അസാധാരണമായ ചങ്കൂറ്റം .. മരണത്തെ വെല്ലുവിളിച്ച് കാർഗിൽ കുന്നുകൾ കയറിയിറങ്ങി ശത്രുവിനെ തകർത്തുകളഞ്ഞ പോരാട്ടവീര്യം .. എതിരാളികൾക്കിടയിൽ പോലും ഷെർഷ അഥവാ സിംഹം എന്നറിയപ്പെട്ട കരുത്തൻ .. ക്യാപ്ടൻ വിക്രം ബത്ര – ദ ഷെർഷ ഓഫ് കാർഗിൽ
1997 ലാണ് വിക്രം ബത്ര ജമ്മു ആൻഡ് കശ്മീർ റൈഫിൾസിൽ ലെഫ്റ്റനന്റായി ചേരുന്നത് 1999 ൽ കാർഗിൽ കുന്നുകൾ പിടിച്ചടക്കിയ പാക് സൈനികരെ രാജ്യത്തിന്റെ മണ്ണിൽ നിന്ന് തുരത്താൻ അനേകം ധീരസൈനികരിൽ ഒരാളായി ബത്രയും കാർഗിലിലേക്ക് കുതിച്ചു. പോരാട്ടഭൂമിയിൽ വച്ച് ബത്രയെ ക്യാപ്ടനായി സൈന്യം പ്രഖ്യാപിച്ചിരുന്നു.
പതിനേഴായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ പോയിന്റ് 5140 കുന്ന് തിരിച്ചു പിടിക്കാൻ ക്യാപ്ടൻ സഞ്ജീവ് ജംവാളിനേയും ക്യാപ്ടൻ വിക്രം ബത്രയേയുമാണ് നിയോഗിച്ചത്. ടോലോലിംഗ് മലനിരയിലെ ഈ പ്രധാന പോയിന്റ് നഷ്ടപ്പെട്ടാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പായിരുന്നു.
പോയിന്റ് 5140 യിൽ പതിയിരിക്കുന്ന ശത്രുക്കളെ പിന്നിൽ കൂടി കയറി ആക്രമിക്കാനായിരുന്നു ബത്രയുടെ പദ്ധതി. ഇരുട്ടിന്റെ മറവിൽ ദുർഘടമായ വഴിയിലൂടെ ബത്രയും സംഘവും പതിയെ ലക്ഷ്യസ്ഥാനത്തേക്ക് കയറി. കമാൻഡോ ഇൻസ്ട്രക്ടറായിരുന്ന ബത്ര തന്റെ സംഘത്തിലെ ഒരാളെപ്പോലും നഷ്ടപ്പെടുത്താൻ ഒരുക്കമായിരുന്നില്ല.
ശത്രുവിന്റെ ബങ്കറിന് സമീപമെത്തിയ ബത്ര അവർക്ക് നേരേ രണ്ട് ഗ്രനേഡുകളെറിഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ മൂന്ന് ശത്രുക്കളെ നേരിട്ടുള്ള യുദ്ധത്തിൽ ഇല്ലാതാക്കി. ഇതിനിടയിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കുപറ്റി. അസാമാന്യ ധീരതയോടെ പോരാട്ട ഭൂമിയിൽ നിലയുറപ്പിച്ച ബത്രയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇരമ്പിക്കയറിയ ഇന്ത്യൻ സൈനികർ ബങ്കർ തകർത്ത് എല്ലാ ശത്രുക്കളേയും വധിച്ചു. അങ്ങനെ പോയിന്റ് 5140 രാജ്യം തിരിച്ചു പിടിച്ചു. ശത്രുവിന്റെ മെഷീൻ ഗണ്ണ് ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു. രാജ്യത്ത് വിക്രം ബത്രയെന്ന യുവസൈനികൻ ആവേശമായി. യെ ദിൽ മാംഗെ മോർ – എന്റെ ഹൃദയം കൂടുതൽ ആഗ്രഹിക്കുന്നു എന്ന പരസ്യ വാചകം അദ്ദേഹം പറയുന്നത് രാജ്യം അഭിമാനത്തോടെ കേട്ടു നിന്നു.
https://www.facebook.com/BraveIndiaVideo/posts/181218500025988
5140 പിടിച്ചതോടെ കാർഗിൽ കുന്നുകളിലെ പ്രധാനപ്പെട്ട നിരവധി പോയിന്റുകൾ ഇന്ത്യൻ സൈന്യം തിരിച്ചു പിടിച്ചു. ശത്രു സൈനികർക്കിടയിൽ വിക്രം ബത്രയുടെ സിംഹപരാക്രമം ചർച്ചയായി. ഷെർഷ എന്ന് അയാൾ അവർക്കിടയിൽ പോലും വിളിക്കപ്പെട്ട് തുടങ്ങി.
രണ്ടാഴ്ച്ചയ്ക്ക് ശേഷം പോയിന്റ് 4875 പിടിക്കാൻ ബത്രയും സംഘവും നിയോഗിക്കപ്പെട്ടു.
