സൈനിക ശക്തിയിൽ ലോകത്ത് നാലാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. സ്വാതന്ത്ര്യത്തിനു ശേഷം അഞ്ച് യുദ്ധങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. 1948 ലും 65 ലും 71 ലും 99 ലും പാകിസ്താനെതിരെ യുദ്ധം ചെയ്യേണ്ടി വന്നു. 1962 ൽ ചൈനയുടെ ആക്രമണവും ഇന്ത്യക്ക് നേരിടേണ്ടി വന്നു.
ഇന്ന് സൈനികരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. യുവശക്തിയുടെ കാര്യത്തിലാകട്ടെ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്.ലോകത്തെ കര നാവിക വ്യോമ സേനകളിൽ കരുത്തുള്ളതും ആധുനികവുമാണ് ഇന്ത്യൻ സൈന്യം. അണ്വായുധമുള്ള ലോകശക്തിയുമാണ് നമ്മുടെ രാജ്യം.
യുദ്ധം ചെയ്ത രണ്ടു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നത് കൊണ്ടു തന്നെ പ്രതിരോധത്തിൽ വളരെ വലിയ തുകയാണ് ഇന്ത്യ ചെലവിടുന്നത്. പ്രതിരോധമേഖലയ്ക്കായി തുക ചെലവഴിക്കുന്നതിൽ നാലാമതാണ് ഇന്ത്യ.
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താനും തക്കം കിട്ടിയാൽ ഇന്ത്യയുടെ പ്രദേശങ്ങളിൽ അവകാശമുന്നയിക്കുന്ന ചൈനയുമാണ് പ്രധാനമായും ഇന്ത്യയുടെ ഭീഷണികൾ. സംഘർഷങ്ങൾ ഗുരുതരമാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിലും കാർഗിൽ യുദ്ധത്തിനു ശേഷം പൂർണ തോതിൽ ഒരു യുദ്ധം ഇന്ത്യക്ക് നേരിടേണ്ടി വന്നിട്ടില്ല.
ഇനിയൊരു യുദ്ധം നേരിടേണ്ടി വന്നാൽ തന്നെ നിർണായകമാകുന്നതും ശത്രുക്കൾക്ക് വലിയ നാശം വരുത്താൻ സാധിക്കുന്നതുമായ അഞ്ച് അത്യന്തം അപകടകാരികളായ ആയുധങ്ങൾ ഇവയാണ്.
1 – അപ്പാഷെ – ദ കില്ലർ കോപ്ടർ
അമേരിക്കയിൽ നിന്ന് ഈയിടെ വാങ്ങിയ ഫൈറ്റർ ഹെലികോപ്ടറുകളാണ് അപ്പാഷെ 64 ഡി ഹെലികോപ്ടറുകൾ. ലോകത്തെ ഏറ്റവും മികച്ച അറ്റാക്ക് ഹെലികോപ്ടറാണ് അപ്പാഷെ.ഒരേ സമയം 16 ലക്ഷ്യങ്ങൾ, 76 റോക്കറ്റുകൾ,ലൈറ്റ് മെഷീൻ ഗണ്ണുകൾ, ലേസർ ഗൈഡഡ് മിസൈലുകൾ , ഇന്ത്യയുടെ ആകാശപ്പോരിന് മൂർച്ച കൂട്ടാൻ അമേരിക്കയിൽ നിന്ന് വാങ്ങിയ ഈ കില്ലർ കോപ്ടറിന്റെ സവിശേഷതകൾ നിരവധിയാണ്. ശത്രുപീരങ്കികളെയും ടാങ്കുകളേയും തകർക്കാൻ കഴിയുന്ന മിസൈലുകളും റോക്കറ്റുകളുമുള്ള അപ്പാഷെയിൽ ഉപയോഗിക്കുന്നത് എം. 230 ചെയിൻ ഗണ്ണാണ്. യുദ്ധങ്ങളിൽ ഉപയോഗിച്ച് കഴിവ് തെളിയിച്ചിട്ടുള്ള അപ്പാഷെ ഇന്ത്യ പങ്കെടുക്കുന്ന യുദ്ധങ്ങളിൽ നിർണായകമാകുമെന്നതിൽ സംശയമില്ല
2. ഐ.എൻ.എസ് വിക്രമാദിത്യ
ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ വിമാനവാഹിനിക്കപ്പൽ – ലോകത്തെ ഏറ്റവും വലിയ പത്ത് പടക്കപ്പലുകളിൽ ഒന്ന് – ഐ.എൻ.എസ് വിക്രമാദിത്യ. സോവിയറ്റ് യൂണിയന്റെ നാവിക സേനയിലെ കരുത്തനായിരുന്ന ഗോർഖ്ഷോവ് എന്ന പടക്കപ്പലാണ് 2004 ൽ ഇന്ത്യ സ്വന്തമാക്കിയത്. വലിയതോതിൽ നവീകരണം നടത്തിയതിനുശേഷം 2013 ലാണ് വിക്രമാദിത്യ ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്.
