” പോകാം പവൻ. ഇനി ആരും വരില്ല ”
” കുറച്ചു കൂടി വെയ്റ്റ് ചെയ്യൂ സർ. അവൻമാർ വരും. നമ്മുടെ മുന്നിൽ തന്നെ വന്നു ചാടും ”
ചിനാർ മരങ്ങൾക്കിടയിലൂടെ പെയ്യുന്ന മഞ്ഞിൽ അവർ രണ്ടു പേരും ആ രാത്രി മുഴുവൻ അവിടെയിരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെപ്പറ്റി വിവരം ലഭിച്ചിട്ട് അന്വേഷിച്ചിറങ്ങിയതായിരുന്നു മേജർ തുഷാറും ക്യാപ്റ്റൻ പവൻ കുമാറും . ഇൻറലിജൻസ് റിപ്പോർട്ട് തെറ്റായിരുന്നുവെന്ന് 2 പേർക്കും മനസ്സിലായിരുന്നു. എങ്കിലും അവിടെ കുറച്ചു നേരം ഇരിക്കണമെന്ന് അവന് തോന്നി. ആ രാത്രിയിൽ അവൻ ഒരുപാട് സംസാരിച്ചു.സൈന്യത്തപ്പറ്റി, വീടിനെപ്പറ്റി, സ്നേഹിക്കുന്ന പെൺകുട്ടിയെ കുറിച്ച് .അവളെ വിവാഹം കഴിക്കുന്നതിനെപ്പറ്റി..!!
ആഗ്രഹങ്ങൾ ബാക്കിയാക്കി സാഹസികതയുടെ പര്യായമായ ആ സൈനികൻ വിടവാങ്ങി.
“ക്യാപ്റ്റൻ പവൻകുമാർ, 10 PARA SF ”
ഹരിയാനയിൽ 1993ലെ ആർമി ഡേയിലായിരുന്നു ജനനം. അതു കൊണ്ട് തന്നെ അവനെ സൈന്യത്തിനു നൽകുമെന്ന് മാതാപിതാക്കൾ തിരുമാനിച്ചിരുന്നു. NDA പഠനം പൂർത്തിയാക്കി സൈന്യത്തിൽ ചേർന്നു. അസാമാന്യ ധൈര്യവും നെഞ്ചുറപ്പും അവനെ സ്പെഷ്യൽ ഫോഴ്സിലെത്തിച്ചു. 10ആം പാരാ റെജിമന്റിന്റെ ധീരനായ പോരാളിയായി അവൻ മാറി.എൻകൗണ്ടറുകൾ പവന് ഒരു ഹരമായിരുന്നു. സ്വദേശികളും വിദേശികളുമായ ഒരു ഡസനിലധികം തീവ്രവാദികൾ പവന്റെ തോക്കിനു മുൻപിൽ കീഴടങ്ങി. സീനിയർ ഓഫീസർമാരോട് ചോദിച്ച് വാങ്ങി അവൻ ഓപ്പറേഷനുകൾ ലീഡ് ചെയ്തു. ഒടുവിൽ ഏതൊരു പോരാളിയെയും കാത്തിരുന്ന, ഏതൊരു സൈനികന്റെയും ജീവിതം സാർത്ഥകമാകുന്ന ആ ദിവസം വന്നെത്തി.
2016 ഫെബ്രുവരി 21 പാംപോർ
CRPF വാഹനത്തിനു നേരെ വെടിവെച്ച ശേഷം പാംപോറിലെ ഇഡിഐ ബിൽഡിംഗിലേക്ക് കയറിയ ഭീകരരെ തുരത്താൻ പാരാ കമാൻഡോകളെത്തി. ക്യാപ്റ്റൻ പവൻ തന്നെ ലീഡ് ചെയ്യുന്നു. കുറച്ചു ദിവസം മുൻപുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റതിനാൽ അനുവദിച്ച ലീവ് വേണ്ടെന്നു വച്ചാണ് പവൻ എൻകൗണ്ടറിൽ ജോയിൻ ചെയ്തത്! 4 നിലകളിലായി നൂറിലധികം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു.
