കടൽ സുരക്ഷയ്ക്ക് കരുത്തേകുന്ന നാവികസേനയുടെ ഐ എൻ എസ് വിശാഖപട്ടണത്തിന് ഇനി ഇരട്ടിക്കരുത്ത് . ഇസ്രായേൽ സംവിധാനമായ എസ് ആർ സി ജിയാണ് ഇനി ഐ എൻ എസ് വിശാഖപട്ടണം എന്ന ഇന്ത്യൻ കപ്പലിന് ശക്തിയാകുന്നത് .
കഴിഞ്ഞ മാസമാണ് ഈ ഐ എൻ എസ് വിശാഖപട്ടണം കമ്മീഷൻ ചെയ്തത് . മിസൈൽ ഡിസ്ട്രോയറായ സ്റ്റെൽത്ത് ഗൈഡഡ് കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം. ഇത്തരത്തിലുള്ള നാലു കപ്പലുകളാണ് എംഡിഎല്ലിനു കീഴിൽ നിർമിക്കുന്നത്. 35,800 കോടി രൂപയുടേതാണു പ്രോജക്ട് 15–ബി എന്ന പേരിലുള്ള കപ്പൽ നിർമാണ കരാർ. പതിനെട്ടാം നൂറ്റാണ്ട് മുതൽ ഉപയോഗത്തിലുള്ളതാണ് മസ്ഗാവ് ഡോക്ക്. ഇവിടെയാണ് ഇന്ത്യൻ നാവികസേനയുടെ സ്കോർപ്പീൻ മുങ്ങിക്കപ്പലുകളും നിർമിക്കുന്നത്
കൂടുതൽ മെച്ചപ്പെട്ട യന്ത്ര- ആയുധ സംവിധാനങ്ങളും സെൻസറുകളും ടോർപ്പിഡോകളുമാണ് 163 മീറ്റർ നീളമുള്ള കപ്പലിലുള്ളത് . ഐഎൻഎസ് വിശാഖപട്ടണം ഇന്ത്യൻ നാവികസേനയ്ക്ക് ലോകോത്തര വ്യോമ പ്രതിരോധ ശേഷിയാണ് നൽകുന്നത് . ഇതിന് കാരണം അതിന്റെ അറേ റഡാർ സംവിധാനമാണ് . നൂറുകണക്കിന് ശത്രുവിമാനങ്ങളും നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള മിസൈലുകളും കണ്ടെത്താൻ കഴിയുന്ന റഡാർ സംവിധാനമാണിത് . അതിനു പിന്നാലെയാണ് ഇസ്രായേൽ നിർമ്മിത എസ് ആർ സിജിയും ഘടിപ്പിക്കുക .
തിരുച്ചിറപ്പള്ളിയിലെ ഓർഡനൻസ് ഫാക്ടറി ജൂണിൽ 25 എസ്ആർസിജി സംവിധാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യൻ നേവിക്കും ഇന്ത്യൻ കോസ്റ്റ് ഗാർഡിനും കൈമാറി. ഇസ്രായേൽ കമ്പനിയായ എൽബിറ്റുമായുള്ള ട്രാൻസ്ഫർ ഓഫ് ടെക്നോളജി ഉടമ്പടി പ്രകാരമാണ് എസ്ആർസിജി നിർമ്മിച്ചത്. നാവികസേനയുടെ വിവിധ കമാൻഡുകൾക്ക് എസ്ആർസിജി സംവിധാനങ്ങളുടെ ആദ്യഭാഗം വിതരണം ചെയ്തിട്ടുണ്ടെന്നും കപ്പലുകളിലേക്ക് വീണ്ടും ഘടിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു .
എസ്ആർസിജിയെ വിദൂര ആയുധ സംവിധാനം എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കാനാകുന്ന ഇതിനു വേഗത ഒരു തോക്കിനെക്കാൾ കൂടുതലാണ് . കമ്പ്യൂട്ടറൈസ്ഡ് ടാർഗെറ്റിംഗ് സിസ്റ്റമാണിതിലുള്ളത് .
വിദൂര ആയുധ സംവിധാനങ്ങൾ പ്രാഥമികമായി രൂപകൽപ്പന ചെയ്തിരിക്കുന്നത് വേഗത്തിലുള്ള ഫയറിംഗിനു വേണ്ടിയാണ് .ഉയർന്ന കൃത്യതയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത . എസ് ആർ സി ജി പോലുള്ള സംവിധാനങ്ങൾക്ക് ഓരോ മിനിറ്റിലും നൂറുകണക്കിന് വെടിയുണ്ടകൾ പ്രയോഗിക്കാൻ കഴിയും.
ഒപ്‌ട്രോണിക് ക്യാമറയും ലേസർ റേഞ്ച് ഫൈൻഡറും ഉള്ള 12.7എംഎം തോക്ക് എസ്ആർസിജിയിലുണ്ട് . ഏത് കാലാവസ്ഥയിലും രാത്രിയിലും ലക്ഷ്യങ്ങൾ കണ്ടെത്താനും ട്രാക്കുചെയ്യാനും ഇതിൽ സെൻസറുകൾ ഉണ്ട് . ഏതാണ്ട് എല്ലാ പ്രധാന നാവികസേനകളും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി റിമോട്ട് ആയുധ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
Discussion about this post