ഹെൻഷൽ & സൺസിൻ്റെ കസ്സേയിലെ ഫാക്ടറിയിൽ നിന്നും പുറത്തിറങ്ങിയ ഭീകരജീവിയെ കണ്ട സൈനിക ഉദ്യോഗസ്ഥരുടെ കണ്ണുകൾ ആശ്ചര്യവും ആത്മവിശ്വാസവും കൊണ്ട് തിളങ്ങി. ശത്രുസൈന്യത്തിനു മേൽ സർവ്വനാശം വിതക്കാൻ ഇവനൊരുത്തൻ മതി. കാഠിന്യമേറിയ പുറംചട്ടയും നീളൻ പീരങ്കിക്കുഴലും അവൻ്റെ ഭീകരത പതിൻമടങ്ങ് വർദ്ധിപ്പിച്ചു.
അവനാരെന്നറിയാൻ അവൻ്റെ പേര് തന്നെ ധാരാളമായിരുന്നു!!
“ടൈഗർ 1 ”
രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും പേടിപ്പെടുത്തിയ ടാങ്ക് !
1937 മുതൽ സംഹാരശേഷി കൂടിയ പ്രധാന യുദ്ധ ടാങ്കുകളെക്കുറിച്ച് ജർമ്മൻ സൈന്യം ആലോചിച്ച് തുടങ്ങി. ഭാരമേറിയതും പ്രഹരശേഷി കൂടിയതും ടാങ്ക് വേധ ആയുധങ്ങളാൽ തകർക്കാൻ കഴിയാത്തതുമായ ഒരായുധമായിരുന്നു ലക്ഷ്യം.ജർമ്മനിയിലെ പ്രധാന ആയുധ – വാഹന നിർമ്മാണ കമ്പനികളോടെല്ലാം ഇത്തരത്തിലുള്ള ഒരായുധം നിർമ്മിക്കണമെന്ന് ജർമ്മൻ സൈന്യം ആവശ്യപ്പെട്ടു.പല കമ്പനികളും ഡിസൈൻ അവതരിപ്പിച്ചെങ്കിലും പഴയ ടാങ്കുകളിൽ നിന്നും പ്രവർത്തനശേഷിയിലോ കരുത്തിലോ വ്യത്യാസമുണ്ടായിരുന്നില്ല. യുദ്ധമാരംഭിച്ചതോടെ ഇത്തരമൊരായുധത്തിനുള്ള ധൃതി പിടിച്ചുള്ള നീക്കങ്ങൾ ജർമ്മനിയിൽ നടന്നു. റഷ്യൻ ആക്രമണത്തിനു മുൻപായി ഹെൻഷലിനോടും ഫെർഡിനാൻഡ് പോർഷെയോടും ഇത്തരത്തിൽ ശക്തിയേറിയ ടാങ്കുകൾ അടിയന്തിരമായി നിർമ്മിച്ചു നൽകണമെന്ന് സൈന്യം ആവശ്യപ്പെട്ടു. സോവിയറ്റ് T34 ടാങ്കുകളെ നേരിടുകയായിരുന്നു ലക്ഷ്യം. 1941 ആഗസ്റ്റിൽ രണ്ട് കമ്പനികളും ഡിസൈൻ അവതരിപ്പിച്ചു.കോപ്പർ അധികമായി ഉപയോഗിക്കേണ്ടി വരുന്ന പോർഷെയുടെ ഡിസൈൻ ഒഴിവാക്കി ഹെൻഷലിൻ്റെ പ്രൊജക്റ്റിന് അംഗീകാരം നൽകി.സെപ്റ്റംബറിൽ തന്നെ ആദ്യ ബാച്ച് ടാങ്കുകൾ പുറത്തിറങ്ങി.