സമയം രാത്രി 2 മണി കഴിഞ്ഞിരുന്നു. നേരം പുലർന്നശേഷം ഓപ്പറേഷൻ ആരംഭിക്കാമെന്ന് മേജർ തുഷാർ പറഞ്ഞു. എന്നാൽ പവൻ എതിർത്തു. സമയം നൽകിയാൽ അവർ കൂടുതൽ പ്ലാനിംഗ് നടത്തുമെന്നും ഈ രാത്രിയിൽ തന്നെ എൻകൗണ്ടർ തുടങ്ങണമെന്നും പവൻ നിർബന്ധം പിടിച്ചു. പവന്റെ കണക്കുകൂട്ടലുകൾ ശരിയായിരുന്നു. വലിയൊരു ആയുധശേഖരവുമായാണ് ഭീകരർ ഉണ്ടായിരുന്നത്. സമയം വൈകിയാൽ അത് കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സാധാരണക്കാരെ ബാധിക്കും. ഒടുവിൽ ടീം റെഡിയായി. ഒഴിപ്പിക്കലിനു 5 പേരുടെ ടീമിനെ പവൻ തയാറാക്കി.
എല്ലാവരും ബാലിസ്റ്റിക് പ്രൊട്ടക്ഷൻ ബുള്ളറ്റ് പ്രൂഫും ഗ്ലൗസും അണിഞ്ഞു. ഹെൽമെറ്റിനൊപ്പം അമേരിക്കൻ നിർമ്മിത നൈറ്റ് വിഷൻ ഉപകരണം ഘടിപ്പിച്ചു. ബെറെറ്റ് പിസ്റ്റൾ യൂണിഫോമിനുള്ളിൽ ഒളിപ്പിച്ച ടീമംഗങ്ങൾ തങ്ങളുടെ പ്രധാന ആയുധം കയ്യിലെടുത്തു. ‘കോൾട്ട് M4 A1 കാർബൈൻ’.
തീവ്രവാദികൾ പല മുറികളിൽ നിന്നും അകത്തേക്കും പുറത്തേക്കും വെടിവെക്കുന്നുണ്ടായിരുന്നു. മുകളിലത്തെ നില മുതൽ ഒഴിപ്പിക്കാൻ തീരുമാനിച്ചു. മൗത്ത്പീസിലൂടെ താഴെയുള്ള മേജർ തുഷാറിന് പവൻ സന്ദേശം കൈമാറിക്കൊണ്ടേയിരുന്നു. മുകളിൽ ഒരു റെസ്റ്റോറന്റണെന്നും അങ്ങോട്ട് നീങ്ങുകയാണെന്നും പവൻ പറഞ്ഞു.പവന്റെ ശബ്ദത്തിൽ ആത്മവിശ്വാസം നിറഞ്ഞു നിന്നിരുന്നു. അവസാന നിലയിലെ സ്റ്റെപ്പുകൾ കയറുമ്പോൾ കെട്ടിടത്തിനുള്ളിൽ നിന്നുള്ള വെടിയൊച്ച പെട്ടെന്ന് നിലച്ചു. അല്പനേരം നിൽക്കാനും വളരെ സൂക്ഷിച്ച് മുന്നോട്ട് പോകാനും മേജർ തുഷാർ നിർദ്ദേശം നൽകി.
മുകളിലത്തെ നിലയിലേക്കുള്ള വാതിൽ 2 സൈനികർ തുറന്നു പവൻ മുകളിലേക്ക് കയറി ടീമംഗങ്ങൾ എല്ലാവരും ലോബിയിലൂടെ സാവധാനം പദങ്ങൾ വച്ചു. ലക്ഷ്യത്തിനടുത്തെത്തിയതായി പവന് മനസ്സിലായി അടുത്തടുത്ത് 2 റൂമുകളിൽ ഒന്നിൽ തീവ്രവാദികൾ ഉണ്ടെന്ന് ഉറപ്പായി. നിശ്ശബ്ദതയിൽ ഒരു ഭിത്തിക്കപ്പുറം ടെററിസ്റ്റുകളുടെ നിശ്വാസം പവന് മനസ്സിലായി. പവൻ കൈ ചൂണ്ടി. 2 സൈനികർ വാതിൽ തുറക്കാൻ തയ്യാറായി നിന്നു. വാതിൽ അകത്തു നിന്നു ലോക്ക് ചെയ്തിരുന്നു. ‘അകത്ത് കയറാൻ പോകുന്നു ‘ എന്ന് മൗത്ത്പീസിലൂടെ പവൻ പറഞ്ഞു.സൈനികരെ മാറ്റി വാതിൽ ചവിട്ടിത്തുറന്നു.
