നാടു മുഴുവൻ അഭിനന്ദൻ വർദ്ധമാൻ എന്ന ഐ.എ.എഫ് വിങ്ങ് കമാൻഡറെ അഭിനന്ദിക്കുമ്പോൾ ആർക്കും അധികം അറിയാത്ത മറ്റൊരു കഥയുണ്ട്. ഇന്ത്യൻ എയർഫോഴ്സിലെ ആദ്യ (നിലവിലെ ഏക) പരംവീർ ചക്രയുടെ കഥ. ഫ്ലൈയിങ്ങ് ഓഫീസർ നിർമൽജിത് സിങ്ങ് ശേഖോന്റെ ജീവിതം.
1971ലെ ഐതിഹാസിക പോരാട്ടത്തിൽ വീരമൃത്യു വരിക്കുമ്പോൾ നിർമൽജിതിന് പ്രായം 26. ഈസ്റ്റ് പാകിസ്ഥാൻ (ബംഗ്ലാദേശ്) മോചിപ്പിക്കാനുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന ആ തണുത്ത ഡിസംബർ മാസത്തിൽ കനത്ത യുദ്ധം നടന്നിരുന്ന കിഴക്കനിന്ത്യ ഒഴിവാക്കി താരതമ്യേന സേനാബലം കുറഞ്ഞ പടിഞ്ഞാറൻ ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ പദ്ധതിയിട്ടു.
(ബോർഡർ സിനിമയ്ക്ക് പ്രചോദനമായ ലോംഗേവാലയിലെ യുദ്ധം അതിന്റെ അനന്തരഫലമാണ്. വെറും ഇരുപത്തഞ്ചു സൈനികരും ഒരു ജീപ്പ് മൗണ്ടഡ് ഗണ്ണും രണ്ട് മെഷീൻ ഗണ്ണും മാത്രമുണ്ടായിരുന്ന ഇന്ത്യ പാകിസ്ഥാന്റെ ഒരു ടാങ്ക് പടയെ നേരിട്ട് അവസാനം 36 ടാങ്കുകൾ നശിപ്പിച്ചതാണ് ലോംഗെവാലയിലെ യുദ്ധം.)
അതേ സമയത്തു തന്നെ തന്ത്രപ്രധാനമായ ശ്രീനഗർ എയർബേസ് ആക്രമിച്ചു നശിപ്പിക്കാൻ പാകിസ്ഥാൻ പദ്ധതിയിട്ടു. ഡിസംബർ 14 ന് ശ്രീനഗർ ലക്ഷ്യമാക്കി പാകിസ്ഥാന്റെ 6 സാബർ ഫൈറ്റർ ജെറ്റുകൾ പറന്നുയർന്നു. നല്ലൊരു റഡാറോ AEW&CS ഓ ഇല്ലാതിരുന്ന അക്കാലത്ത് ശത്രു സാന്നിദ്ധ്യമറിയാൻ വ്യോമസേന ആശ്രയിച്ചിരുന്നത് ഉയർന്ന മലനിരകളിൽ സ്ഥാപിച്ചിരിക്കുന്ന ചെക്ക്പോസ്റ്റുകളെയായിരുന്നു.
ഡിസംബറിലെ കോടമഞ്ഞിൽ ശത്രുവിമാനങ്ങളുടെ സാന്നിദ്ധ്യം ചെക്ക് പോസ്റ്റുകൾ തിരിച്ചറിഞ്ഞത് അൽപം വൈകിയാണ്. ഉടൻ തന്നെ വിവരം കൈമാറിയെങ്കിലും പാക് ജെറ്റുകൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്ലൈയിങ്ങ് ബുള്ളറ്റ്സ് സ്ക്വാഡ്രനിലെ ഫ്ലൈറ്റ് ലഫ്റ്റനന്റായ ജി-മാൻ എന്നറിയപ്പെട്ടിരുന്ന ബൽധീർ സിംഗ് ഘുമ്മൻ, ഫ്ലൈയിങ്ങ് ഓഫീസർ ശേഖോൻ എന്നിവർ ഉടൻ തന്നെ അവരുടെ യുകെ നിർമ്മിത ഫോളൻഡ് നാട്ട് എന്ന ചെറു യുദ്ധവിമാനങ്ങളിൽ പറന്നുയർന്നു.
( ഫോളൻഡ് പിന്നീട് ഹോക്കർ സിഡ്ലിയും അതിനു ശേഷം ബി.എ.ഇയും ആയി രൂപാന്തരം പ്രാപിച്ചു. ബി.എ.ഇ ആണ് ദെസ്സോ റഫേലിന്രെ പ്രധാന എതിരാളിയായ യൂറോഫൈറ്റർ ടൈഫൂണിന്റെ ന്റെ മൂന്നു നിർമ്മാതാക്കളിൽ ഒരാൾ)
പറന്നുയരുന്നതിനിടെ കനത്ത ബോംബിംഗിന്റെയും ഡോഗ്ഫൈറ്റിന്റെയും കോടമഞ്ഞിന്റെയും ഫലമായി വിഷ്വൽ നഷ്ടമായ ഘുമ്മൻ പിന്നീട് കേൾക്കുന്നത് 4 പാക് സാബർ ജെറ്റുകളോട് ഒറ്റയ്ക്ക് പൊരുതുന്ന ശേഖോനെയാണ്. കനത്ത ഡോഗ്ഫൈറ്റിൽ ആദ്യജോടി സാബർ ജെറ്റുകളെ തകർത്ത ശേഖോന്റെ നാട്ടിനും അതിനിടെ വെടിയേറ്റിരുന്നു.
തകരാറിലായ ഫ്ലൈറ്റിനെ തിരികെ എയർ ബേസിലെത്തിക്കാൻ ശേഖോൻ ശ്രമിച്ചെങ്കിലും ശ്രമം പാഴായി. 37 ബുള്ളറ്റുകൾ തുളഞ്ഞു കയറിയ ആ വിമാനം അപ്പോഴേക്കും അതിന്റെ അന്ത്യശ്വാസം വലിച്ചിരുന്നു. തുടർന്ന് ഫ്ലൈറ്റിൽ നിന്നും എജക്റ്റ് ചെയ്യാൻ ഒരു ശ്രമം നടത്തിയെങ്കിലും ഇജക്ഷൻ പ്രവർത്തിച്ചില്ല. ബാലൻസ് നഷ്ടമായി താഴെ വീണ വിമാനം അതിന്റെ അവസാന ഫ്ലൈറ്റിൽ പൈലറ്റിനെയും ഒപ്പം കൂട്ടി.
അവസാനശ്വാസം വരെ ശത്രുവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി സ്വന്തം നാടിനെ കാത്ത ആ വീരനെ രാജ്യം പരംവീർ ചക്ര നൽകി ആദരിച്ചു. I think I am hit. G-man, come and get them. ഇതായിരുന്നു ശേഖോന്റെ അവസാനസന്ദേശം. വിമാനം തകർന്നുവെന്ന് ഉറപ്പായപ്പോഴും ശത്രുക്കളെ തുരത്തുകയെന്ന ഒരു സൈനികന്റെ മുഖ്യ ചുമതലയാണ് ആ ധീരൻ വഹിച്ചത്.
Discussion about this post