യാന്വേഷണ നിരീക്ഷണ പറക്കലുകൾ വർധിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തിൽ നിരവധി തവണ റഷ്യ–അമേരിക്ക പോർവിമാനങ്ങൾ ആകാശത്ത് അടുത്ത് വന്ന് വഴിതടഞ്ഞിട്ടുണ്ട്. പലപ്പോഴും നിഷ്പക്ഷ പ്രദേശത്തിനു മുകളിലൂടെ റഷ്യൻ അതിർത്തിയിലേക്ക് അടുക്കുന്നതിനിടെയാണ് അമേരിക്കൻ ബോംബറുകളെ വഴിതടയുന്നത് . റഷ്യയുടെ വ്യോമ പ്രതിരോധ നിയന്ത്രണ സംവിധാനങ്ങൾ ബോംബറിനെ കണ്ടെത്തുകയും സുഖോയ് യുദ്ധവിമാനങ്ങളെ വിട്ടു പ്രതിരോധം തീർക്കുകയുമാണ് പതിവ്.സെപ്റ്റംബറിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസവും വ്യോമാതിർത്തി ലംഘിച്ചെത്തിയ ബോംബറുകളെ വഴിതടയാൻ രണ്ട് മിഗ് -31 ഫോക്സ് ഹൗണ്ടുകളും സു -35 ആണ് ഉപയോഗിച്ചത്. യുഎസ് ബോംബറിനെ ഓടിക്കുന്ന വിഡിയോ റഷ്യൻ മന്ത്രാലയമാണ് പുറത്തിറക്കിയത്.
Discussion about this post