27 അടി നീളവും 50 ടൺ ഭാരവുമുള്ള ടൈഗർ ടാങ്കിൻ്റെ ഏറ്റവും വലിയ പ്രത്യേകത 88MM ഗണ്ണും 120 MM കട്ടിയുള്ള ഉരുക്കു കവചവുമായിരുന്നു.35 മുതൽ 45 കി.മീ വരെ ആയിരുന്നു വേഗത.നീളമേറിയ പീരങ്കി കുഴലുകൾ വളരെ ദൂരത്ത് നിന്ന് ശത്രുസൈന്യത്തിൻ്റെ ടാങ്കുകളെ തകർക്കാൻ പര്യാപ്തമായിരുന്നു. കമാൻഡറും ഗണ്ണറും ലോഡറുമടക്കം 5 പേരായിരുന്നു ഒരു ടൈഗർ ടാങ്കിൻ്റെ പ്രവർത്തനത്തിനാവശ്യം.
ആദ്യമായി ലെനിൽഗ്രാഡിലെ യുദ്ധത്തിലേക്കാണ് ടൈഗർ ടാങ്കുകൾ കൊണ്ടുപോയത്. സോവിയറ്റ് T34 ടാങ്കുകൾ ടൈഗർ ടാങ്കുകളുടെ പ്രഹരമേറ്റ് തവിട് പൊടിയായി. ടാങ്ക് വേധ ആയുധങ്ങൾ വെറും കാഴ്ച്ചക്കാരായി . കുർട്ട് നിസ്പലിനെയും മൈക്കൽ വിറ്റ്മാനെയും പോലെയുള്ള ടാങ്ക് എയ്സുകൾ കൂടിയായതോടെ ടൈഗർ ടാങ്കുകൾ സഖ്യസൈന്യത്തിൻ്റെ പേടി സ്വപ്നമായി.
ഉത്തരാഫ്രിക്കയിലെ പോരാട്ടത്തിൽ ടൈഗർ ടാങ്കുകൾ സർവ്വനാശം വിതച്ചു. ഒരു ടൈഗർ ടാങ്കിനെ തകർക്കാൻ ഇരുപതോളം ടാങ്കുകൾ വേണമെന്ന അവസ്ഥയായി! തങ്ങളുടെ വിശ്വസ്തനായ ചർച്ചിൽ ടാങ്കിൽ നിന്നുള്ള ഷെല്ലുകൾ ടൈഗർ ടാങ്കിൻ്റെ പുറംചട്ടയിൽ കൊണ്ട് തെറിച്ചു പോകുന്നത് കണ്ട ബ്രിട്ടീഷ് സൈനികർ അമ്പരന്നു പോയി.ടാങ്ക് യുദ്ധത്തിൻ്റെ കൈലാസമായ ‘ബാറ്റിൽ ഓഫ് കുർസ്ക്ക് ‘ൽ ടൈഗർ ടാങ്കുകൾ അരങ്ങു തകർത്തു. എണ്ണത്തിൽ വളരെ മുന്നിലായിരുന്ന സോവിയറ്റ് ടാങ്കുകളെ ടൈഗർ ടാങ്കുകൾ സമർത്ഥമായി നേരിട്ടു. ഒരു ടൈഗർ ടാങ്കിന് ശരാശരി 8 T34 ടാങ്ക് എന്നതായിരുന്നു കണക്ക്. ഫ്രാൻസ് സ്റ്റോഡഗ്ഗർ എന്ന ജർമ്മൻ ടാങ്ക് എയ്സ് തൻ്റെ ഒരു ടൈഗർ ടാങ്ക് കൊണ്ട് 50 സോവിയറ്റ് T34 ടാങ്കിനെ നേരിട്ടത് കുർസ്ക്കിലെ പോരാട്ടത്തിലായിരുന്നു. ആ പോരാട്ടത്തിലെ വിജയത്തിന് ഹിറ്റ്ലർ സ്റ്റോഡഗ്റെ നേരിട്ടു വിളിച്ചു വരുത്തി അഭിനന്ദിക്കുകയും ചെയ്തിരുന്നു. വളരെ ദൂരത്ത് നിന്നും ശക്തമായി പ്രഹരിക്കാനുള്ള കഴിവായിരുന്നു ടൈഗർ ടാങ്കിൻ്റെ പ്രത്യേകത. 3 കി.