ന്യൂഡൽഹി: ഇന്ന് ചേർന്ന കാബിനറ്റ് കമ്മിറ്റി ഫോർ സെക്യൂരിറ്റിയുടെ (CCS) ഉന്നതതലയോഗത്തിൽ ഇന്ത്യയുടെ സ്വന്തം ഫൈറ്റർ ജെറ്റായ തേജസിന്റെ (LCA) പുതുതായി നിരവധി മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള 83 മാർക്ക് 1A യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ എയർഫോഴ്സിന് അനുമതി ലഭിച്ചു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമിതിയാണ് ഐതിഹാസികമായ ഈ തീരുമാനമെടുത്തത്. 48000 കോടി രൂപയുടെ വമ്പൻ ഓർഡർ ആണ് ഇതിലൂടെ നൽകപ്പെടുന്നത്.
ആത്മനിർഭർ ഭാരത് എന്ന പ്രഖ്യാപിതപദ്ധതിയിലൂടെ പ്രതിരോധമേഖലയിലും സ്വയംപര്യാപ്തമാകുക എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി അടുപ്പിക്കുന്നതാണ് ഇന്നത്തെ തീരുമാനമെന്ന് പ്രതിരോധമന്ത്രി ശ്രീ രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. നിലവിൽ വിരമിക്കൽ കാത്തുകിടക്കുന്ന മുൻതലമുറ ഫൈറ്ററുകൾക്ക് ഒരു പകരക്കാരനാകാനും ഒപ്പം വരുംവർഷങ്ങളിൽ വായുസേനയുടെ നട്ടെല്ലാകാനും LCAയ്ക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു.
ഈ കരാർ പ്രതീക്ഷിച്ചിരുന്നതുകൊണ്ടു തന്നെ നിർമ്മാതാക്കളായ HAL തേജസിനായി രണ്ടാമതൊരു പ്രൊഡക്ഷൻ ലൈൻ കൂടി തയ്യാറാക്കിയിരുന്നു. നാസിക്, ബാംഗ്ലൂർ ഡിവിഷനുകളിലായാണ് നിർമ്മാണം നടക്കുക. രാജ്യത്ത് ആഭ്യന്തരമായി ഉത്പാദനം ആരംഭിക്കുന്നതോടെ കൂടുതൽ തൊഴിലവസരങ്ങളും ഉണ്ടാകും എന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യൻ എയറോസ്‌പേസ് നിർമ്മാണയൂണിറ്റുകൾക്ക് എത്തിച്ചേരാൻ സഹായകമായ ഈ തീരുമാനം സ്വീകരിച്ചതിന് പ്രധാനമന്ത്രിയോട് അദ്ദേഹം കൃതജ്ഞത പ്രകടിപ്പിച്ചു.
ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പും അസ്ത്ര മിസൈലിന്റെ പരിഷ്കരിച്ച പതിപ്പും അടക്കം വിവിധങ്ങളായ ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയുള്ളതാണ് മാർക് 1A മോഡൽ. തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന “ഉത്തം” AESA റഡാറും വരുംകാല വിമാനങ്ങളിൽ ഉണ്ടാവും.
Discussion about this post