അതികഠിനമായ കാലാവസ്ഥ, മുകളിൽ പതിയിരിക്കുന്ന മരണം .. ദുർഘടം പിടിച്ച വഴികൾ .. ഇതൊന്നും ആ ദേശഭക്തർക്ക് തടസ്സമേ ആയിരുന്നില്ല . പൂർണമായും പരിക്കിൽ നിന്ന് മുക്തനായില്ലെങ്കിലും ബത്ര നേരിട്ട് തന്നെ സംഘത്തെ നയിച്ചു. വിശ്രമിക്കാനുള്ള സ്നേഹപൂർവ്വമായ ശാസനകളൊന്നും ആ ധീരദേശാഭിമാനിയെ പിന്തിരിപ്പിച്ചില്ല. ഓപ്പറേഷനിറങ്ങുന്നതിനു മുൻപ് ബത്ര അച്ഛനെ വിളിച്ചു. ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ.. ഒന്നുകിൽ ഞാൻ ത്രിവർണ പതാക ഉയർത്തി തിരിച്ചു വരും. അല്ലെങ്കിൽ അത് പുതച്ച് തിരിച്ചു വരും.
ശത്രു സൈന്യത്തിന്റെ ബങ്കറുകൾക്ക് അടുത്തെത്തിയ ബത്രയും സൈനികരും അസാധാരണമായി പോരാടി. മുൻതൂക്കം ശത്രുവിനായിരുന്നെങ്കിലും ഒന്നൊന്നായി ശത്രു ബങ്കറുകൾ തകർത്ത് അവർ മുന്നേറി . തകർക്കാൻ ഇനി ഒരു ബങ്കർ മാത്രം .
പിടിച്ചെടുത്ത ഒരു ബങ്കറിന് സമീപം നിന്ന് ഇന്ത്യൻ സൈന്യം ആക്രമണം ആരംഭിച്ചു. ശത്രു സൈന്യവും ശക്തമായി പ്രത്യാക്രമണം നടത്തി. പ്രതിരോധത്തിനായി ഒഴിഞ്ഞ ബങ്കറിലേക്ക് മാറുന്നതിനിടയിൽ കൂടെയുള്ള സൈനികന് വെടിയേൽക്കുന്നത് ബത്ര കണ്ടു. അതിനോടകം ബങ്കറിനുള്ളിലെത്തിയ അദ്ദേഹം സൈനികനെ രക്ഷിക്കാൻ പുറത്തേക്ക് കുതിച്ചു. പോകരുതെന്ന് അലമുറയിട്ടിട്ടും ആ ധീരൻ അത് അവഗണിച്ച് സൈനികനെ രക്ഷിച്ചു. പക്ഷേ ശത്രുവിന്റെ ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ നെഞ്ചിലേറ്റു..
പരിക്കുപറ്റിയെങ്കിലും കാർഗിലിലെ സിംഹം പതറിയില്ല.. ആക്രമിക്കാൻ നിർദ്ദേശിക്കുകയായിരുന്നില്ല .. അലറുകയായിരുന്നു. ക്യാപ്ടന് വെടിയേറ്റതു കണ്ട ജമ്മുകശ്മീർ റൈഫിൾസിലെ പോരാളികൾ ദുർഗാ മാതാ കീ ജയ് എന്ന് ആർത്തട്ടഹസിച്ച് അവസാന കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി ശത്രുസൈന്യത്തെ തകർത്തെറിഞ്ഞു..
രാജ്യം പോയിന്റ് 4875 പിടിച്ചെടുത്തു.. അത് കൺകുളിർക്കെ കണ്ട് ക്യാപ്ടൻ വിക്രം ബത്രയെന്ന ധീര സൈനികൻ അന്ത്യശ്വാസം വലിച്ചു. കാർഗിലിലെ ഏറ്റവും മഹത്തായ ബലിദാനങ്ങളിൽ ഒന്ന്.
മകന്റെ വീരോചിതമായ പോരാട്ടത്തിന് രാജ്യം നൽകിയ ആദരവ് , ഏറ്റവും വലിയ സൈനിക ബഹുമതിയായ പരം വീർ ചക്ര വിക്രം ബത്രയുടെ പിതാവ് 1999 ഓഗസ്റ്റ് 15 ന് രാഷ്ട്രപതി കെ.ആർ നാരായണനിൽ നിന്ന് ഏറ്റുവാങ്ങി .
ധീരനായി ജീവിച്ചു – രാജ്യത്തിനു വേണ്ടി വീരനായി ബലിദാനം ചെയ്തു – ഇന്നും ദേശാഭിമാനമുള്ള യുവതലമുറയുടെ പ്രചോദനം – ക്യാപ്ടൻ വിക്രം ബത്ര -ദ ഷേർഷ ഓഫ് കാർഗിൽ
Discussion about this post