ഇന്ത്യ – ചൈന സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. ഇന്ത്യ ചൈനീസ് അതിർത്തി കടന്നു കയറിയെന്നും ചൈനയുടെ പ്രദേശങ്ങൾ അധീനതയിലാക്കിയെന്നുമൊക്കെ വാർത്തകൾ നിരന്തരം പ്രചരിക്കുന്നുണ്ട്. ചിലതെല്ലാം സത്യവും മറ്റ് ചിലത് അർദ്ധ സത്യങ്ങളും ഇനിയും ചിലത് പൂർണമായും തെറ്റുമാണ്.
ഇന്ന് രാവിലെ മുതൽ പ്രചരിക്കുന്ന വാർത്ത കൈലാസ് മാനസരോവറിന്റെ വലിയൊരു ഭാഗം ഇന്ത്യൻ സൈന്യം പിടിച്ചടക്കി എന്നാണ്. പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിൽ എത്തിയപ്പോഴേക്കും കൈലാസം മുഴുവൻ ഇന്ത്യ പിടിച്ചടക്കിയെന്നുമായി തീർന്നിട്ടുണ്ട്. എന്നാൽ ഇത് പൂർണമായും തെറ്റാണ്.
നിലവിലെ സാഹചര്യത്തിൽ കൈലാസവും മാനസരോവറുമൊക്കെ പിടിച്ചടക്കണമെങ്കിൽ അത് സമ്പൂർണ യുദ്ധത്തിലൂടെ മാത്രമേ സാദ്ധ്യമാകുകയുള്ളൂ. ഇത്രയും പിടിച്ചാൽ അതിനർത്ഥം ടിബറ്റ് ഇന്ത്യ പിടിച്ചു എന്നാണ്. വലിയൊരു യുദ്ധത്തിലൂടെ ചൈനീസ് സൈന്യത്തെ വലിയൊരളവ് പിറകോട്ട് തള്ളിയാലല്ലാതെ അത് സാദ്ധ്യമാവുകയില്ല. അങ്ങനെയൊരു വലിയ യുദ്ധം ഇതുവരെ നടന്നിട്ടുമില്ല.
പാംഗോംഗ്സോ വരെ നീണ്ടു കിടക്കുന്ന കൈലാസ് മാനസരോവർ പർവ്വത നിരകളുടെ കിഴക്കേ അറ്റത്തെ തന്ത്രപ്രധാനമായ കുന്നുകളാണ് നാം പിടിച്ചത്. അത് ചൈനയുടെ കയ്യിൽ ആയിരുന്നതാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കുന്ന വിധത്തിൽ റിപ്പോർട്ട് വന്നിട്ടില്ല. എങ്കിലും നേരത്തെ നമുക്ക് സൈനിക പോസ്റ്റുകളോ സേനാ വിന്യാസമോ ഇല്ലാത്ത പ്രദേശത്താണ് നമ്മുടെ സൈന്യം ഇപ്പോൾ എത്തിയിട്ടുള്ളത്. തന്ത്രപ്രധാനമായ ഈ പ്രദേശത്തിരുന്ന് മേഖലയിലെ ചൈനയുടെ നീക്കങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അത് ഇന്ത്യക്ക് ഒരു മേൽക്കൈ നൽകിയിട്ടുമുണ്ട്. എന്നാൽ കൈലാസ് മാനസരോവറിന്റെ പ്രധാനപ്പെട്ട ഭാഗം ഇന്ത്യ പിടിച്ചടക്കി എന്നത് തെറ്റായ വാർത്തയാണെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ വച്ച് മനസ്സിലാക്കാൻ കഴിയുന്നത്.
Discussion about this post