1999 ജൂലൈ ഒന്ന് .. ജൂൺ 30 ന് ആരംഭിച്ച ദുഷ്കരമായ മലകയറ്റം ഏതാണ്ട് അവസാനിക്കാറായി.. ഇരുളിന്റെ മറവിൽ അപകടം പതിയിരിക്കുന്ന ബറ്റാലിക് സെക്റ്ററിലെ പോയിന്റ് 4812 . ക്യാപ്ടൻ കെയ്സിംഗ് ക്ലിഫോർഡ് നോംഗ്രത്തേയും കൂടെയുള്ള സൈനികരേയും വരവേറ്റത് മലമുകളിൽ നിന്നുള്ള തീയുണ്ടകളായിരുന്നു. സുരക്ഷിതമായ പൊസിഷനുകളിൽ ഇരുന്ന് ശത്രുസൈനികർ മെഷീൻ ഗണ്ണിലൂടെ നടത്തുന്ന ബുള്ളറ്റ് വർഷം ഏറ്റ് തന്റെ സൈനികർ നിലം പതിക്കുന്നത് ക്യാപ്ടൻ ഞെട്ടലോടെ കണ്ടു. പാറക്കൂട്ടങ്ങൾക്കിടയിലെ ശത്രുവിന്റെ സുരക്ഷിത മേഖലയിലേക്ക് വെടിയുതിർത്തിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ക്യാപ്ടൻ കെയ്സിംഗ് നോംഗ്രം ഭാരത് മാതാ കീ ജയ് എന്ന് ആർത്തട്ടഹസിച്ച് ശത്രുവിന്റെ പൊസിഷനു നേരേ പാഞ്ഞടുത്തു.
തീയുണ്ടകൾക്ക് നടുവിലൂടെ അലറിയെത്തിയ നോംഗ്രമിനു നേരേ ആക്രമിക്കാൻ കഴിയുന്നതിനു മുൻപ് തന്നെ അദ്ദേഹമെറിഞ്ഞ ഗ്രനേഡുകൾ ശത്രുവിന്റെ ഒരു കേന്ദ്രത്തിൽ ഇടിമിന്നലായി പെയ്തിറങ്ങി. ആറ് പാക് സൈനികരെ വധിച്ചു. അടുത്ത ശത്രു കേന്ദ്രത്തിലെ യന്ത്രത്തോക്കായിരുന്നു നോംഗ്രത്തിന്റെ ലക്ഷ്യം. എന്നാൽ തിരമാലപോലെയെത്തിയ വെടിയുണ്ടകൾ നോംഗ്രമിനെ വീഴ്ത്തി. എഴുന്നേൽക്കാനാകാതെ കിടന്നെങ്കിലും യുദ്ധക്കളത്തിൽ നിന്ന് മാറാൻ അദ്ദേഹം തയ്യാറായില്ല. നോംഗ്രമിന്റെ ധീരതയിൽ നിന്ന് ആവേശം കൊണ്ട് ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രിയുടെ ധീരരായ പടയാളികൾ സിംഹപരാക്രമത്തോടെ ശത്രുവിന്റെ കേന്ദ്രങ്ങളിലേക്ക് ഇരച്ചു കയറി. മുഴുവൻ പാക് സൈനികരേയും വധിച്ച് ലക്ഷ്യം പൂർത്തിയാക്കി. പോയിന്റ് 4812 സ്വതന്ത്രമാക്കി.
ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നത് കൺകുളിർക്കെ കണ്ട് ബലിദാനം വീര ലക്ഷണം എന്ന റെജിമെന്റിന്റെ മുദ്രാവാക്യം അന്വർത്ഥമാക്കി ക്യാപ്ടൻ നോംഗ്രം വീരമൃത്യുവടഞ്ഞു. ക്യാപ്ടന്റെ വീരോചിതമായ പോരാട്ടത്തിന് ആദരവർപ്പിച്ച് ഭാരതാംബയുടെ വീരപുത്രന് രാജ്യം മഹാവീർ ചക്ര നൽകി ആദരിച്ചു.
Discussion about this post