ഒരേസമയം ഇരുപതിലേറെ മിഗ് വിമാനങ്ങളേയും 10 ഹെലികോപ്ടറുകളേയും വഹിക്കാൻ ശേഷിയുള്ള ഐ.എൻ.എസ് വിക്രമാദിത്യക്ക് 285 മീറ്റർ നീളവും 45,000 ടൺ കേവു ഭാരവുമുണ്ട്. ആയിരത്തി അറുനൂറിലധികം നാവികരും നൂറോളം ഓഫീസർമാരുമാണ് ഈ പടക്കപ്പലിൽ ജോലി ചെയ്യുന്നത്. യുദ്ധോത്സുകമായി നിലയുറപ്പിക്കുന്ന ഇന്ത്യൻ നാവിക സേനാ വ്യൂഹത്തിന്റെ മദ്ധ്യഭാഗത്ത് അജയ്യമായി വിക്രമാദിത്യ നിലകൊള്ളും. കൊൽക്കത്ത വ്യോമ പ്രതിരോധ ഡിസ്ട്രോയറുകൾ എപ്പോഴും കാവലുണ്ടാകും.
3 , റഫേൽ & സുഖോയ് 30 എം.കെ.ഐ
ഇന്ത്യയുടെ ആകാശപ്പോരാട്ടങ്ങൾക്ക് കരുത്തുപകരുന്ന രണ്ട് യുദ്ധവിമാനങ്ങളാണ് ഭാവിയിൽ നിർണായകമാകുന്നത്. റഫേലും സുഖോയ് 30 എം.കെ.ഐയുമാണ് ആ യുദ്ധവിമാനങ്ങൾ. റഫേൽ വിമാനങ്ങൾ പൂർണമായും വ്യോമസേനയുടെ ഭാഗമായില്ലെങ്കിലും എതാനും മാസങ്ങൾക്കുള്ളിൽ തന്നെ ആദ്യഘട്ട വിമാനങ്ങൾ ഇന്ത്യയിലെത്തും. ലോകത്ത് ആകാശപ്പോരാട്ടത്തിലും വ്യോമാക്രമണത്തിലും കഴിവ് തെളിയിച്ച പുതിയ തലമുറ യുദ്ധവിമാനമാണ് റഫേൽ. ഫ്രഞ്ച് കമ്പനിയായ ദെസ്സോ നിർമ്മിക്കുന്ന റഫേൽ 36 എണ്ണമാണ് ഇന്ത്യ വാങ്ങുന്നത്.
