1971 ലെ ബംഗ്ളാദേശ് വിമോചന യുദ്ധം ഇന്ത്യയുടെ മേൽ അടിച്ചേല്പിക്കപ്പെട്ടതായിരുന്നു . പാകിസ്ഥാൻ പട്ടാളവും പോലീസും ചേർന്ന് ലക്ഷക്കണക്കിന് ബംഗ്ളാദേശികളെ കൊന്നൊടുക്കിയപ്പോളുണ്ടായ അഭയാർത്ഥി പ്രവാഹം നമ്മെ വലച്ചു . യു.എസിന്റെ പൂർണ്ണ പിന്തുണ ലഭിച്ച പാകിസ്ഥാൻ അക്കാലത്തെ അത്യാധുനിക അമേരിക്കൻ ആയുധങ്ങളുടെ അകമ്പടിയോടെയാണ് 1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ മേൽ ആക്രമണം നടത്തിയത് .
.
അമേരിക്കൻ ആയുധങ്ങൾ കൊണ്ട് ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യത്തിനു ക്ഷതമേല്പിക്കാനാവില്ലെന്ന് പാകിസ്ഥാന് രണ്ടു ദിവസത്തിനുള്ളിൽ മനസിലായി രാജസ്ഥാനിലെ മരുപ്രദേശത്തു നടന്ന ബാറ്റിൽ ഓഫ് ലോൻഗെവാല ദയനീയപരാജയവും . ഇന്ത്യൻ നാവികസേനയുടെ മുന്നിൽ ഓപ്പറേഷൻ ട്രിഡന്റിൽ ഏറ്റുവാങ്ങിയ കനത്ത നാശവും കാരണം യുദ്ധം തുടങ്ങി മൂന്നു ദിവസത്തിനുള്ളിൽ തന്നെ പാകിസ്ഥാൻ പരുങ്ങലിലായിരുന്നു .യജമാനന്മാരായ യു എസ് ഇന്റെ നിർലോഭമായ സഹായമാണ് പാകിസ്ഥാനെ നിലനിർത്തിയത് .
.
യുദ്ധത്തിൽ മണ്ണടിഞ്ഞു കൊണ്ടിരുന്ന പാകിസ്ഥാന് മേൽ ഇന്ത്യ നടത്തിയ അതിശക്തമായ രണ്ടാം നാവിക ആക്രമണമാണ് ഓപ്പറേഷൻ പൈത്തൺ. പാകിസ്ഥാന്റെ അവശേഷിക്കുന്ന നാവിക ആസ്തികളെയും തകർക്കുകയായിരുന്നു ഓപ്പറേഷൻ പൈത്തണിന്റെ ലക്‌ഷ്യം . ഒരിന്ത്യൻ സൈനികനോ പടക്കപ്പലിനോ ഒരു പോറൽ പോലുമേൽക്കാതെയാണ് ഓപ്പറേഷൻ പൈത്തൺ വിജയിച്ചത് .
.
ഒരു കോർവെറ്റും( മിസൈൽ ബോട്ട് ) രണ്ടു ഫ്രിഗേറ്റുകളുമായിരുന്നു ഇന്ത്യൻ നാവിക വ്യൂഹത്തിന്റെ ചുക്കാൻ പിടിച്ചത്. റഷ്യൻ നിർമിത സ്റ്റിക്സ് മിസൈലുകളായിരുന്നു ഈ പടക്കപ്പലുകളുടെ മുഖ്യ ആയുധം . അവ അക്കാലത്തെ അതിനൂതനങ്ങളായ മിസൈലുകളായിരുന്നു . കോർവെറ്റായ ഐ എൻ എസ് വിനാഷ് (ഓസ ക്ലാസ്സ് മിസൈൽ ബോട്ട് )ആണ് സ്റ്റിക്സ് മിസൈലുകൾ വഹിച്ചിരുന്നത് . ഫ്രിഗേറ്റുകളായ ഐ എൻ എസ് തൃശൂൽ ഐ എൻ തൽവാർ എന്നിവ മിസൈലുകളും ടോർപിഡോകളുമടക്കം പലവിധ ആയുധങ്ങൾ വഹിച്ചിരുന്നു . കറാച്ചിതുറമുഖത്തിലെ ഇന്ധന സ്റ്റോറേജ് സംവിധാനങ്ങളെയും അവശേഷിക്കുന്ന പാക്ക് നാവിക സേനയെയും നശിപ്പിക്കുകയായിരുന്നു ഓപ്പറേഷൻ പൈത്തണിന്റെ ലക്‌ഷ്യം .
.
ഡിസംബർ 8നു രാത്രിയിൽ നടത്തിയ ആക്രമണത്തിൽ കറാച്ചിയിലെ ഇന്ധന സ്റ്റോറേജ് ടാങ്കുകളും പാകിസ്ഥാന് ഉപകരണങ്ങൾ എത്തിച്ചേരുന്ന ചരക്കുകപ്പലുകളും തകർക്കപ്പെട്ടു .ഐ എൻ എസ് വിനാഷ് തൊടുത്ത നാല് മിസൈലുകളും ലക്‌ഷ്യം കണ്ടു . ഓപ്പറേഷൻ പൈത്തൺ കൂടിയായപ്പോൾ പാക്ക് നാവികസേനയുടെ നട്ടെല്ല് തകർന്നു . അവശേഷിക്കുന്ന നാവിക സ്വത്തുക്കളെ പാകിസ്ഥാൻ ആയുധങ്ങൾ നീക്കം ചെയ്ത് ദൂരെയുള്ള തുറമുഖങ്ങളിൽ ഒളിപ്പിച്ചു .
ഓപ്പറേഷൻ പൈത്തൺ ബംഗ്ളാദേശ് വിമോചന യുദ്ധത്തിലെ നാവിക യുദ്ധങ്ങൾക്ക് അന്ത്യം കുറിച്ചു . പാകിസ്ഥാൻ നാവിക സേനയുടെ സമ്പൂർണ്ണമായ പരാജയമായിരുന്നു ഓപ്പറേഷൻ പൈത്തണിലൂടെ സൈനികർ നമുക്ക് നേടിത്തന്നത്. ഓപ്പറേഷൻ പൈത്തണിന് ശേഷം ഒരാഴ്ചതികയും മുൻപേ പാകിസ്ഥാൻ ഇന്ത്യയുടെ മുൻപിൽ സമ്പൂർണമായി അടിയറവു പറഞ്ഞു . ബംഗ്ളാദേശിലെ പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഡിസംബർ 16 നു നിരുപാധികം ആയുധം വച്ച് കീഴടങ്ങി .
Discussion about this post