മീ ദൂരത്ത് നിന്ന് തൻ്റെ ടൈഗർ ടാങ്കുപയോഗിച്ച് കുർട്ട് നിസ്പൽ T34 ടാങ്കിനെ തകർത്തത് രണ്ടാം ലോകമഹായുദ്ധത്തിലെ റെക്കോർഡായിരുന്നു. എന്നാൽ അകലം കുറയുംതോറും ടൈഗർ ടാങ്കുകുടെ പ്രഹര ശേഷി കുറയുകയും ചെയ്തിരുന്നു. നോർമാൻഡിയിലും ബാറ്റിൽ ഓഫ് ബൾജിലും സഖ്യശക്തി സൈന്യത്തിൻ്റെ പ്രധാന എതിരാളി ടൈഗർ ടാങ്കുകളായിരുന്നു. അമേരിക്കൻ ഷെർമാൻ ടാങ്കുകൾ ടൈഗറിനു മുന്നിൽ വിയർത്തു. 1 ടൈഗറിന് 5 ഷെർമാൻ എന്നതായിരുന്നു കണക്ക്! മൈക്കൽ വിറ്റ്മാനെയും ഓട്ടോ കാരിയസിനെയും പോലുള്ളവരുടെ കഴിവുകൾ കൂടി ചേർന്നതോടെ സഖ്യസൈനികരുടെ കാലനായി ടൈഗർ മാറി.
ടൈഗർ ടാങ്കുകളെ തകർക്കുവാനായി മാത്രം സഖ്യശക്തി രാജ്യങ്ങളിൽ പ്രത്യേകം റിസർച്ചുകൾ നടന്നു. അമേരിക്കയും ബ്രിട്ടണും ശക്തി കൂടിയ ടാങ്ക് വേധ ആയുധങ്ങൾ നിർമ്മിച്ചു. അപ്പോഴേക്കും ജർമ്മനി ടൈഗറിൻ്റെ രണ്ടാം പതിപ്പായ കിംഗ് ടൈഗർ 2 പുറത്തിറക്കി. സോവിയറ്റ് യൂണിയനാകട്ടെ T34 ടാങ്കുകളുടെ നിർമ്മാണം വേഗത്തിലാക്കിയാണ് ടൈഗറിനെ പ്രതിരോധിച്ചത്. ‘Quantity has always edge over quality’ എന്നതായിരുന്നു സ്റ്റാലിൻ്റെ നിലപാട്.
എന്നാൽ രണ്ടാം ലോകയുദ്ധത്തിലെ ഏറ്റവും മികച്ച ടാങ്കായി ടൈഗർ കണക്കാക്കപ്പെടുന്നില്ല. ധാരാളം പോരായ്മകൾ ടൈഗറിനുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധത്തിലെ ജർമ്മൻ പരാജയത്തിൻ്റെ കാരണങ്ങളിലൊന്നായി പറയപ്പെടുന്ന ‘ഓവർ എൻജിനീറിംഗ് ‘ ആയിരുന്നു അതിൽ പ്രധാനം.വളരെ ലളിതമായി ചെയ്യാവുന്ന കാര്യങ്ങൾ ജർമ്മൻ എൻജിനീയർമാർ സങ്കീർണ്ണമാക്കി തീർക്കുമായിരുന്നു. ടൈഗർ ടാങ്കിന് സംഭവിക്കുന്ന കേടുപാടുകൾ യുദ്ധഭൂമിയിൽ പരിഹരിക്കുക സൈനികർക്ക് ദുഷ്ക്കരമായിരുന്നു.ഇന്ധനക്ഷമതയും വളരെ കുറവായിരുന്നു ടൈഗർ ടാങ്കിന് .യുദ്ധത്തിൻ്റെ അവസാന ഘട്ടമായപ്പോഴേക്കും സഖ്യസൈന്യത്തിൻ്റെ ബോംബിംഗിൽ ജർമ്മനിയുടെ എണ്ണ ഫാക്ടറികൾ തകർന്നതോടെ ടൈഗർ ടാങ്കുകൾ പലതും നിശ്ശബ്ദമായി. പലതും ശത്രുസൈന്യത്തിൻ്റെ കയ്യിൽ പെടാതിരിക്കാൻ ജർമ്മൻ സൈനികർക്ക് തന്നെ നശിപ്പിക്കേണ്ടി വന്നു.ചെളിയിലും മഞ്ഞിലും വേഗത കുറയുന്നത് കൊണ്ട് റഷ്യയിൽ പലപ്പോഴും ഡിഫൻസീവ് യുദ്ധത്തിനാണ് ടൈഗർ ഉപയോഗിച്ചത്. മുന്നേറുമ്പോൾ ടൈഗറിന് കാവലായി പാൻഥറും പാൻസർ ടാങ്കുകളും പോകേണ്ടി വന്നു.