മണിക്കൂറിൽ രണ്ടായിരത്തി ഇരുന്നൂറു കിലോമീറ്റർ സ്പീഡിൽ പായുന്ന റഫേലിന് 9500 കിലോ തൂക്കമുള്ള ആയുധങ്ങൾ വഹിക്കാൻ കഴിയും. റഫേലിൽ ഉപയോഗിക്കുന്ന ഏറ്റവും മികച്ച എയർ ടു എയർ മിസൈലായ മെറ്റോർ റഡാറുകൾക്ക് കാണാൻ സാധിക്കാത്ത രീതിയിൽ അപകടകാരിയാണ്. റഫേലിൽ ഘടിപ്പിച്ചിട്ടുള്ള എയർ ടു സർഫസ് മിസൈലായ സ്കാല്പ് കരയിലെ ലക്ഷ്യങ്ങളെ കൃത്യമായി തകർത്തെറിയും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗെയിം ചേഞ്ചർ തന്നെയാണ് റഫേൽ.
പോർ വിമാനങ്ങളിലെ വിശ്വസ്തനായ സുഖോയ് 30 എം.കെ.ഐയാണ് ഇന്ത്യയുടെ നിർണായക ആയുധങ്ങളിൽ ഒന്ന്. റഷ്യൻ കമ്പനിയായ സുഖോയ് വികസിപ്പിച്ച ഈ യുദ്ധവിമാനമാണ് ഇന്ത്യൻ ആകാശപ്പോരാട്ടത്തിന്റെ കുന്തമുന. മണിക്കൂറിൽ 2500 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഈ പോർ വിമാനത്തിന് എണ്ണായിരം കിലോ ആയുധം വഹിക്കാൻ ശേഷിയുണ്ട്. ലോകത്തെ തന്നെ എറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ ബ്രഹ്മോസ് കൂടി ചേരുന്നതോടെ സുഖോയ് 30 എം.കെ.ഐ ആകാശത്തെ അപരാജിത ശക്തിയാകും.നിലവിൽ 272 സുഖോയ് പോർ വിമാനങ്ങളാണ് ഇന്ത്യക്കുള്ളത്.
4, ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യൻ നദിയായ ബ്രഹ്മപുത്രയുടേയും റഷ്യൻ നദിയായ മോസ്കോവയുടേയും പേരുകളിൽ നിന്നാണ് ബ്രഹ്മോസ് എന്ന പേര് ഈ മിസൈലിനു ലഭിക്കുന്നത്.കരയിൽ നിന്നും അന്തർ വാഹിനിയിൽ നിന്നും പടക്കപ്പലുകളിൽ നിന്നും പോർ വിമാനങ്ങളിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ബ്രഹ്മോസ് ലോകത്തെ ഏറ്റവും വേഗതയേറിയ മിസൈലായാണ് അറിയപ്പെടുന്നത്. കര നാവിക വ്യോമസേനയുടെ ഭാഗമായ ബ്രഹ്മോസിന്റെ അന്തർവാഹിനി പതിപ്പിന്റെ പരീക്ഷണവും വിജയകരമാണ്.
ഇന്ത്യയുടെ എട്ട് പടക്കപ്പലുകളിൽ നിലവിൽ ബ്രഹ്മോസ് ഘടിപ്പിച്ചിട്ടുണ്ട്. പോർവിമാനമായ സുഖോയ് 30 എം.കെ.ഐ നിന്നുള്ള പരീക്ഷണം വിജയകരമായതോടെ വ്യോമാക്രമണത്തിൽ വലിയ മുൻതൂക്കമാണ് ഇന്ത്യക്ക് ലഭിക്കുന്നത്. ബ്രഹ്മോസ് ഘടിപ്പിച്ചിട്ടുള്ള സുഖോയ് 30 എം.കെ.ഐയുടെ ഒരു സ്ക്വാഡ്രൻ തന്നെ ഇന്ത്യക്ക് ഇപ്പോൾ പ്രവർത്തന സജ്ജമാണ് . അതീവ പ്രഹരശേഷിയുള്ള സുഖോയ് പോർ വിമാനത്തിനൊപ്പം ബ്രഹ്മോസ് കൂടി ചേർന്നൊരു ആക്രമണം നടന്നാൽ ചിന്തിക്കാൻ പോലുമുള്ള സമയം എതിരാളികൾക്ക് കിട്ടില്ല എന്നതാണ് സത്യം. ബ്രഹ്ോസ് നെക്സ്റ്റ് ജനറേഷൻ മിസൈലുകൾ കൂടി പ്രവർത്തന ക്ഷമമാകുമ്പോൾ ഇന്ത്യയുടെ മിഗ് 29 , മിറാഷ് , തേജസ് , റഫേൽ വിമാനങ്ങളിലും ഘടിപ്പിക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്..
