മിസൈലും ടോർപിഡോയും ചേർത്ത് ഡിആർഡിഒ വികസിപ്പിച്ച അന്തർവാഹിനി വേധ ആയുധം സ്മാർട്ട് ( സൂപ്പർ സോണിക് മിസൈൽ അസിസ്റ്റഡ് റിലീസ് ഓഫ് ടോർപിഡോ ) വിജയകരമായി പരീക്ഷിച്ചു. ഒഡിഷയ്ക്കടുത്ത് വീലർ ദ്വീപിൽ നിന്ന് ഇന്ന് രാവിലെ 11.45 ഓടെയായിരുന്നു പരീക്ഷണം. മിസൈലിനോട് ഘടിപ്പിച്ച ടോർപിഡോ കൃത്യമായി ലക്ഷ്യം ഭേദിച്ചെന്ന് ഡി.ആർ.ഡി.ഒ വ്യക്തമാക്കി.
അന്തർവാഹിനി വേധ യുദ്ധത്തിന് കരുത്തുപകരുന്ന പരീക്ഷണമാണ് സ്മാർട്ടിലൂടെ ഇന്ത്യ നടത്തിയത്. ലൈറ്റ് വെയ്റ്റ് ടോർപിഡോയെ സാധാരണയുള്ള ദൂരപരിധിയേക്കാൾ കൂടുതൽ എത്തിക്കാനാണ് മിസൈൽ കൂടി ഇതിനൊപ്പം ഉപയോഗിക്കുന്നത്. 350 നോട്ടിക്കൽ മൈൽ ( ഏകദേശം 650 കിലോമീറ്റർ ) ദൂരപരിധിയുള്ള സ്മാർട്ട് സമുദ്രാന്തർഭാഗത്ത് മറഞ്ഞ് കിടക്കുന്ന അന്തർവാഹിനിയെ തകർക്കാൻ സേനയെ സഹായിക്കും.
ചൈനയുമായുള്ള സംഘർഷ സാദ്ധ്യത നിലനിൽക്കെ ഇന്ത്യ വിവിധ തരത്തിലുള്ള മിസൈലുകളും ആയുധങ്ങളുമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പരീക്ഷിക്കുന്നത്. ആണവായുധ വാഹക ശേഷിയുള്ള ശൗര്യ മിസൈൽ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു.
Discussion about this post