ഇന്ത്യൻ വ്യോമസേന 1932ൽ രൂപീകൃതമായിട്ട് ഈ ഒക്ടോബർ എട്ടിന് 88 വർഷം തികഞ്ഞു. പലയുദ്ധങ്ങളിൽ നിർണായകമായ പങ്കു വഹിച്ചിട്ടുള്ള വ്യോമസേന രാജ്യത്തിനു രക്ഷയേകിയിട്ടുണ്ട് . ഇത്തരത്തിൽ എയർഫോഴ്സ് അതിന്റെ ശക്തി പുറത്തെടുത്ത ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളിലൊന്നാണ് 1971ലെ ലോംഗേവാല പോരാട്ടം.1971 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്ന് നടന്ന വർഷമാണ്. അന്നു ബംഗ്ലദേശില്ല. കിഴക്കൻ പാക്കിസ്ഥാനും പടിഞ്ഞാറൻ പാക്കിസ്ഥാനും ആണ് ഉണ്ടായിരുന്നത്.
1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ 11 ഇന്ത്യൻ എയർബേസുകളിൽ വ്യോമാക്രമണം നടത്തിയതോടെ ഇന്ത്യ യുദ്ധക്കളത്തിൽ ഇറങ്ങി. രാജസ്ഥാനിലെ ജയ്സാൽമീർ മേഖലയിൽ രാജ്യാന്തര അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലോംഗെവാല. ഇവിടെ ഒരു ബിഎസ്എഫ് പോസ്റ്റ് അന്നുണ്ടായിരുന്നു. എന്നാൽ യുദ്ധമായതോടെ ബിഎസ്എഫ് ഇവിടെ നിന്നു പിൻമാറുകയും പകരം കരസേന ഇവിടെ നിലയുറപ്പിക്കുകയും ചെയ്തു.
3000 സൈനികർ, 60 യുദ്ധടാങ്കുകൾ, അനേകം വാഹനങ്ങൾ എന്നിവയെല്ലാമായി വലിയ രീതിയിലുള്ള സന്നാഹമായിരുന്നു പാക്കിസ്ഥാന്.ഒന്നുകിൽ പോരാടുക, അല്ലെങ്കിൽ രാംഗഡിലേക്കു മടങ്ങുക. ഇതായിരുന്നു ആസ്ഥാനത്തു നിന്നു ലഭിച്ച ഉപദേശം. പോരാടാനായിരുന്നു കമാണ്ടർ കുൽദീപ് സിങ് ചാന്ദ്പുരിയുടെ തീരുമാനം. രാത്രിയോടെ സേനയെ ചുറ്റും വളഞ്ഞ പാക് സൈന്യം ആക്രമണം തുടങ്ങി.
ഇതിനിടെ ജയ്സാൽമീറിലുള്ള എയർ ബേസിലേക്ക് അടിയന്തര സഹായമാവശ്യപ്പെട്ട് സേനയുടെ സന്ദേശമെത്തി.എന്നാൽ അവിടെയുള്ള വിമാനങ്ങൾക്ക് നൈറ്റ് വിഷൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പുലർച്ച വരെ കാത്തിരിatക്കുകയല്ലാതെ മറ്റു മാര്ഗങ്ങളില്ലായിരുന്നു. അഞ്ചാം തീയതി രാവിലെ പ്രകാശം പരന്നതോടെ ജയ്സാൽമീർ എയർബേസിലെ റൺവേയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പാഞ്ഞെത്തി.
എച്ച്എഫ്–24 മാരുത്, ഹോക്കർ ഹണ്ടർ എന്നീ യുദ്ധവിമാനങ്ങളാണ് ലോംഗെവാലയിലേക്ക് എത്തിയത്. പിന്നീട് കനത്ത പ്രഹരമായിരുന്നു പാക് സേനക്ക് നേരെ നടന്നത്. ആദ്യഘട്ട ആക്രമണത്തിൽ തന്നെ പാക്കിസ്ഥാന്റെ 5 ടാങ്കുകൾ നശിച്ചു. ഇന്ധനംനിറച്ചു വീണ്ടും വീണ്ടും പറന്നെത്തിയ യുദ്ധവിമാനങ്ങൾ ഇന്ത്യയെ കീഴടക്കാൻ വന്ന പാക്ക് ടാങ്കുകളെ യാതൊരു ദയയുമില്ലാതെ തകർത്തെറിഞ്ഞു.
പാക്ക് പ്രതിരോധം കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. പിറ്റേന്ന് വൈകുന്നേരം വരെ തുടർന്ന പോരാട്ടത്തിൽ പാകിസ്താന്റെ 200 പട്ടാളക്കാർ മരിച്ചു. ഇരുന്നൂറോളം വാഹനങ്ങൾ തകർത്തു. 38 ടാങ്കുകൾ നശിപ്പിക്കപ്പെട്ടു.ചിലത് സൈന്യം പിടിച്ചെടുത്തു (ഇവയിപ്പോഴും ലോംഗെവാലയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്). കര, വായുസേനകളുടെ ധൈര്യത്തിന്റെയും കർമോത്സുകതയുടെയും അടയാളമായി ലോംഗെവാലെ പോരാട്ടം പിൽക്കാലത്തു മാറി.
Discussion about this post