കൊച്ചി :ഒന്നിൽ കൂടുതൽ വിമാനവാഹിനികളുള്ള അഞ്ചാമത്തെ രാജ്യമാകാനൊരുങ്ങി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്തിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ ഒക്ടോബറിൽ നടക്കും. വിക്രാന്തിന്റെ ബേസിൻ പരീക്ഷണമാണ് നടക്കുന്നത്. തുറമുഖത്ത് നിന്നുള്ള പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞതിനെ തുടർന്നാണ് ജല പരീക്ഷണം ആരംഭിക്കുന്നത്.
പ്രൊപ്പൽഷൻ, ഷാഫ്റ്റിംഗ് , ട്രാൻസ്മിഷൻ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങൾ സമുദ്രത്തിൽ പരീക്ഷണം നടത്തും. ഇതിനു ശേഷമായിരിക്കും വിക്രാന്ത് നാവികസേനയുടെ ഭാഗമാവുക. ഈ വർഷം അവസാനത്തോടെ വിക്രാന്തിനെ നാവികസേനയിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. കൊറോണ വ്യാപനം ഉണ്ടായതിനെ തുടർന്നാണ് നേരത്തെ പരീക്ഷണം മാറ്റിവെച്ചത്.
കൊച്ചിൻ ഷിപ്യാർഡിലാണ് നിർമ്മാണം നടക്കുന്നത്. നാൽപ്പതിനായിരം ടൺ കേവുഭാരമുള്ള വിക്രാന്തിൽ 26 മിഗ് 29 ഫൈറ്റർ വിമാനങ്ങളും ഹെലികോപ്ടറുകളും ഉൾക്കൊള്ളിക്കാം. എൽ.സിഎച്ചിന്റെ നാവിക പതിപ്പ് വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയതിനാൽ ഈ വിമാനവും ഇതിൽ ഉൾക്കൊള്ളിക്കാൻ കഴിയും. കമ്മീഷൻ ചെയ്തതിനു ശേഷം വിശാഖപട്ടണത്താണ് വിക്രാന്തിനെ വിന്യസിക്കുക. നിലവിൽ ഐ.എൻ.എസ് വിക്രമാദിത്യയാണ് ഇന്ത്യയുടെ ഒരേയൊരു വിമാനവാഹിനി. അമേരിക്ക, ചൈന , ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കാണ് ഒന്നിൽ കൂടുതൽ വിമാനവാഹിനികളുള്ളത്. അമേരിക്കയ്ക്ക് 11 വിമാനവാഹിനികൾ സർവ്വസജ്ജമായി പ്രവർത്തിക്കുന്നുണ്ട്.
Discussion about this post