ചൈനീസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തായ്‌വാൻ വ്യോമാതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറി . ഞായറാഴ്ച ചൈന 39 യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് അയച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് യുദ്ധത്തിൽ വൈദഗ്ധ്യമുള്ള ചൈനയുടെ പുതിയ യുദ്ധവിമാനമായ ജെ-16ഡിയും ഇതിൽ ഉൾപ്പെടുന്നു.
2022ൽ ഇതാദ്യമായാണ് ഇത്രയേറെ ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാനിലേക്ക് നുഴഞ്ഞുകയറുന്നത്. കഴിഞ്ഞ ദിവസം ദക്ഷിണ ചൈനാ കടലിനോട് ചേർന്നുള്ള ഫിലിപ്പൈൻ കടലിൽ യുഎസ് നാവികസേനയും ജാപ്പനീസ് നാവികസേനയും നാവികാഭ്യാസം നടത്തിയിരുന്നു. ഇതിൽ രണ്ട് വിമാനവാഹിനിക്കപ്പലുകൾ, രണ്ട് ആംഫിബിയസ് ആക്രമണ കപ്പലുകൾ, രണ്ട് ഗൈഡഡ് മിസൈൽ ക്രൂയിസറുകൾ, അഞ്ച് ഡിസ്ട്രോയറുകൾ, നിരവധി ജാപ്പനീസ് യുദ്ധക്കപ്പലുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിന് മറുപടി നൽകാനാണ് ചൈന തങ്ങളുടെ യുദ്ധവിമാനങ്ങൾ തായ്‌വാനിലേക്ക് അയച്ചതെന്നാണ് കരുതുന്നത്. ഇന്തോ-പസഫിക്കിലെ സംരക്ഷണം ഉറപ്പ് വരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് യുഎസ് നാവികസേന വ്യക്തമാക്കുകയും ചെയ്തിരുന്നു .
തായ്‌വാന്റെ കിഴക്ക് ഭാഗത്തുള്ള പസഫിക് സമുദ്രത്തിന്റെ പ്രദേശമാണ് ഫിലിപ്പൈൻ കടൽ. ഗുവാമിന്റെ കിഴക്കും വടക്കൻ മരിയാന ദ്വീപുകളുടെ മധ്യത്തിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ചൈനീസ് വിമാനങ്ങൾ നുഴഞ്ഞുകയറിയതെന്നും സൂചനകളുണ്ട്. 39 ചൈനീസ് യുദ്ധവിമാനങ്ങൾ ഒരേസമയമാണ് തായ്‌വാനിലേക്ക് നുഴഞ്ഞുകയറിയതെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതിൽ 24 ജെ-16 യുദ്ധവിമാനങ്ങൾ, 10 ജെ-10 യുദ്ധവിമാനങ്ങൾ, രണ്ട് വൈ-9 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ, രണ്ട് വൈ-8 അന്തർവാഹിനി വിരുദ്ധ മുന്നറിയിപ്പ് വിമാനങ്ങൾ, ആണവശേഷിയുള്ള എച്ച്-6 ബോംബർ എന്നിവ ഉൾപ്പെടുന്നു. ഇതിന് മറുപടിയായി തായ്‌വാൻ വിമാനവേധ മിസൈലുകൾ അവർക്കു നേരെ അയച്ചു . മിസൈൽ ലക്ഷ്യസ്ഥാനത്ത് പതിച്ചയുടൻ ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാൻ വ്യോമാതിർത്തി വിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 56 ചൈനീസ് വിമാനങ്ങൾ തായ്‌വാനിലേക്ക് കടന്നിരുന്നു.
Discussion about this post