മറ്റൊന്ന് വളരെക്കൂടിയ നിർമ്മാണ ചിലവായിരുന്നു.70000 T34 ടാങ്കുകൾ സോവിയറ്റ് യൂണിയൻ നിർമ്മിച്ചപ്പോൾ ജർമ്മനി നിർമ്മിച്ച ടൈഗർ ടാങ്കുകളുടെ എണ്ണം വെറും 1800 ആയിരുന്നു.യുദ്ധത്തിൻ്റെ അവസാന ഘട്ടത്തിൽ ആവശ്യത്തിന് ടെസ്റ്റിംഗ് നടത്താതെ യുദ്ധഭൂമിയിൽ എത്തിയ ടൈഗർ ടാങ്കുകൾ പലതും പാതിവഴിയിൽ പ്രവർത്തനം നിർത്തി.ശത്രുസൈന്യത്തിൻ്റെ ആക്രമണത്തിൽ തകർന്നതിനേക്കാൾ കൂടുതൽ ടൈഗർ ടാങ്കുകൾ ഇന്ധനമില്ലാതെയും മറ്റ് കേടുപാടുകൾ കൊണ്ടും നശിച്ചു.
എന്നാൽ ടൈഗർ ടാങ്കുകളോട് നേരിട്ട് ഏറ്റുമുട്ടുക എന്നത് സഖ്യശക്തികൾക്ക് സ്വയം ശവക്കുഴി തോണ്ടലായിരുന്നു .ഏറ്റുമുട്ടലുകളിൽ ശരാശരി ഒരു ടൈഗർ ടാങ്ക് ശത്രുസൈന്യത്തിൻ്റെ 11 ടാങ്കുകൾ തകർത്തു എന്നാണ് വിലയിരുത്തുന്നത്. ഒരു ടൈഗർ ടാങ്കുമായി പോയി ജർമ്മൻ സൈനികർ പല പട്ടണങ്ങളും പിടിച്ചെടുക്കുമായിരുന്നു. ഈ കണക്ക് തന്നെയാണ് രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും ഭയപ്പെടുത്തിയ ടാങ്കായി ടൈഗറിനെ മാറ്റിയത്.
7 ടൈഗർ ടാങ്കുകൾ മാത്രമാണ് ഇന്ന് ലോകത്ത് അവശേഷിക്കുന്നത്. അതിൽ പ്രവർത്തന ക്ഷമമായത് ഒരെണ്ണം മാത്രം. ആഫ്രിക്കൻ പോരാട്ടത്തിൽ ബ്രിട്ടൺ പിടിച്ചെടുത്ത ടൈഗർ131 ബ്രിട്ടീഷ് ടാങ്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
സാങ്കേതികമായി മികച്ച പുതിയ തലമുറ ടാങ്കുകൾ പലതും പുറത്തിറങ്ങിയെങ്കിലും ടൈഗർ ടാങ്കിൻ്റെ സ്റ്റാർട്ടിംഗ് സൗണ്ട് ഇന്നും ലോകത്തെ ഭയപ്പെടുത്തുന്നു.
Discussion about this post