ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കശ്മീരിലെ ബിജെപി ഘടകം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് താന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തില്ലെന്ന വിവാദപരാമര്‍ശത്തിനെതിരെ സുപ്രീം കോടതി അഭിഭാഷകൻ പരാതിയും നൽകി. മെഹ്ബൂബയുടെ പരാമര്‍ശം തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ ഗവണ്മെന്റിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിണ്ഡലാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ പരാതി നല്‍കിയത്.
ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മുഫ്തി പറഞ്ഞു. “എന്റെ പതാക എന്റെ മുന്നിലുണ്ട്. ഈ പതാക ഞങ്ങള്‍ക്ക് പുനഃസ്ഥാപിച്ചു നല്കുമ്പോള്, ഞങ്ങള്‍ മറ്റ് പതാകയും ഉയര്‍ത്തും. അത് സംഭവിക്കുന്നതുവരെ മറ്റൊരു പതാകയും ഞങ്ങള്‍ കൈയില്‍ പിടിക്കുകയില്ല. ആ പതാകയുമായുള്ള ഞങ്ങളുടെ ബന്ധം രൂപീകരിക്കപ്പെട്ടത് ഈ പതാകയിലൂടെയാണ്.” മെഹ്ബൂബ മുഫ്തി മാധ്യമങ്ങളോട് പറഞ്ഞു.
അതെ സമയം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 121, 151,153 എ, 295,298, 504,505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മെഹ്ബൂബയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് മെഹ്ബൂബയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും വിനീത് ജിണ്ഡലിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം മെഹബൂബ മുഫ്തിയുടെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും ജമ്മു കശ്മീരിലെ ലോക്സഭ എംപിയുമായ ജിതേന്ദ്ര സിംഗ് രംഗത്തെത്തി.
‘അധികാരത്തിലിരിക്കുമ്പോള്‍ മുഫ്തിയും മറ്റ് ചില നേതാക്കളും ഇന്ത്യയ്ക്കായി സത്യം ചെയ്യുന്നു. എന്നാല്‍ അധികാരത്തില്‍ നിന്ന് പുറത്ത് പോയാല്‍ അവര്‍ പാകിസ്താന് വേണ്ടിയാണ് സത്യം ചെയ്യുന്നത്. ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ സംവരണം ആവശ്യമാണെന്നാണ് അവര്‍ പറയുന്നതെന്നും’ ജിതേന്ദ്ര സിംഗ് വിമര്‍ശിച്ചു.
Discussion about this post