അകത്തേക്ക് കയറിയതും തീവ്രവാദികൾ വെടിയുതിർത്തു. ആദ്യത്തെ റൗണ്ട് പവന്റെ ശരീരത്തിൽ കൊണ്ടില്ല മുന്നോട്ടു കയറിയ പവൻ വെടിയുതിർത്തു. 2 മീറ്ററിനുള്ളിൽ വച്ച് അടുത്ത ഷൂട്ട് പവന്റെ നെഞ്ചിൽ തറച്ചു.ചെറുതായൊന്ന് ഉലഞ്ഞ പവൻ മൗത്ത്പീസിലൂടെ മന്ത്രിച്ചു ” ഒരെണ്ണം കിട്ടി, പക്ഷെ തുടരുന്നു”
അരുതെന്നും പിൻമാറണമെന്നും മേജർ തുഷാറിന്റെ നിർദ്ദേശം റൂമിലെ വെടിയൊച്ചയിൽ മറഞ്ഞു. ഒരു സ്റ്റൈപ്പ് കൂടി മുന്നോട്ട് കയറി പവൻ വെടിയുതിർത്തു. ഒരു ടെററിസ്റ്റ് വീണു. 2 പേർ കൂടി ആ മുറിയിലുണ്ടായിരുന്നു. പവന് 3 തവണ കൂടി വെടിയേറ്റു.അതിൽ അവൻ വീണു.ടീമിലെ 2 പേർ അവന്റെ ശരീരം വലിച്ചു പുറത്തെത്തിച്ചു. ജീവനുണ്ടായിരുന്നു. എണീറ്റ് വീണ്ടും മുറിയിലേക്ക് കയറാൻ അവൻ ശ്രമിച്ചു. എന്നാൽ അനങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.. 3 പേർ അവനെ താങ്ങിപ്പിടിച്ചു താഴെയെത്തിച്ചു. മേജർ തുഷാറിന് വിശ്വസിക്കാനായില്ല. ചോരയിൽ കുളിച്ച പവന്റ ശരീരം! പരിശീലന സമയത്ത് 2സൈനികരെ തോളിൽ വച്ച് നിഷ്പ്രയാസം ഓടുന്ന അവനെയിതാ മൂന്ന് സൈനികൾ താങ്ങിപ്പിടിച്ചു കൊണ്ട് വരുന്നു!
തുഷാറിന്റെ കൈകൾ പിടിച്ച് അവൻ പറഞ്ഞു. 2 പേരല്ല, അവർ മൂന്നിൽ കൂടുതലുണ്ട്. 2 പേർ അടുത്ത മുറിയിലേക്ക് ഓടിയിട്ടുണ്ട് ” . സ്ട്രച്ചറിൽ പിടിച്ച് അവൻ എണീൽക്കാൻ വീണ്ടും ശ്രമിച്ചു.ശ്രീനഗർ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു…!!
ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ പവന്റെ ശരീരം ഏറ്റുവാങ്ങി അച്ഛൻ പറഞ്ഞു ” ഒറ്റ മകനേ ഉണ്ടായിരുന്നുള്ളൂ.ഒരു ആർമി ദിനത്തിലാണ് അവൻ ജനിച്ചത് .അവനെ ഞാൻ സൈന്യത്തിനു നൽകി. രാജ്യത്തിനു നൽകി.ഞാൻ അഭിമാനിക്കുന്നു”
( പവനെ കൂടാതെ ക്യാപ്റ്റൻ തുഷാർ മഹാജൻ, ലാൻസ് നായിക് ഓംപ്രകാശ്, 2 CRPF ജവാൻമാരും ഈ ഏറ്റുമുട്ടലിൽ മരിച്ചു.3 തീവ്രവാദികളെ കൊന്നു. കെട്ടിടത്തിലുള്ള എല്ലാവരേയും സുരക്ഷിതമായി പുറത്തെത്തിച്ചു)
Discussion about this post