യുദ്ധത്തിനിടയിൽ എതിരാളിയുടെ വ്യോമതാവളങ്ങളും സൈനിക ക്യാമ്പുകളും ആക്രമിക്കാൻ സ്പെഷ്യൽ ഫോഴ്സിനെ നിയോഗിക്കുക എന്നത് എല്ലാ രാജ്യങ്ങളും ചെയ്യുന്ന നീക്കങ്ങളിൽ ഒന്നാണ്. 1965 ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ ഇതേരീതിയിൽ ആക്രമിക്കാൻ ശ്രമിച്ച പാകിസ്താന് കിട്ടിയത് വലിയ തിരിച്ചടിയായിരുന്നു. ഈ തിരിച്ചടികൾ ചരിത്രത്തിലുള്ളപ്പോഴാണ് ഇന്ത്യയെ തോൽപ്പിക്കുമെന്ന് പാകിസ്താൻ വീരവാദം മുഴക്കുന്നത്.
1965 സെപ്റ്റംബർ 6-7 തീയതികളിലായിരുന്നു പാകിസ്താന്റെ സ്പെഷ്യൽ ആക്രമണം. പഞ്ചാബിലെ മൂന്ന് വ്യോമസേന താവളങ്ങൾ ആക്രമിക്കാനായിരുന്നു പദ്ധതി. പത്താൻ കോട്ട്, ഹൽവാര. ആദംപൂർ എന്നിവയായിരുന്നു പാക് സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് കമാൻഡോകളുടെ ലക്ഷ്യം. ഇതിനായി 180 കമാൻഡോകളെ എയർ ഡ്രോപ്പ് ചെയ്തു. സി-130 ഹെർകുലീസിൽ എത്തിച്ച കമാൻഡോകളെ 60 പേർ വീതമുള്ള മൂന്നു ഗ്രൂപ്പുകളായിട്ടായിരുന്നു എയർഡ്രോപ്പ് ചെയ്തത്. മൂന്ന് വ്യോമസേന താവളങ്ങളും പിടിച്ചടക്കുമെന്ന് പ്രതീക്ഷിച്ച പാക് സൈനിക നേതൃത്വത്തിന് പക്ഷേ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.
പാക് കമാൻഡോകൾ ലാൻഡ് ചെയ്തത് രാജ്യത്തെ രക്ഷിക്കാൻ ജാഗ്രതയോടെ നിലകൊണ്ട പഞ്ചാബിലെ ഗ്രാമീണർക്കിടയിലേക്കായിരുന്നു . എൻ.സി.സി കേഡറ്റുകളും ഗ്രാമീണരും സ്പെഷ്യൽ ഗ്രൂപ്പ് കമാൻഡോകളെ കല്ലും വടിയുമെല്ലാമായി നേരിട്ടു. ലാൻഡ് ചെയ്ത 180 പേരിൽ 22 പേരെ അവർ തല്ലിക്കൊന്നു. 138 പേരെ പിടികൂടി. 20 പേർക്ക് മാത്രമാണ് രക്ഷപ്പെട്ട് പാകിസ്താനിലെത്താൻ കഴിഞ്ഞത്. വ്യോമസേന താവളങ്ങൾ ആക്രമിക്കപ്പെട്ടിരുന്നെങ്കിൽ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിട്ടേനെ. ദേശാഭിമാനമുള്ള ജനത ഒറ്റക്കെട്ടായി നിലയുറപ്പിച്ചതോടെ പാകിസ്താന്റെ വലിയ പദ്ധതിയാണ് പൊളിഞ്ഞത്.
Discussion about this post