ശ്രീനഗർ : സാമൂഹിക ക്ഷേമ പ്രതിബദ്ധതയുടെ ഭാഗമായി, കൊറോണ പകർച്ചവ്യാധികൾക്കിടയിലും ജമ്മു കശ്മീരിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി റെസിഡൻഷ്യൽ കോച്ചിംഗ് സംഘടിപ്പിച്ച് ഇന്ത്യൻ സൈന്യം .
ദോഡ ജില്ലയിലെ മലയോര മേഖലകളിൽ നിന്നുള്ള നിർധനവിദ്യാർത്ഥികൾക്കാണ് കോച്ചിംഗ് ഏറെ പ്രയോജനപ്പെടുക . 39 പെൺകുട്ടികൾ ഉൾപ്പെടെ അറുപത്തിയഞ്ച് വിദ്യാർത്ഥികൾ രണ്ട് മാസം നീണ്ടുനിൽക്കുന്ന കോച്ചിംഗ് ക്ലാസുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ റൈഫിൾസ് നവംബർ ആദ്യവാരം ഭദർവയിലെ ഹദ്ദൽ ഗ്രാമത്തിൽ സൗജന്യ താമസവും ബോർഡിംഗ് സൗകര്യവുമുള്ള റെസിഡൻഷ്യൽ കോച്ചിംഗ് സെന്റർ സ്ഥാപിച്ചിരുന്നു . ഇത് ഭാദേർവയിലെയും തൊട്ടടുത്തുള്ള താത്രി, ഗണ്ഡോ എന്നിവിടങ്ങളിലെയും ഗ്രാമീണ വിദ്യാർത്ഥികൾക്കിടയിൽ ഏറെ പ്രശസ്തി നേടുകയും ചെയ്തു.
നിർധന വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുന്നതിനും സൈനിക് സ്കൂളുകൾ, ആർമി സ്കൂളുകൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രവേശനത്തിനുള്ള മത്സര പരീക്ഷകൾക്ക് സജ്ജമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
സമീപഭാവിയിൽ ഓരോ വീഥികൾ തോറും ലൈബ്രറികൾ തുറക്കാനും സൈന്യം പദ്ധതിയിടുന്നുണ്ട്. പദ്ധതിയുടെ പേരിൽ സൈന്യത്തിനു നന്ദി അർപ്പിച്ച് ഒട്ടേറെ വിദ്യാർത്ഥികളും രംഗത്ത് വരുന്നുണ്ട്.
‘ സൈനിക സ്കൂളിൽ പഠിക്കാനും സൈന്യത്തിൽ ചേരാനും ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, പക്ഷേ അത് എങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ല. സൈന്യം എനിക്ക് എന്റെ സ്വപ്നങ്ങൾ പിന്തുടരാനുള്ള വേദിയൊരുക്കി നൽകി ‘ എന്നാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഭൂമിക ദേവി പറഞ്ഞത് .
Discussion about this post