ന്യൂഡല്‍ഹി : ലഡാക്കിലെ സംഘര്‍ഷാവസ്ഥയില്‍ പരിഹാരം കാണുന്നതിന് ഇന്ത്യ – ചൈന സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ രഹസ്യമായി തുടരുകയാണ്. ഇതിനിടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ( പി.എല്‍.എ) നിയന്ത്രണ രേഖയില്‍ നിന്നും പിന്മാറാന്‍ തയാറാണെന്നും ഇതിനായി ഉപാധികള്‍ മുന്നോട്ട് വച്ചതായും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ മുന്നോട്ട് വച്ച നിര്‍ദ്ദേശം പരിഗണിച്ചാണ് ചൈന അതിര്‍ത്തിയില്‍ നിന്നും സേനാ പിന്‍മാറ്റത്തിന് തയാറായിരിക്കുന്നത്.
എന്നാല്‍, സേനാപിന്മാറ്റം നടത്തുമ്പോള്‍ രണ്ടു പേരും ഒരുമിച്ച് മാറണം എന്നാണ് ചൈനയുടെ നിലപാട്. ഒരാള്‍ മാറിയ ശേഷം മറ്റൊരാള്‍ മാറരുത്. വീണ്ടും പ്രശ്നം ഒഴിവാക്കാനായി അതിര്‍ത്തിയില്‍ നിന്നും ടാങ്കുകളും, പീരങ്കിപ്പടയുമുള്‍പ്പെടെ ഇരുപക്ഷവും പരസ്പരം ഒരുമിച്ച് പിന്‍മാറ്റം നടത്തണമെന്നാണ് ചൈന പറയുന്നത്. എന്നാൽ ഇത് ഇന്ത്യക്ക് സ്വീകാര്യമല്ല. ഘട്ടം ഘട്ടമായി സേനാപിന്‍മാറ്റം വേണമെന്നതാണ് ഇന്ത്യന്‍ നിലപാട്.
പീരങ്കിപ്പടയും ടാങ്കുകളും സംഘര്‍ഷ മേഖലയില്‍ നിന്നും പിന്‍വലിക്കുന്നത് ഇന്ത്യയ്ക്ക് അനുകൂലമായേക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ചൈനീസ് സേന അതിര്‍ത്തി മേഖലയില്‍ റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടായാല്‍ ഇവര്‍ക്ക് ഇന്ത്യയേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ വിന്യസിക്കാന്‍ എളുപ്പമായിരിക്കും. ഇതുകൊണ്ടു തന്നെ ശൈത്യകാലത്തും കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ സേനാ വിന്യാസം തുടര്‍ന്നേക്കുമെന്നാണ് സൂചന.
അതേസമയം ഇന്ത്യൻ സേന ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയും അപഹരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കാന്‍ സൈന്യത്തിനും രാജ്യത്തിന്റെ നേതൃത്വത്തിനും കഴിവുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നറിയിപ്പ് നൽകി.
Discussion about this post