1897 സെപ്റ്റംബര്‍ 12 .നാണ് സാരഗച്ഛിയിലെ സൈനിക പോസ്റ്റിനു നേര്‍ക്ക് പതിനായിരത്തോളം വരുന്ന പഷ്തൂണ്‍ പട ആക്രമിക്കാനെത്തിയത്. സൈനിക പോസ്റ്റിനെ പ്രതിരോധിക്കാന്‍ ആകെയുള്ളത് 21 സിഖ് സൈനികര്‍ . വടക്ക് പടിഞ്ഞാറന്‍ ഫ്രോണ്ടിയര്‍ പ്രദേശത്തെ ഗുള്ളിസ്ഥാന്‍ , ലോച്ചാര്‍ട്ട് എന്നീ രണ്ട് കോട്ടകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പോസ്റ്റായിരുന്നു സാരഗച്ഛി.
ആര്‍ത്തുവരുന്ന അഫ്ഗാന്‍ പടയെ പ്രതിരോധിക്കാന്‍ 21 സിഖുകാര്‍ക്ക് കഴിയില്ലെന്ന് ഉറപ്പായിരുന്നു. രാവിലെ 9 മണിക്ക് തന്നെ ലോക്ക്ഹാര്‍ട്ട് കോട്ടയിലേക്ക് സര്‍ദാര്‍ ഗുരുമുഖ് സിംഗ് അഫ്ഗാന്‍ ആക്രമണത്തിന്റെ ആദ്യ സിഗ്‌നല്‍ നല്‍കി. എന്നാല്‍ ഇത്ര ചെറിയ സമയം കൊണ്ട് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ കഴിയില്ലെന്നായിരുന്നു കേണല്‍ ഹോഗ്ടണിന്റെ മറുപടി.
സാര്‍ഗച്ഛിയിലെ സൈനിക പോസ്റ്റിന് ദീര്‍ഘനേരം ആക്രമണത്തെ തടുത്തു നിര്‍ത്താന്‍ കഴിയുകയില്ലെന്ന് ഹോഗ്ടണിന് ഉറപ്പായിരുന്നു. പോസ്റ്റ് ഉപേക്ഷിച്ച് രക്ഷപ്പെടാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സാരഗച്ഛിയിലെ ധീരന്മാരായ സിഖുകാര്‍ അതിനു തയ്യാറല്ലായിരുന്നു. പോരാടാന്‍ തീരുമാനിച്ച് ഹവില്‍ദാര്‍ ഇഷാര്‍ സിംഗിനൊപ്പം ഉറച്ചു നിന്നു ആ വീരന്മാര്‍ .
ലോകചരിത്രത്തില്‍ തന്നെ ഇത്തരമൊരു യുദ്ധം അപൂര്‍വ്വമാണ്. ഒന്നിന് നാനൂറ് എന്ന കണക്കിലായിരുന്നു സൈനികരുടെ എണ്ണം. അത്ഭുതങ്ങള്‍ക്ക് പോലും രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ. പക്ഷേ കൃപാണധാരികളായ പോരാളികള്‍ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.
കീഴടങ്ങാന്‍ പഷ്തൂണ്‍ വംശജര്‍ ആവശ്യപ്പെട്ടപ്പോള്‍ സിഖുകാരുടെ മറുപടി തീതുപ്പുന്ന വെടിയുണ്ടകളായിരുന്നു. യുദ്ധം ആരംഭിച്ചു. ശിപായ് ഭഗവാന്‍ സിംഗ് ആദ്യ ബലിദാനിയായി. ലാല്‍ സിംഗിനും ജീവ സിംഗിനും പരിക്കേറ്റു. സൈനിക പോസ്റ്റിന്റെ ഗേറ്റിലേക്ക് ഇരമ്പിയെത്തിയ അഫ്ഗാന്‍ പട രണ്ടു പ്രാവശ്യം സിഖ് കരുത്തിന്റെ മുന്നില്‍ തോറ്റോടി.
ഒടുവില്‍ മതില്‍ പൊളിച്ച് അഫ്ഗാനികള്‍ കോട്ടയ്ക്കകത്തേക്ക്. അതുവരെ തോക്കുകള്‍ കൊണ്ട് നടന്ന യുദ്ധം വാളുകള്‍ തമ്മിലായി . ഘോരയുദ്ധം അരങ്ങേറി. സിഖുകാര്‍ ഓരോന്നായി പൊരുതി വീണു. ബാക്കി വന്ന ജവാന്മാരെ കെടത്തിന്റെ ഏറ്റവും ഉള്ളിലുള്ള കേന്ദ്രത്തിലേക്ക് പറഞ്ഞ് വിട്ട് ഹവില്‍ദാര്‍ ഇഷാന്‍ സിംഗ് രണ്ട് സൈനികര്‍ക്കൊപ്പം പോരാട്ടം തുടര്‍ന്നു. മൂന്നു പേരും ഒടുവില്‍ വീരമൃത്യു വരിച്ചു.
സിഗ്‌നല്‍മാന്‍ ഗുരുമുഖ് സിംഗ് ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രം അവശേഷിച്ചു. ലോക്ക് ഹാര്‍ട്ട് കോട്ടയിലെ സൈനിക കേന്ദ്രത്തിലേക്ക് വിവരങ്ങള്‍ അയച്ചു കൊണ്ടിരുന്ന ഗുരുമുഖ് സിംഗ് അവസാന മെസ്സേജ് അയച്ചു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം. അനുകൂലമായി മറുപടി വന്നു. യുദ്ധത്തിന് അനുവാദം കിട്ടിയ ഗുരുമുഖ് സിംഗ് ജവാന്മാര്‍ക്കൊപ്പം പോരാട്ടത്തിനിറങ്ങി. ഒറ്റയ്ക്ക് ഇരുപതോളം ശത്രുക്കളെ വധിച്ചു ഘോരയുദ്ധത്തില്‍ എല്ലാവരും വീരമൃത്യു വരിച്ചു.
അറുനൂറോളം പഷ്തൂണുകളെ വധിക്കാന്‍ 21 സിഖ് സൈനികരുടെ പോരാട്ട വീര്യത്തിനു കഴിഞ്ഞു. മണിക്കൂറുകളോളം ശത്രു സൈന്യത്തെ തടഞ്ഞു നിര്‍ത്തി. കൂടുതല്‍ സൈന്യമെത്തി ശത്രുവിനെ തുരത്തുന്നതു വരെ പിടിച്ചു നില്‍ക്കാനും അവര്‍ക്കു കഴിഞ്ഞു. ഈ പോരാട്ടവീര്യമാണ് രണ്ടു കോട്ടകളും രക്ഷിച്ചത്. ഒരു യൂണിറ്റിലെ എല്ലാ സൈനികര്‍ക്കും സൈനിക മെഡല്‍ ലഭിച്ചത് സാരഗച്ഛി യുദ്ധത്തിലെ മറ്റൊരു അപൂര്‍വതയാണ്.
Discussion about this post