5, ഐ.എൻ.എസ് ചക്ര ആണവ അന്തർവാഹിനി
ഇന്ത്യയുടെ ആദ്യത്തെ ആണവായുധ ശേഷിയുള്ള അന്തർവാഹിനിയാണ് ഐ.എൻ.എസ് ചക്ര. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് 520 മീറ്റർ ഡൈവ് ചെയ്യാൻ ശേഷിയുള്ള ചക്രയ്ക്ക് എട്ട് ആയുധ ട്യൂബുകളാണുള്ളത്. ടോർപിഡോകൾക്കൊപ്പം ഗ്രനാട്ട് മിസൈലുകളുമുള്ള ചക്രയ്ക്ക് മണിക്കൂറുകളോളം ആർക്കും കണ്ടെത്താനാകാതെ സമുദ്രാന്തർഭാഗത്ത് സ്ഥിതി ചെയ്യാൻ കഴിയും. വളരെ നേർത്ത ശബ്ദം മാത്രം പുറപ്പെടുവിക്കുന്ന ലോകത്തെ മികച്ച അന്തർവാഹിനികളിൽ ഒന്നാണിത്.
എതിരാളികളുടെ വിമാന വാഹിനിക്കപ്പലിനെപ്പോലും ലക്ഷ്യമിട്ട് തകർക്കാൻ ശേഷിയുള്ള ഈ നിശ്ശബ്ദനായ കൊലയാളി ആണവ പോർമുനകൂടി വഹിക്കുന്നതോടെ അന്ത്യന്തം അപകടകാരിയാകും. ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ചൈനീസ് ഭീഷണിക്ക് വ്യക്തമായ മറുപടിയാണ് ഈ അന്തർവാഹിനി. തദ്ദേശീയമായ അരിഹന്ത് കൂടി ചേരുന്നതോടെ സമുദ്രയുദ്ധത്തിൽ കരുത്തോടെ പോരാടാൻ ഇന്ത്യക്ക് കഴിയും.
ഇന്ത്യൻ സൈനിക ശക്തിയുടെ കരുത്ത് വിളിച്ചോതുന്ന നിരവധി ആയുധങ്ങൾ ഇനിയുമുണ്ട്. ബാലാകോട്ടിൽ തീമഴ പെയ്യിച്ച പോർ വിമാനം മിറാഷ് , ഇന്ത്യയുടെ സ്വന്തം തേജസ്സ് യുദ്ധവിമാനം , ചങ്കുറപ്പിന്റെ പര്യായമായി അർജുൻ ടാങ്ക് , അഗ്നിയുടെ ദീർഘ ദൂര മിസൈൽ പതിപ്പുകൾ , റഷ്യയിൽ നിന്ന് ഉടൻ എത്തുന്ന മിസൈൽ പ്രതിരോധ സംവിധാനമായ എസ് – 400 , അറിയപ്പെടാത്ത നിരവധി രഹസ്യ പ്രോജക്ടുകൾ വേറെയും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സംരക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തുള്ള ധീരന്മാരായ നമ്മുടെ സൈനികരും കൂടിയാകുമ്പോൾ അപ്രതിരോദ്ധ്യമാണ് നമ്മുടെ രാജ്യം.
അന്നും ഇന്നും ഒരേ നയം മാത്രം.. ആരേയും അങ്ങോട്ടു കയറി ആക്രമിക്കാനില്ല.. ആക്രമിക്കാൻ വന്നാൽ വെറുതെ വിടാറുമില്ല
Discussion about this post