ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച ആന്റി സബ്മറൈന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കവരത്തി നാളെ നാവിക സേനയുടെ ഭാഗമാകും. വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങില്‍ കരസേന മേധാവി എം എം നരവനേ ഐഎന്‍എസ് കവരത്തിയുടെ നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിക്കും. കമോര്‍ത്ത ക്ലാസില്‍പ്പെട്ട സ്റ്റെല്‍ത്ത് വിഭാഗത്തിലുളള ചെറിയ യുദ്ധക്കപ്പലാണ് ഐഎന്‍എസ് കവരത്തി. നാവികസേനയുടെ കീഴിലുളള ഡിസൈന്‍ വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് ഇത് രൂപകല്‍പ്പന ചെയ്തത്.
കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്റ് എന്‍ജിനീയേഴ്‌സാണ് ഇത് നിര്‍മ്മിച്ചത്. നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതില്‍ ഐഎന്‍എസ് കവരത്തി നിര്‍ണായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രോജക്‌ട് 28ന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മ്മിച്ച നാല് ആന്റി സബ്മറൈന്‍ യുദ്ധക്കപ്പലുകളില്‍ അവസാനത്തേതാണ് ഐഎന്‍എസ് കവരത്തി.
അത്യാധുനിക യുദ്ധോപകരണങ്ങളാണ് യുദ്ധക്കപ്പലില്‍ ക്രമീകരിച്ചിരിക്കുന്നത്. അന്തര്‍വാഹിനികളുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. സ്വയം പ്രതിരോധത്തിനുളള സംവിധാനമാണ് യുദ്ധക്കപ്പലിന്റെ മറ്റൊരു പ്രത്യേകത. അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ യുദ്ധക്കപ്പല്‍ നാവികസേനയുടെ ഭാഗമാകുന്നത്.
ബംഗ്ലാദേശ് വിമോചനത്തില്‍ സുപ്രധാന പങ്കുവഹിച്ച ഐഎന്‍എസ് കവരത്തിയോടുളള ആദരസൂചകമായാണ് ഈ പേര് തന്നെ ഇതിന് നല്‍കിയത്. അര്‍നാല ക്ലാസ് യുദ്ധക്കപ്പലായിരുന്നു ഐഎന്‍എസ് കവരത്തി. ആന്റി സബ്മറൈന്‍ യുദ്ധക്കപ്പലിന്റെ നിര്‍മ്മാണത്തില്‍ 90 ശതമാനവും തദ്ദേശീയമായാണ് കണ്ടെത്തിയത്.
Discussion about this post