വ്യോമസേനയുടെ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് നൽകാൻ ഇനി സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ . തദ്ദേശീയമായി വികസിപ്പിച്ച സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പണും ഡിആർഡിഒ വികസിപ്പിച്ച കൗണ്ടർ ഡ്രോൺ സംവിധാനവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി.2012-13 കാലഘട്ടത്തിലാണ് ഇതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചത് . 2016 ൽ ആദ്യ പരീക്ഷണം നടത്തി.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പണിന് 125 കിലോഗ്രാം ഭാരമുണ്ട് . റഡാറുകൾ, ബങ്കറുകൾ, ടാക്സി ട്രാക്കുകൾ, റൺവേകൾ എന്നിവയുൾപ്പെടെ 100 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ ഭേദിക്കാൻ ഇതിനു കഴിയും . അതേ ക്ലാസിലെ മറ്റ് ആയുധ സംവിധാനങ്ങളേക്കാൾ ഭാരം കുറവാണ്.
മുമ്പ് വ്യോമസേനയുടെ ജാഗ്വാർ വിമാനത്തിൽ നിന്നും ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) ഹോക്ക്-ഐ അഡ്വാൻസ്ഡ് ട്രെയിനറിൽ നിന്നാണ് ഇത് പരീക്ഷിച്ചത്. 2020 സെപ്റ്റംബറിൽ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ 920 കോടി രൂപയ്ക്ക് സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ വാങ്ങാൻ വ്യോമസേനയ്ക്കും, നാവികസേനയ്ക്കും അനുമതി നൽകിയിരുന്നു.
വ്യോമസേനയുടെ ജാഗ്വാർ, സുഖോയ് യുദ്ധവിമാനങ്ങളിലും ഇന്ത്യൻ നാവികസേനയുടെ മിഗ്-29കെ ജെറ്റുകളിലും ഈ ആയുധം സംയോജിപ്പിച്ചിട്ടുണ്ട്. സിസ്റ്റത്തിന്റെ ഇലക്ട്രോ-ഒപ്റ്റിക്കൽ കോൺഫിഗറേഷനിൽ ഒരു ഇമേജിംഗ് ഇൻഫ്രാ-റെഡ് സീക്കർ സജ്ജീകരിച്ചിരിക്കുന്നു, അത് ടെർമിനൽ കൃത്യതയും വർദ്ധിപ്പിക്കുന്നു.
സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പണിന് പുറമെ ഡിആർഡിഒ വികസിപ്പിച്ച കൗണ്ടർ ഡ്രോൺ സംവിധാനവും പ്രതിരോധമന്ത്രി വ്യോമസേനയ്ക്ക് കൈമാറി. ശത്രു ഡ്രോണുകളെ കണ്ടെത്താനും തടയാനും നശിപ്പിക്കാനും കഴിയും വിധമാണ് ഈ ഡ്രോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൗണ്ടർ-ഡ്രോൺ സിസ്റ്റത്തിന്റെ റഡാർ ഭാഗത്തിന് 4 മുതൽ 6 കിലോമീറ്റർ വരെ ദൂരമുണ്ട്.
Discussion about this post